ഇതാണ് മാതൃക അധ്യാപിക; യാചിച്ചു നടന്ന 40 കുട്ടികളെ അക്ഷരമുറ്റത്തേക്ക് കൈപിടിച്ച് സീത

January 9, 2024

സ്‌കൂളിന്റെ പടി ചവിട്ടാത്ത നിരവധി കുട്ടികള്‍ ഇന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ഈ കുഞ്ഞുങ്ങളുടെയെല്ലാം വിദ്യാഭ്യാസം നിഷേധിക്കുന്നത് അതാത് പ്രദേശത്തെ സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങള്‍കൊണ്ടാണ്. അത്തരത്തിലൊരു അവസ്ഥയിലായിരുന്നു ഉത്തര്‍പ്രദേശിലെ കലബാജ് ഗോത്ര വിഭാഗത്തിലെ കുട്ടികളും കടന്നുപോയിരുന്നത്. എന്നാല്‍ അവര്‍ക്കിടയിലേക്ക് കടന്നുവന്ന ഒരു അധ്യാപകയാണ് നാടോടികളായി, യാചിച്ച് കഴിയുന്ന ഈ കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി ജീവിതത്തിന് പുതുവെളിച്ചം പകര്‍ന്നത്. ( Sita Trivedi helps Kalabaj Tribe children to get education )

ബജേര ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ് സീത ത്രിവേദി. ഏതാനും വര്‍ഷം മുമ്പ് കുട്ടികളുടെ സെന്‍സസ് എടുക്കാനുള്ള ചുമതല ത്രിവേദിയെ ഏല്‍പിക്കുന്നതോടെയാണ് ഈ വലിയ ദൗത്യത്തിന് തുടക്കമാകുന്നത്. സര്‍വേ നടത്തുന്നതിനായി സമീപ ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍, കലബാജ് സമുദായം താമസിക്കുന്ന ഗ്രാമത്തിലേക്ക് പോകുന്നതില്‍ വിലക്കി. അവിടെ ഒരു പ്രത്യേക ഗോത്രവിഭാഗമാണ് താമസിക്കുന്നത്. അക്രോബാറ്റിക്‌സിലൂടെയും യാചിച്ചുമെല്ലാമാണ് ഇവര്‍ താമസിച്ചിരുന്നത്. അതോടൊപ്പം തന്നെ അവിടെയുളളവര്‍ വിദ്യാഭ്യാസം നേടിയിരുന്നില്ലെന്നുമാണ് സീതയ്ക്ക് മനസിലായത്.

ആളുകളുടെ എതിര്‍പ്പ് മറികടന്ന് അവിടെയെത്തിയ സീത, അവരവരുടെ മാതാപിതാക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് സ്‌കൂളില്‍ പോകാത്തെന്ന് മനസിലായി. ഇതോടെ സീത ഓരോ വീട്ടിലും പോയി അവിടെയുള്ളവരോട് കുട്ടികളെ സ്‌കൂളില്‍ അയക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു. തുടക്കത്തില്‍ നിരാശയായിരുന്നു ഫലമെങ്കിലും, കാര്യങ്ങള്‍ ബോധ്യപ്പെട്ട രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ തയ്യാറാകുകയായിരുന്നു.

Read Also : അരുമയായ പൂച്ചയെ കാണാതായി; കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം പാരിതോഷികം

എന്നാല്‍ അടുത്തതായി സീതയുടെ മുന്നിലുണ്ടായിരുന്നത് ഇന്ത്യ മഹാരാജ്യത്ത് കൊടികുത്തി വാഴുന്ന ജാതി വിവേചനമായിരുന്നു. സ്‌കൂളിലെ മറ്റ് കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു ഈ കുട്ടികളോട് വിവേചനം കാണിക്കരുതെന്ന് സ്വന്തം കുട്ടികളോട് പറയണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് വിവേചനം എന്ന കടമ്പയെയും സീതയും കുട്ടികളും മറികടന്നു. ഈ കുട്ടികള്‍ക്ക് ആവശ്യമായ പുസ്തകങ്ങളും വസ്ത്രങ്ങളും സീത തന്നെയാണ് എത്തിച്ചു നല്‍കിയത്.

ഈ കുട്ടികളെല്ലാം ഇന്ന് സ്‌കുളിലെത്തി അക്ഷരമധുരം നുകരുകയാണ്. നാല്‍പതിലധികം കുട്ടികളെയാണ് സീത സ്‌കൂളിലെത്തിച്ചത്. ഇതോടെ ഉന്നതാധികാരികളില്‍ നിന്നടക്കം സീതയെ തേടി അഭിനന്ദനങ്ങളെത്തി.

Story highlights : Sita Trivedi helps Kalabaj Tribe children to get education