‘അവസാനമായി എനിക്ക് പറയാനുള്ളത്..’- പിന്നാലെ കുഴഞ്ഞുവീണു; വിദ്യാർത്ഥികളുടെ യാത്രയയപ്പിനിടെ നൊമ്പരമായി അധ്യാപികയുടെ വേർപാട്

January 9, 2024

വിദ്യാർത്ഥികളുടെ യാത്രയയപ്പിനിടെ നൊമ്പരമായി അധ്യാപികയുടെ അപ്രതീക്ഷിത മരണം. കൊരട്ടി ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ രമ്യ ജോസ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളുടെ യാത്രയയപ്പ് നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം. 41 വയസായിരുന്നു. യാത്രയയപ്പ് യോഗത്തിൽ കുട്ടികളോട് സംസാരിച്ചതിന് ശേഷമാണ് മരണം സംഭവിച്ചത്.

‘അവസാനമായി എനിക്ക് പറയാനുള്ളത് ജീവിതത്തില്‍ മാതാപിതാക്കളുടെയും ഗുരുക്കന്‍മാരുടെയും കണ്ണീര്‍ വീഴ്ത്താൻ ഇടവരുത്തരുത് എന്നാണ്’ എന്ന് പറഞ്ഞുകൊണ്ട് ടീച്ചർ വാക്കുകൾ അവസാനിപ്പിക്കുകയും കസേരയിലേക്ക് ഇരിക്കുകയുമായിരുന്നു.പിന്നാലെ പെട്ടെന്ന് തന്നെ കുഴഞ്ഞുവീണു. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞവർഷവും രമ്യ ഇതുപോലെ കുഴഞ്ഞുവീണെങ്കിലും ആരോഗ്യം വീണ്ടെടുത്തിരുന്നു.

Read also: സഹപാഠിക്ക് വിവാഹ സമ്മാനമായി സ്വർണ്ണക്കട്ടി; ആളുകളെ കുടുകുടാ ചിരിപ്പിച്ച് നാല് വയസ്സുകാരൻ!

കണക്ക് ടീച്ചറായിരുന്നു രമ്യ. എല്ലാവരോടും അടുത്തദിവസം ഗ്രൂപ് ഫോട്ടോ എടുക്കാൻ വരണമെന്നും ഗ്രൂപ്പിൽ ടീച്ചർ മെസ്സേജ് ഇട്ടിരുന്നു.പരീക്ഷ കണക്കാക്കി നേരത്തെ യാത്രയയപ്പ് നടത്തുകയായിരുന്നു. ഇനി ടീച്ചർ ഗ്രൂപ് ഫോട്ടോ എടുക്കാൻ ഒപ്പമുണ്ടാകില്ലന്ന നൊമ്പരമാണ് വിദ്യാർത്ഥികളിൽ നിറയുന്നത്.

Story highlights- teacher collapsed and died during farewell