വിഡിയോ പകർത്താൻ 29 നിലകളുള്ള അപ്പാർട്ട്‌മെന്റിൽ നിന്നും ചാടി; പാരച്യൂട്ട് തുറക്കാനാകാതെ വന്നതിനെ തുടർന്ന് ദാരുണാന്ത്യം

January 29, 2024

തായ്‌ലൻഡിലെ പട്ടായയിൽ 29 നിലകളുള്ള അപ്പാർട്ട്‌മെൻ്റ് ബ്ലോക്കിൻ്റെ മുകളിൽ നിന്ന് വീണ് 33 കാരനായ ബ്രിട്ടീഷ് ബേസ് ജമ്പർ മരിച്ചു. ചാടിയപ്പോൾ ഇയാളുടെ പാരച്യൂട്ട് തുറക്കാനാകാതെ വന്നതിനെ തുടർന്നാണ് ദാരുണമായ അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. കേംബ്രിഡ്ജ്ഷെയറിലെ ഹണ്ടിംഗ്ഡണിൽ നിന്നുള്ള നതി ഓഡിൻസൺ പട്ടായയിലെ 29 നിലകളുള്ള അപ്പാർട്ട്മെൻ്റ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയപ്പോഴാണ് സംഭവമുണ്ടായത്.

സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് താഴെ വിഡിയോ പകർത്തുന്നതിനായി സുഹൃത്തിനെ തയ്യാറാക്കി നിർത്തിയശേഷം ബേസ് ജമ്പ് ചെയ്യാൻ മുകളിലേക്ക് പോയതായിരുന്നു യുവാവ്. 29- ാം നിലയിലെത്തി താഴേക്ക് ചാടിയപ്പോൾ കൈവശമുണ്ടായിരുന്ന പാരച്യൂട്ട് പ്രവർത്തനസജ്ജമാകാതെ വന്നതോടെ മരത്തിൽ ഇടിച്ച് നിലത്ത് വീഴുകയായിരുന്നു.

മരിച്ച നതി ഒഡിൻസൺ മുമ്പ് നിരവധി തവണ ഈ കെട്ടിടത്തിൽ നിന്ന് ചാടിയിട്ടുണ്ടെന്നും ഇത് താഴെ നടക്കുന്ന കാൽനടയാത്രക്കാർക്ക് അപകടമുണ്ടാക്കിയെന്നും ഇവിടുത്തെ സെക്യൂരിറ്റി ഗാർഡുകൾ പറയുന്നു. സംഭവത്തിൽ പോലീസ് വിശദീകരിച്ചതിങ്ങനെ,’അദ്ദേഹം ചാടാൻ ഉപയോഗിച്ച പാരച്യൂട്ട് തകരാറിലായതിനാൽ പ്രതീക്ഷിച്ചതുപോലെ തുറന്നില്ല. ചാടുന്ന വിഡിയോ പകർത്തിയ സുഹൃത്തിനെ ചോദ്യം ചെയ്യുകയും വിഡിയോ തെളിവായി പരിശോധിക്കുകയും ചെയ്തു. ഫോറൻസിക് ഉദ്യോഗസ്ഥർ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അവർ പാരച്യൂട്ട് പരിശോധിക്കുന്നു’.

Read also: ‘ഒരുപാട് തവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കി ഇരുന്നിട്ടുണ്ട്’; അച്ഛന്റെ ഓർമകളിൽ മുരളി ഗോപി..!

അതേസമയം, ഇയാൾ ഒരു പരിചയസമ്പന്നനായ പാരച്യൂട്ടിസ്റ്റായിരുന്നു, കൂടാതെ തൻ്റെ സാഹസികതകളുടെ നിരവധി ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിലൂടെ ശ്രദ്ധേയനാകുകയും ചെയ്തിട്ടുണ്ട്.

Story highlights- Skydiver Falls To Death From Building As Parachute Fails To Open