കരയിലൂടെ നടക്കുന്ന ആയിരക്കണക്കിന് ചെമ്മീനുകൾ- അപൂർവ്വ കാഴ്ച
എല്ലാ വർഷവും മഴക്കാലത്ത് വടക്കുകിഴക്കൻ തായ്ലൻഡ് തീരത്ത് അപൂർവ്വമായൊരു പരേഡ് നടക്കാറുണ്ട്. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ രാത്രികാലങ്ങളിൽ ഈ കാഴ്ച കാണാനായി എത്തുന്നത് ആയിരക്കണക്കിന് ആളുകളാണ്. പക്ഷെ, ഈ പരേഡിൽ വിളക്കുകളും, കൊടി തോരണങ്ങളും ഒന്നുമില്ല. കാരണം, മനുഷ്യരല്ല, ചെമ്മീനുകളാണ് ഇങ്ങനെ കൂട്ടമായി നടക്കുന്നത്. പതിറ്റാണ്ടുകളായി ചെമ്മീൻ കൂട്ടം ഇങ്ങനെ വെള്ളത്തിൽ നിന്ന് കയറി പാറക്കെട്ടുകളിലൂടെ സഞ്ചരിക്കുന്നുണ്ട്. അപൂർവ്വമായ ഒരു പ്രകൃതി പ്രതിഭാസം തന്നെയാണ് ആയിരക്കണക്കിന് ചെമ്മീനുകളുടെ ഈ യാത്ര.
ചെമ്മീനുകളുടെ യാത്ര എങ്ങോട്ടാണെന്ന് ധാരാളം ഗവേഷണങ്ങൾ നടക്കാറുണ്ട്. ഗവേഷകർ കരുതുന്നത് ഈ ചെമ്മീനുകൾ നദിയുടെ ശക്തമായ പ്രവാഹങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണെന്നാണ്. ചില ചെമ്മീനുകൾ കരയിൽ നിന്നും 65 അടി ഉയരത്തിൽ വരെ സഞ്ചരിക്കാറുണ്ട്. പഠനങ്ങളിൽ കടുത്ത തണുപ്പും ഇരുട്ടുമാണ് ഇവയെ കരയിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നതെന്നാണ് വ്യക്തമായത്. പക്ഷേ, വളരെ അപകടകാമായ യാത്രയുമാണ് ഇത്. ചിലന്തികൾ, പാമ്പുകൾ, തവളകൾ മുതലായവ ചെമ്മീനുകളെ ഭക്ഷണമാക്കാൻ സാധ്യതയുണ്ട്. എങ്കിലും കരയിലേക്ക് കയറുന്ന ഭൂരിഭാഗം ചെമ്മീനുകൾക്കും വെള്ളത്തിലേക്ക് തിരികെ എത്തിച്ചേരാൻ സാധിക്കാറുണ്ട്.
എന്നാൽ, വലിയ ചെമ്മീനുകൾ ഇങ്ങനെ കരയിലേക്ക് സഞ്ചരിക്കാറില്ല. അവയ്ക്ക് വെള്ളത്തിലെ തണുപ്പും ഇരുട്ടും അതിജീവിക്കാനുള്ള കരുത്തുണ്ട്. പ്രായപൂർത്തിയാകാത്ത ചെറിയ ചെമ്മീൻ കൂട്ടമാണ് ഇങ്ങനെ കരയിലേക്ക് സഞ്ചരിക്കുന്നത്. അതേസമയം, വെള്ളത്തിൽ ജീവിക്കാനുള്ള ശാരീരിക പ്രത്യേകതകൾ മാത്രമുള്ള ചെമ്മീൻ കരയിൽ എങ്ങനെ നടക്കും എന്ന ചോദ്യത്തിനും ഉത്തരമുണ്ട്. മഴക്കാലത്താണ് ഇവയുടെ യാത്ര. അതുപോലെ, വഴുവഴുപ്പുള്ള പാറയിലൂടെയാണ് ഇവ സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ചെമ്മീന്റെ ചെകിളയ്ക്ക് കേടും സംഭവിക്കില്ല.
Story highlights- shrimp parade video