മികച്ച ടി-20 താരമായി സൂര്യകുമാർ യാദവ്; പുരസ്കാരനേട്ടം തുടർച്ചയായ രണ്ടാം തവണ
2023 ലെ ഏറ്റവും മികച്ച രാജ്യന്തര ടി-20 താരമായി സൂര്യകുമാര് യാദവിനെ തെരഞ്ഞെടുത്ത് ഐസിസി. തുടര്ച്ചയായി രണ്ടാം തവണയാണ് ടി20 ക്രിക്കറ്റര് ഓഫ് ദ ഇയര് അവാര്ഡ് സൂര്യകുമാറിന് ലഭിക്കുന്നത്. ഇതോടെ രണ്ട് തവണ ഈ പുരസ്കാരത്തിന് അര്ഹനായ ആദ്യ താരമാണ് സൂര്യ. നേരത്തെ 2022ലും സുര്യകുമാര് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ( Suryakumar Yadav ICC Men’s T20I Cricketer Of The Year 2023 )
സിംബാബ്വെയുടെ സിക്കന്ദര് റാസ, ഉഗാണ്ടയുടെ അല്പേഷ് റമസാനി, ന്യൂസിലന്ഡിന്റെ മാര്ക്ക് ചാപ്മാന് എന്നിവരെ മറികടന്നാണ് സൂര്യകുമാറിന്റെ നേട്ടം. 2023-ല് 17 ഇന്നിങ്സുകളില് നിന്ന് 48.86 ശരാശരിയില് 155.95 സ്ട്രൈക്ക് റേറ്റില് 733 റണ്സാണ് സൂര്യകുമാര് നേടിയത്. 2021-ല് അന്താരാഷ്ട്ര ടി-20യില് അരങ്ങേറ്റം കുറിച്ച സൂര്യ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് തന്റെ പ്രകടനത്തിലൂടെ എല്ലാവരെയും ഞെട്ടിച്ചത്.
നാല് ടി-20 സെഞ്ച്വറികളാണ് സൂര്യകുമാറിന്റെ പേരിലുള്ളത്. ഈ പട്ടികയില് ഓസ്ട്രേലിയന് ഓള്റൗണ്ടര് ഗ്ലെന് മാക്സ്വെല്ലിനൊപ്പം രണ്ടാമതാണ് ഈ വെടിക്കെട്ട് ബാറ്ററുടെ സ്ഥാനം. അഞ്ച് സെഞ്ച്വറികളുമായി ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മയാണ് ആദ്യ സ്ഥാനത്തുള്ളത്. മൂന്ന് വര്ഷം പിന്നിട്ട രാജ്യന്തര ടി20 കരിയറില് സൂര്യ ഇതുവരെ 60 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. 45.5 ശരാശരിയില് 2141 റണ്സാണ് സമ്പാദ്യം.
Read Also : പന്തുകൊണ്ട് ബാറ്റർമാരെ വട്ടം കറക്കി, പിന്നാലെ ആരാധകർക്കായി ഷംസിയുടെ ‘മാജിക് ഷോ’..!
കഴിഞ്ഞ ദിവസം ഐ.സി.സി പ്രഖ്യാപിച്ച 2023ലെ ട്വന്റി 20 ഇലവന്റെ നായകനായും സൂര്യ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓപ്പണര് യശസ്വി ജയ്സ്വാള്, പേസര് അര്ഷ്ദീപ് സിങ്, സ്പിന്നര് രവി ബിഷ്ണോയ് എന്നിവരാണ് സൂര്യയെ കൂടാതെ ലോക ഇലവനില് ഇടംപിടിച്ച ഇന്ത്യന് താരങ്ങള്. ഓള്റൗണ്ടര് ഹാര്ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതോടെ ട്വന്റി20 ടീമിന്റെ നായകനായി സൂര്യകുമാറിനെ നിയോഗിച്ചിരുന്നു.
Story highlights : Suryakumar Yadav ICC Men’s T20I Cricketer Of The Year 2023