‘ആടുജീവിതത്തിന്റെ ഒരോ ഫ്രെയ്മുകളും വൈകാരികത നിറഞ്ഞത്’- റസൂൽ പൂക്കുട്ടി

January 29, 2024

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാള സിനിമയെ ലോകസിനിമയുടെ നെറുകയില്‍ എത്തിക്കാന്‍ പാകത്തിനുള്ള പ്രമേയവുമായിട്ടാണ് ‘ആടുജീവിതം’ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ( Resul Pookutty about Aadujeevitham movie )

ബ്ലസിയും പൃഥ്വിരാജും ഒന്നിക്കുന്ന ആടുജീവിതം ഏപ്രില്‍ 10-നാണ് റിലീസ്. വലിയ പ്രതീക്ഷകളോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ മേഖലകളിലും പ്രഗത്ഭരായ ആളുകളാണ് അണിനിരക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ചുമതല വഹിക്കുന്നത്. ഇപ്പോള്‍ ആടുജീവിതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു എക്‌സ് പോസ്റ്റാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

ചിത്രത്തിന്റെ സൗണ്ട് മിക്‌സിങ് ജോലികള്‍ നടക്കുന്ന സ്റ്റുഡിയോയില്‍ നിന്നുള്ള ഒരു ചെറിയ വീഡിയോയ്‌ക്കൊപ്പമാണ് റസൂല്‍ പൂക്കൂട്ടിയുടെ പോസ്റ്റ്. വീഡിയോയില്‍ ചിത്രത്തിന്റെ സൗണ്ട് ട്രാക്കും കേള്‍ക്കാനാകുന്നുണ്ട്. ‘ആടുജീവിതം പൂര്‍ണരൂപത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മഹാനായ എ.ആര്‍ റഹ്‌മാന്‍ മുതല്‍ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ബ്ലെസി വരെ.. ഓരോ ഫ്രെയ്മുകളും വൈകാരികത നിറഞ്ഞതാണ്. പൃഥ്വിരാജിനും അമല പോളിനും ആശംസകള്‍’- വീഡിയോയ്‌ക്കൊപ്പം റസൂല്‍ പൂക്കുട്ടി എക്‌സില്‍ കുറിച്ചു.

Read Also : ‘വാലിബൻ’ ചർച്ചകൾക്കിടയിൽ വരവറിയിച്ച് ‘ഭ്രമയുഗം’; മമ്മൂട്ടിയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ..!

വില്‍പ്പനയില്‍ റെക്കോഡുകള്‍ തീര്‍ത്ത ബെന്യാമീനിന്റെ ജനപ്രിയ നോവലിന്‍രെ ചലച്ചിത്രാവിഷ്‌കാരം എന്നതുതന്നെയാണ് ആടുജീവിതത്തിന് ഇത്രയും പ്രാധാന്യം നല്‍കിയത് എന്നതില്‍ സംശയമില്ല. അതോടൊപ്പം തന്നെ ചിത്രത്തിന്റെ സംവിധായകനും പ്രധാന കഥാപാത്രമായ നജീബായി വേഷമിടുന്നത് ആരെന്നുമെല്ലാം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരുന്നത്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു.

Story highlights : Resul Pookutty about Aadujeevitham movie