‘എഴുതിത്തീരാത്ത ഒരായിരം കഥകളുടെ ലോകത്തേക്ക് മടങ്ങിപ്പോയ ഗന്ധർവൻ’; ഓർമകളില്‍ പത്മരാജൻ..!
പപ്പേട്ടന് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മലയാളികളുടെ സ്വന്തം പി. പത്മരാജന്. കാലാധീതമായ പ്രമേയങ്ങളുമായി സിനിമകള്‍ സൃഷ്ടിച്ചുകൊണ്ട് പ്രേക്ഷകമനസില്‍ ഇടംപിടിച്ച സംവിധായകന്. സാഹിത്യ ലോകത്തുനിന്നും വെള്ളിത്തിരയില്‍ കാലുറപ്പിച്ച എക്കാലത്തെയും മികച്ച സംവിധായകന്.. അനശ്വര പ്രണയങ്ങളുടെ രചയിതാവ്.. അങ്ങനെ കൈവെച്ച മേഖലകളിലെല്ലാം വിസ്മയിപ്പിച്ച അസാമാന്യ പ്രതിഭ.. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് പി പത്മരാജന്… ( Remembering legend writer and director P Padmarajan )
1945 മേയ് 23-ന് ആലപ്പുഴയിലെ മുതകുളത്ത് ഞവരയ്ക്കല്‍ തറവാട്ടില്‍ തുണ്ടത്തില്‍ അനന്തപത്മനാഭ പിള്ളയുടേയും ഞവരയ്ക്കല്‍ ദേവകിയമ്മയുടേയും മകനായി ജനനം. മുതുകുളത്ത് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി തിരുവനന്തപുരം മഹാത്മഗാന്ധി കോളജില്‍ ചേര്‍ന്നു. കോളജില്‍ പഠിക്കുന്ന കാലത്താണ് പത്മരാജന് എഴുത്തിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ലോല എന്ന കഥയാണ് അദ്ദേഹം ആദ്യമായി പൂര്‍ത്തിയാക്കിയ കഥ. മനുഷ്യന്റെ ഇരട്ട ജീവിതവും പ്രണയ വിരഹങ്ങളും വിപ്ലവവും അസ്തിത്വപ്രതിസന്ധിയുമൊക്കെയായിരുന്നു പത്മരാജന്റെ രചനകളില്‍ പ്രതിഫലിച്ചിരുന്നത്.
‘വീണ്ടും കാണുക എന്നതൊന്ന് ഉണ്ടാവില്ല…. നീ മരിച്ചതായി ഞാനും… ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക…. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക….’ മലയാളി വായനക്കാര്‍ മറക്കാനിടയില്ലാത്ത മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ലോലയിലെ വരികളാണിത്. ശക്തമായ ഭാഷയും വായനക്കാരെ പിടിച്ചിരുത്തുന്ന ഒഴുക്കും പത്മരാജന് കഥകളുടെ പ്രത്യേകതയായിരുന്നു. സ്വന്തം തിരക്കഥയായ പെരുവഴിയമ്പലം എന്ന നോവല്‍ സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമ സംവിധാന രംഗത്തേക്ക് കടന്നുവന്നത്.
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, കള്ളന് പവിത്രന്, ഒരിടത്തൊരു ഫയല്വാന്, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍, നവംബറിന്റെ നഷ്ടം, തൂവാനത്തുമ്പികള്‍, അപരന്, മൂന്നാം പക്കം, ഇന്നലെ, ഞാന്‍ ഗന്ധര്വന് എന്നിങ്ങനെ ഒരു പിടി മികച്ച ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങി. കരിയറില്‍ പതിനെട്ടോളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇതാ ഇവിടെവരെ, രതിനിര്‍വേദം, വാടകയ്ക്ക് ഒരു ഹൃദയം, സത്രത്തില്‍ ഒരു രാത്രി, രാപ്പാടികളുടെ ഗാഥ, നക്ഷത്രങ്ങളെ കാവല്‍, തകര, കൊച്ചു കൊച്ചു തെറ്റുകള്‍, ശാലിനി എന്റെ കൂട്ടുകാരി, ലോറി, കരിമ്പിന് പൂവിന്നക്കരെ, ഒഴിവുകാലം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്നിവ പത്മരാജന്റെ തിരക്കഥകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്.
ഇതുപോലൊരു ജനുവരി മാസത്തില്‍ ഒരു കഥ പാതിയില്‍ പറഞ്ഞ് നിര്‍ത്തിക്കൊണ്ടാണ് പപ്പേട്ടന് ലോകത്തോട് വിടപറയുന്നത്. ഹ്രസ്വമായ 46 വര്‍ഷത്തെ ജീവിതത്തിനിടയില്‍, മലയാളികള്‍ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന നിരവധി ചലച്ചിത്രങ്ങള്‍, വായിക്കാന്‍ കൊതിക്കുന്ന എഴുത്തുകളും സമ്മാനിച്ചാണ് മടക്കം.. മലയാളികള്‍ എന്നെന്നും ഓര്‍ത്തുവയ്ക്കുന്ന ഗന്ധര്വ്വന് വിടവാങ്ങിയിട്ട് ഇന്നേക്ക് 33 വര്‍ഷങ്ങള്‍…
Story highlights : Remembering legend writer and director P Padmarajan