ഇവിടെ എല്ലാം എക്സ്ട്രാ ലാർജാണ്; കൂറ്റൻ പച്ചക്കറികൾ മാത്രം വിളവെടുക്കുന്ന 79-കാരൻ!
നമ്മൾ മലയാളികൾക്ക് കൃഷി ഒരു അലങ്കാരമല്ല, ആവേശമാണ്. സ്വന്തം പറമ്പിലും പാടത്തും പണിയെടുത്ത് ഉണ്ടാക്കുന്ന വിഭവങ്ങൾ മാത്രം പാകം ചെയ്ത് കഴിച്ചിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. തങ്ങളുടേതായ വേറിട്ട കൃഷി രീതികളിലൂടെയും അനുഭവ പരിചയത്തിലൂടെയും മാതൃകകൾ ആയി മാറിയ അനേകം കർഷകരും നമുക്ക് ചുറ്റുമുണ്ട്. അക്കൂട്ടത്തിൽ ഏറെ വ്യത്യസ്തനാണ് യുകെയിലെ നോട്ടിംഗ്ഹാംഷെയറിലെ പീറ്റർ ഗ്ലേസ്ബ്രൂക്ക്. (The man who holds world record for growing huge vegetables)
പീറ്ററിന്റെ കാർഷിക വിളകൾക്ക് പ്രത്യേകതകൾ ഏറെയാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ പച്ചക്കറികളാണ് 79-കാരനായ പീറ്റർ കൃഷി ചെയ്യുന്നത്. 4.98 കിലോ ഭാരമുള്ള ഉരുളക്കിഴങ്ങ്, 27.48 കിലോയുള്ള കോളിഫ്ളവർ, 3.362 കിലോയുള്ള ഏറ്റവും ഭാരമേറിയ വഴുതന, 750 ഗ്രാം ഭാരമുള്ള കാപ്സിക്കം എന്നിവയെല്ലാം വളർത്തിയെടുത്ത് ഗിന്നസ്ബുക്കിൽ കയറിയ വ്യക്തി കൂടിയാണ് പീറ്റർ.
കൃഷിയിടത്തിൽ നിന്ന് മത്സര വേദിയിലേക്ക് തന്റെ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുമ്പോൾ, പീറ്റർ പച്ചക്കറികൾ നനഞ്ഞ തുണികളിൽ പൊതിഞ്ഞ് സൂക്ഷിക്കും. ഇത് ഈർപ്പം നിലനിർത്താൻ സഹായിക്കുകയും യാത്രാ മദ്ധ്യേ കേടുപാടുകൾ വരുന്നത് തടയുകയും ചെയ്യുന്നു.
അര ഏക്കർ വിസ്താരമുള്ള തന്റെ പച്ചക്കറി തോട്ടത്തിൽ ആധുനിക ഉപകരണങ്ങളുടെ സഹായമൊന്നും ഇല്ലാതെയാണ് പീറ്റർ കൃഷി ചെയ്യുന്നത്. യാന്ത്രിക ജലവിതരണ സംവിധാനം ഉപയോഗിക്കാതെ വീടിന്റെ മേൽക്കൂരയിൽ റീസൈക്കിൾ ചെയ്ത മഴവെള്ളം ഉപയോഗിച്ചാണ് കൃഷിയിടങ്ങൾ നനയ്ക്കുന്നത്.
Read also: ‘ഞാൻ തിരക്കിലാണ്’; കേരളത്തിൽ പൊന്ന് വിളയിക്കുന്ന മിലൻ!
മികച്ച പച്ചക്കറികൾ വളർത്തിയെടുക്കാൻ വിത്ത് തെരഞ്ഞെടുക്കുന്നത് മുതൽ ശ്രദ്ധിക്കണം എന്നാണ് പീറ്റർ പറയുന്നത്. മറ്റ് മികച്ച കർഷകരിൽ നിന്നാവും അദ്ദേഹം ഇത്തരത്തിലുള്ള വിത്തുകൾ ശേഖരിക്കുക. അത് കൂടാതെ മത്സരവേദികളും ഷോകളിലും പോകുമ്പോൾ പച്ചക്കറികൾ വിൽക്കുന്നവരിൽ നിന്നും മത്സരത്തിൽ വിജയിക്കുന്നവരിൽ നിന്നുമൊക്കെ പീറ്റർ വിത്തുകൾ കൈക്കലാക്കും. പിന്നീട് സ്വന്തം പൊടിക്കൈകളുടെ കൂട്ടോടെ കൃഷി ആരംഭിക്കും.
Story highlights: The man who holds world record for growing huge vegetables