‘ദൈവത്തിന് സ്തുതി, നീ ഞങ്ങളെ ഇണകളാക്കി’; വിവാഹ വിവരം പങ്കുവച്ച് ഷൊയ്ബ് മാലിക്

January 20, 2024

മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടയില്‍ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. പാക് ടെലിവിഷന്‍ താരം സന ജാവേദാണ് വധു. ഷോയ്ബ് മാലിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ ചിത്രം പങ്കുവെച്ചത്. ( Shoaib Malik marries Pakistani actor Sana Javed )

സാനിയയും മാലിക്കും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കി. ‘വിവാഹം ബുദ്ധിമുട്ടേറിയ ഒന്നാണ്. വേര്‍പിരിയല്‍ അതികഠിനവുമാണ്.. നിങ്ങളുടേത് തെരഞ്ഞെടുക്കുക എന്ന ഉദ്ധരിണിയാണ് സാനിയ പങ്കുവച്ചിരുന്നത്. ജീവിതം ഒരിക്കലും എളുപ്പമാകില്ല, എപ്പോഴും കഠിനമായിരിക്കും. എന്നാല്‍, ഏത് വേണമെന്ന് നമുക്ക് തെരഞ്ഞെടുക്കാം. വിവേകത്തോടെ തെരഞ്ഞെടുക്കുക’ എന്നായിരുന്നു സാനിയ കുറിച്ചത്.

ഷൊയ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സന ജാവേദിന്റെ പിറന്നാളിന് ഷൊയ്ബ് മാലിക് ആശംസകള്‍ നേര്‍ന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചത്.

Read Also : എല്ലാം തിരക്കുകളും മാറ്റിവച്ച് വിവാഹത്തിരക്കിലാണ്; വിവാഹതീയ്യതി പറഞ്ഞ് ജിപിയും ഗോപികയും

മുന്‍ പാകിസ്ഥാന്‍ നായകന്റെ മൂന്നാം വിവാഹമാണിത്. 2010-ല്‍ ആയിഷ സിദ്ദിഖിയില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് ഷൊയ്ബ്, സാനിയ മിര്‍സയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും അഞ്ച് വയസ് പ്രായമുള്ള മകനുണ്ട്. ഗായകന്‍ ഉമര്‍ ജസ്വാള്‍ ആണ് സനയുടെ ആദ്യ ഭര്‍ത്താവ്. 2020-ല്‍ വിവാഹിതരായ ഇവര്‍ 2023-ല്‍ പിരിഞ്ഞു.

Story highlights : Shoaib Malik marries Pakistani actor Sana Javed