എനർജി ഡ്രിങ്കുകൾ ഇഷ്ടമാണോ..? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
തിരക്കേറിയ ഇന്നത്തെ ലോകത്ത്, പ്രത്യേകിച്ച് യുവതലമുറയില് കൃത്യമായ ഉറക്കവും, ഭക്ഷണശീലവും ഇല്ലാതെ താളം തെറ്റിയ ജീവിതരീതിയാണുള്ളത്. അതുകൊണ്ടുതന്നെ ഇത്തരക്കാരില് അവരുടെ ശരീരത്തിന് മതിയായ ഊര്ജം ഇല്ലാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ കൂടുതല് ഊര്ജ്ജസ്വലതയോടെ മുന്നോട്ടുപോകാന് പലരും എനര്ജി ഡ്രിങ്കുകളുടെയും ഉയര്ന്ന അളവില് കഫീന് അടങ്ങിയ പാനീയങ്ങളുടെ പിന്നാലെയാണ്. വ്യായായമത്തില് ഏര്പ്പെടുന്നവരും മറ്റു കായിക മത്സരങ്ങളുടെ ഭാഗമാകുന്നവരും എനര്ജി ഡ്രിങ്കുകള് ഉപയോഗിക്കുന്നവരാണ്. ശരീരത്തിന് തല്ക്ഷണ ഊര്ജ്ജം നല്കുന്നു എന്നതാണ് ഇതിന്റെ ഉപയോഗം കൂടാനുള്ള പ്രധാനകാരണം. ( Side effects of overuse of energy drinks )
എന്നാല് തുടര്ച്ചയായിട്ടുള്ള എനര്ജി ഡ്രിങ്കുകളെ ആശ്രയിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അടുത്തിടെ സിന്സിനാറ്റി ചില്ഡ്രന്സ് ഹോസ്പിറ്റല് അധികൃതര് നടത്തിയ പഠനങ്ങള് അമിതമായ അളവില് എനര്ജി ഡ്രിങ്ക് ഉപയോഗിക്കുന്നതിലൂടെയുണ്ടാകുന്ന ദുഷ്യഫലങ്ങളെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന്റെ ഉപയോഗം മനുഷ്യശരീരത്തില് സങ്കീര്ണ്ണമായ പ്രത്യാഘാതങ്ങള്ക്ക് കാരണമാകുമെന്നാണ് പഠനങ്ങള് സൂചിപ്പിക്കുന്നത്. ഹ്രസ്വകാല ഊര്ജ്ജ പരിഹാരങ്ങളെ ആശ്രയിക്കുന്നതിനേക്കാള് ദൈനംദിന ജീവിതശൈലിയില് മാറ്റം വരുത്തിയാല് മതിയെന്ന നിര്ദേശമാണ് നല്കുന്നത്.
ഈ പാനീയങ്ങളില് അടങ്ങിയിരിക്കുന്ന ഉയര്ന്ന അളവിലുള്ള കഫീന് കുട്ടികളെയും കൗമാരക്കാരെയും ആസക്തിയുള്ളവരാക്കാനോ ഉള്ള അപകടസാധ്യതയിലേക്ക് നയിക്കുന്നുവെന്നും ഹൃദയത്തെയും തലച്ചോറിനെയും പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധര് പറയുന്നു. സ്ഥിരമായി എനര്ജി ഡ്രിങ്കുകള് ഉപയോഗിക്കുന്നവരുടെ ആന്തരികാവയവങ്ങള് തകരാറിലാകുമെന്നും ഇത്തരക്കാരില് രക്ത സമ്മര്ദ്ദവും ഹൃദ്രോഗങ്ങളും വര്ധിക്കുമെന്നും പഠനങ്ങളില് വ്യക്തമാക്കുന്നു.
ഉയര്ന്ന കഫീന് അടങ്ങിയ എനര്ജി ഡ്രിങ്കുകളുടെ ഉപഭോഗം നിങ്ങളുടെ ശരീരത്തില് കാര്യമായ സ്വാധീനം ചെലുത്തും. ഉപയോഗത്തിന് ശേഷമുള്ള ആദ്യ കുറച്ച് മിനിട്ടുകള് മുതല് നിരവധി ദിവസങ്ങള് വരെ ഇതിന്റെ സാന്നിധ്യം നിലനില്ക്കും. 500 മില്ലി എനര്ജി ഡ്രിങ്കില് ശരാശരി 160-200 മില്ലിഗ്രാം കഫീന് ഉണ്ടെന്നാണ് പഠനങ്ങള് സൂചിപ്പിക്കുന്നത്. ഇത് ഒരു സാധാരണ കപ്പ് കാപ്പിയുടെ (ഏകദേശം 80 മില്ലിഗ്രാം) അല്ലെങ്കില് ഒരു കാന് കോളയുടെ (ഏകദേശം 30 മില്ലിഗ്രാം) കഫീന് അളവിനെ മറികടക്കുന്നതാണ്.
Read Also : ഉറക്കത്തിന്റെ കാര്യത്തില് ശ്രദ്ധ വേണം കൗമാരത്തിലും
വലിയ അളവില് എനര്ജി ഡ്രിങ്കുകളുടെ ഉപഭോഗം നിര്ജലീകരണത്തിന് കാരണമാകും. ഈ പാനീയങ്ങളില് അടങ്ങിയിട്ടുള്ള കഫീന് വൃക്കയെ ദ്രാവകം നിലനിര്ത്തുന്നതില് നിന്ന് തടയുന്നതാണ് നിര്ജലീകരണത്തിലേക്ക് നയിക്കുന്നത്. എനര്ജി ഡ്രിങ്കുകളുടെ അമിത ഉപയോഗം കിഡ്നിയുടെ പ്രവര്ത്തനത്തെ താളം തെറ്റിക്കുമെന്നും ആരോഗ്യ വിദഗ്ധര് മുന്നറിയിപ്പ് നല്കുന്നു.
Story highlights : Side effects of overuse of energy drinks