23 വർഷങ്ങളുടെ ഓർമ പുതുക്കൽ; ചിത്രങ്ങൾ പങ്കുവച്ച് സുഹാസിനി

January 7, 2024

മലയാള സിനിമയുടെയും തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെയും എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് സുഹാസിനി മണിരത്‌നം. നടി എന്നതിലുപരി സംവിധായികയും എഴുത്തുകാരിയും ഒരു നിര്‍മാതാവും കൂടിയാണ് സുഹാസിനി. 1980-ല്‍ തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളം, തെലുഗു, കന്നഡ സിനിമകളില്‍ സജീവമായി. മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ അനുഗ്രഹീത കലാകാരിയാണ് ഈ നടി. ( Suhasini recreated 23 years old photo with Y Vijaya and Rajitha )

തെന്നിന്ത്യന്‍ താരവും സംവിധായികയുമായ സുഹാസിനി സോഷ്യല്‍ മീഡിയയിലും വളരെയധികം സജീവമാണ്. പലപ്പോഴും നടി ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവയ്ക്കാറുണ്ട്. 23 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു ഒത്തുകൂടലിന്റെ ചിത്രമാണ് താരം ആരാധകര്‍ക്കായി ഇപ്പോള്‍ പങ്കുവച്ചിട്ടുള്ളത്.

മുന്‍കാല നടിമാരും സുഹൃത്തുക്കളുമായ വിജയ, രജിത എന്നവരാണ് സുഹാസിനിക്കെപ്പം ചിത്രത്തിലുള്ളത്. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഹാസിനി എടുത്ത ചിത്രം മഹതി എന്ന സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വച്ചാണ് റിക്രിയേറ്റ് ചെയ്തിട്ടുള്ളത്. ’23 വര്‍ഷത്തിന് ശേഷം മഹതി ചിത്രീകരണ വേളയില്‍ ഈ കോമ്പിനേഷന്‍ പുനഃസൃഷ്ടിച്ചു. വൈ വിജയ ഗാരുവും രജിതയും ഞാനും. നന്ദി രജിത,’ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ സുഹാസിനി കുറിച്ചു.

പ്രമുഖ അഭിനേതാവ് ചാരു ഹാസന്റെ മകളായ സുഹാസിനി, ‘നെഞ്ചത്തൈ കിള്ളാതെ’ എന്ന സിനിമയിലൂടെയാണ് അഭിനയജീവിതം ആരംഭിക്കുന്നത്. മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ സുഹാസിനി വേഷമിട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ മരക്കാര്‍; അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് സുഹാസിനി അഭിനയിച്ചത്.

Read Also : ‘രാജ്യത്ത് ആകെയുള്ളത് 10 പേർ’; ക്യാമറയിൽ പതിഞ്ഞ അപൂർവയിനം കറുത്ത കടുവകൾ!

പ്രമുഖ തമിഴ് സംവിധായകനായ മണിരത്‌നവുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടുവച്ചത്. ആദ്യമായി സംവിധാനം നിര്‍വഹിച്ച സിനിമയായ ഇന്ദിരയുടെ തിരക്കഥ ഒരുക്കിയത് സുഹാസിനി തന്നെയാണ്.

Story highlights : Suhasini recreated 23 years old photo with Y Vijaya and Rajitha