സെനഗലിന്റെ അനുഗ്രഹീത ഫുട്‌ബോളർക്ക് മംഗല്യം; പ്രണയിനിയെ ജീവിതയാത്രയിൽ കൂടെക്കൂട്ടി സാദിയോ മാനേ

January 9, 2024

കാല്‍പന്തുകളിയില്‍ സെനഗലിന്റെ പ്രശസ്തി വാനോളമുയര്‍ത്തിയ അനുഗ്രഹീത ഫുട്‌ബോളര്‍ സാദിയോ മാനേ വിവാഹിതനായി. ദീര്‍ഘകാല പ്രണയിനിയായിരുന്ന ഐഷ താംബയെയാണ് സൂപ്പര്‍ താരം ജീവിതത്തില്‍ കൂടെക്കൂട്ടിയത്. സെനഗലിലെ ധാക്കറിലെ കെയുര്‍ മസാറിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. ( Sadio Mane marries longtime partner Aisha Tamba )

താന്‍ ജനിച്ചുവളര്‍ന്ന സെനഗലിലെ ബാംബാലിയില്‍ സ്റ്റേഡിയം നിര്‍മിച്ചുനല്‍കുമെന്ന വാഗ്ദാനം നിറവേറ്റിയ ശേഷമാണ് മാനേ വിവാഹിതനായത്. തന്റെ ഫുട്‌ബോള്‍ യാത്രയ്ക്ക് തുടക്കമിട്ട ഈ മൈതാനം സെനഗലിലെ ഫുട്‌ബോള്‍ താരങ്ങള്‍ക്കായി പുതുക്കുപണിയുമെന്ന വാഗ്ദാനമാണ് പാലിച്ചത്. ഇതോടെ സെനഗല്‍ ജനതയ്ക്ക് ഇരട്ട ആഘോഷമാണ്.

ചെറുപ്പം മുതല്‍ തന്നെ മാനെയുമായി ഐഷ ഇഷ്ടത്തിലായിരുന്നു. സെനഗലിലെ കസാമാന്‍ക സ്വദേശിനിയാണ് ഐഷ താംബ. ഇരുവരും മദിംഗ്വെ ഭാഷ സംസാരിക്കുന്നവരുമാണ്. ഐഷയുടെ പഠനകാലത്തുതന്നെ അവളുടെ ചെലവുകളെല്ലാം മാനേയാണ് വഹിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് തവണ ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ മാനേ, തന്റെ വ്യക്തിജീവിതം മാധ്യമങ്ങളില്‍നിന്നുള്‍പ്പെടെ മറച്ചുപിടച്ചാണ് മുന്നോട്ടുപോയിരുന്നത്. വളരെ ലളിതമായ ചുറ്റുപാടുകളില്‍ വളര്‍ന്ന ഐഷ സമൂഹ മാധ്യമങ്ങളില്‍നിന്ന് വിട്ടുനിന്നതും പ്രണയം സ്വകാര്യമായി സൂക്ഷിക്കാന്‍ മാനെയെ സഹായിച്ചു.

ലോകമറിയുന്ന ഫുട്‌ബോളര്‍ എന്നതിലുപരി, മികച്ചൊരു മനുഷ്യസ്‌നേഹി കൂടിയാണ് മാനെ. സെനഗലില്‍ സ്‌കൂളുകളും ആശുപത്രികളും പണികഴിപ്പിക്കാന്‍ വലിയ സഹായങ്ങളാണ് മാനെ ചെയ്തുകൊടുക്കുന്നത്. ഫുട്‌ബോളില്‍ നിന്ന് നേടിയതെല്ലാം സ്വന്തം നാടിന്റെ ഉന്നമനത്തിനായി ചെലവഴിക്കുന്ന ഒരാളാണ് സാനെ. സെനഗലിലെ ദരിദ്ര മേഖലകളിലെ ഓരോ കുടുംബത്തിനും പ്രതിമാസം 6,000 രൂപ വീതമാണ് മാനെയുടെ ചാരിറ്റി ഫണ്ടില്‍ നിന്ന് നല്‍കുന്നത്. ഒപ്പം സെനഗലിലെ ഒരു ദരിദ്ര ഗ്രാമത്തെ പൂര്‍ണമായും ദത്തെടുത്തിട്ടുമുണ്ട് ഈ മനുഷ്യസ്‌നേഹി.

Read Also : ‘അവരാഗ്രഹിച്ച പോലെ വെള്ളമുണ്ടും വെള്ള ഷർട്ടുമിട്ട് ഞാൻ വന്നു’; കലോത്സവ വേദിയിൽ മമ്മൂട്ടി

ഐവറി കോസ്റ്റില്‍ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെയാണ് സെനഗല്‍ നായകന്റെ മംഗല്യം. ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കളാണ് മാനേയുടെ ടീം. കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയോടെയാകും മുന്‍ ലിവര്‍പൂള്‍ താരമായ സെനഗല്‍ ക്യാപ്റ്റന്‍ ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങുന്നത്. കിരീടം നേടാനായാല്‍ ഭാര്യക്ക് നല്‍കാവുന്ന മികച്ച വിവാഹ സമ്മാനം കൂടിയാവുമിത്.

Story highlights : Sadio Mane marries longtime partner Aisha Tamba