ഭരതനാട്യവുമായി ശിഷ്യ വേദിയിൽ- പാടി പിന്തുണച്ച് ഗുരുവായ ശോഭന, ഹൃദ്യമായ കുറിപ്പും

January 19, 2024


അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. ശോഭനയുടെ നിരവധി നൃത്ത വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചെന്നൈയിൽ കലാർപ്പണ എന്ന നൃത്തവിദ്യാലയവുമായി സജീവമാണ് നടി. അഭിനയത്തേക്കാൾ നൃത്തത്തിന് ശോഭന പ്രാധാന്യം നൽകിയത്. നൃത്തപരിപാടികളുമായാണ് നടി കേരളത്തിലേക്ക് പോലും എത്താറുള്ളത്.

ഇപ്പോഴിതാ, തന്റെ ശിഷ്യയുടെ ഒരു ഭരതനാട്യ പ്രകടനം പങ്കുവയ്ക്കുകയാണ് ശോഭന. ശിഷ്യയും കലാർപ്പണയിലെ അധ്യാപികയുമാണ് വേദിയിൽ. ഗുരുവായ ശോഭനയാണ് പാടുന്നത്. എപ്പോഴും ചുവടുകളുമായി മാത്രം വേദിയിൽ കണ്ടിട്ടുള്ള ശോഭന പാടുന്നത് അപൂർവ്വ കാഴ്ചയാണ്. ശിഷ്യയുടെ ചുവടുകൾ പങ്കുവെച്ചതിനൊപ്പം ഹൃദ്യമായ ഒരു കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്.

‘വാഴുവൂർ ബാനിയുടെ സുഗന്ധം! “ആഗ്രഹമെവിടെയുണ്ടോ അവിടെ മാർഗ്ഗവുമുണ്ട്”. നീണ്ട ഇടവേളയ്ക്ക് ശേഷം അശ്വിനി ഒരു മാർഗം മുഴുവൻ അവതരിപ്പിച്ചു! ഈ കലാരൂപത്തോടുള്ള അവളുടെ നിശ്ചയദാർഢ്യവും അഭിനിവേശവും ഫലം കണ്ടു, എല്ലാവരേയും പോലെ, അധ്യാപനവും പ്രകടനവും മാറ്റിനിർത്തിയാൽ, അവൾ ഒരു കുടുംബത്തെയും നിയന്ത്രിക്കുന്നു.’- ശോഭന കുറിക്കുന്നു.

Read also: കടുത്ത മഞ്ഞുവീഴ്ച; തൊഴിലാളികൾ ജോലി മുടക്കാതിരിക്കാൻ ബോസ് ഡ്രൈവറായി!

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയിരുന്നു ശോഭന. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Story highlights- shobhana shares student’s bharathanatyam performance