കൂടിച്ചേരലുകളുടെ പ്രാധാന്യം പങ്കുവെച്ച് ഏഷ്യയിലെ ഏറ്റവും മനോഹരമായ ശൈത്യകാല ആഘോഷം -ഡോങ്ഷി ഫെസ്റ്റിവലിന്റെ പ്രത്യേകതകൾ
ലോകമെമ്പാടുമുള്ള ശൈത്യകാല ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായതാണ് ഡോങ്ഷി ഫെസ്റ്റിവൽ. ചൈന, തായ്വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നിവിടങ്ങളിലാണ് ഈ ആഘോഷ നാളുകൾ ആചരിക്കുന്നത്. പരമ്പരാഗതമായി ആഘോഷിച്ച് വരുന്ന ഡോങ്ഷി, 2000 വർഷങ്ങൾക്ക് മുൻപ് ചൈനയിലാണ് തുടക്കമിട്ടത്. അത്രയും വർഷത്തെ പാരമ്പര്യമുള്ള ഡോങ്ഷി ഫെസ്റ്റിവൽ, പക്ഷെ, ഇന്ന് പൂർണമായും പഴയ രീതികൾ പിന്തുടരുന്നില്ലെങ്കിലും എല്ലാ വർഷവും ആഘോഷിക്കപ്പെടുന്നുണ്ട്. ഓരോ വ്യക്തിക്കും കുടുംബവുമായി ബന്ധം പുലർത്താനുള്ള സമയമായാണ് ഡോങ്ഷി ഫെസ്റ്റിവലിനെ വിലയിരുത്തുന്നത്.
ശൈത്യകാല ആഹാരങ്ങൾ ഒരുക്കി ശരീരത്തെ പോഷിപ്പിക്കുക, പരസ്പരം ആഹാരങ്ങൾ പങ്കുവയ്ക്കുക എന്നതൊക്കെയാണ് ഈ ആഘോഷത്തിന്റെ മറ്റൊരു പ്രത്യേകത. എല്ലാ വർഷവും ഡിസംബർ 21 നും 23 നും ഇടയിൽ ശീതകാലത്ത് നടക്കുന്ന ഏകദിന ആഘോഷമാണ് ഡോങ്ഷി ഫെസ്റ്റിവൽ. ശീതകാലത്തിന്റെ ഏറ്റവും മൂർധന്യാവസ്ഥ, അല്ലെങ്കിൽ ശീതകാലത്തിന്റെ വരവ് എന്നർത്ഥം വരുന്ന ഒരു ചൈനീസ് പദമാണ് ഡോങ്ഷി.
പ്രപഞ്ചത്തിലെ ഐക്യത്തെയും സന്തുലിതാവസ്ഥയെയും പ്രതിനിധീകരിക്കുന്ന യിൻ, യാങ് എന്ന പുരാതന തത്ത്വചിന്തയിൽ നിന്നുമാണ് മനോഹരമായ ശൈത്യകാല ആഘോഷം രൂപം കൊണ്ടത്. ഇരുണ്ട ശൈത്യകാലാവസ്ഥയിൽ നെഗറ്റിവ് എനർജി അതിന്റെ ഉച്ചസ്ഥായിയിലാണ്. പിന്നാലെ വസന്തകാലം എത്തുമ്പോഴേക്കും പകൽ സമയം നീണ്ടുനിൽക്കുകയും പോസിറ്റീവ്എനർജി കൂടുകയും ചെയ്യും.ഇതാണ് യിൻ, യാങ് തത്ത്വചിന്ത.
ഹാൻ രാജവംശത്തിന്റെ കാലഘട്ടത്തിലാണ് ചൈനയിൽ ഡോങ്ഷി ഉത്സവം ആരംഭിച്ചത്. അക്കാലത്ത്, ചാന്ദ്ര കലണ്ടർ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. കാരണം ആളുകൾ ചാന്ദ്ര കലണ്ടറിനെ ജീവിതസാഹചര്യവുമായി ചേർത്തുനിർത്തി. അന്ന് ചൈനയിൽ മാത്രം നടന്നിരുന്ന ആഘോഷം ഏഷ്യയിലെ ഏറ്റവും വലിയ ശൈത്യകാല ആഘോഷമായി മാറിയത് തായ്വാനീസ്, ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ് ആളുകൾ ഇത് ആഘോഷമാക്കിയതോടെയാണ്.
പരമ്പരാഗത ഡോങ്ഷി ആഘോഷം വേറിട്ടതായിരുന്നു. ചൈനയിൽ, കുടുംബ വംശജർ അവരുടെ പൂർവ്വിക ക്ഷേത്രങ്ങൾ സന്ദർശിച്ച് മരണപ്പെട്ട ബന്ധുക്കൾക്ക് ആരാധന നടത്താനും വഴിപാടുകൾ നടത്താനും ഈ സമയമാണ് കണ്ടെത്തിയായത്. അതിനുശേഷം, കുടുംബങ്ങൾ ഒരുമിച്ച് പാചകം ചെയ്യാനും ഒത്തൊരുമിച്ച് ആഹാരം കഴിക്കാനും ഒത്തുകൂടി. പൂർവ്വികരെ ആരാധിക്കുന്ന പാരമ്പര്യം മിക്ക പ്രദേശങ്ങളിലും മാഞ്ഞുപോയെങ്കിലും, ഇത് ഇപ്പോഴും തായ്വാൻ, ഷാങ്ഹായ്, ചൈനയുടെ ചിലഭാഗങ്ങളിലെ ഡോങ്ഷി ഉത്സവത്തിന്റെ കേന്ദ്ര ഘടകമാണ്.
ഇപ്പോൾ, ഡോങ്ഷി ഫെസ്റ്റിവൽ താരതമ്യേന പ്രാധാന്യം കുറഞ്ഞ ഒന്നായി മാറി. ചില ഗ്രാമങ്ങൾ പ്രകടനങ്ങൾ, ആർട്ട് ഡിസ്പ്ലേകൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവ ഉപയോഗിച്ച് ഒരു ഇവന്റായാണ് ആഘോഷിക്കുന്നത്. എങ്കിലും ഒത്തുചേരൽ ഇന്നും പ്രധാനമാണ്.
Story highlights- The Dongzhi Festival