12-ാം ക്ലാസിൽ ഇംഗ്ലീഷിന് 21 മാർക്ക്, ഉമേഷ് ഗണപത് തോറ്റുപിൻമാറിയില്ല; മഹാരാഷ്ട്രയിൽ നിന്ന് മറ്റൊരു ‘ട്വല്‍ത്ത് ഫെയിൽ’ കഥ
തിയേറ്ററിലും പിന്നീട് ഒ.ടി.ടിയില്‍ റിലീസായപ്പോഴും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രമാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി അനുരാഗ് പഥക്ക് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. 12-ാം ക്ലാസിലെ തോല്‍വിയില്‍ പതറാതെ കഠിന പരിശ്രമത്തിലൂടെ യു.പി.എസ്.സി പരീക്ഷ പാസായ മനോജ് ശര്‍മ, ശ്രദ്ധ ജോഷി എന്നിവരുടെ ജീവിതകഥ കൂടിയാണ് ഈ ചിത്രം പറയുന്നത്. ( Umesh Ganpat real life 12th fail movie )
അത്തരത്തില്‍ മഹാരാഷ്ട്രയിലെ മഹിരാവണി ഗ്രാമത്തിനും പറയാനുണ്ട് ഒരു ട്വല്‍ത്ത് ഫെയില്‍ കഥ. ഗ്രാമത്തിലെ സാധാരണ ക്ഷീരകര്‍ഷകന്റെ മകനായിരുന്ന ഉമേഷ് ഗണപത് ഖണ്ഡഭലേ 12-ാം ക്ലാസില്‍ പരാജയപ്പെട്ടു. ഇംഗ്ലീഷ് വിഷയത്തില്‍ 21 മാര്‍ക്ക് മാത്രം നേടാനായതോടെയാണ് ഉമേഷ് പരീക്ഷയില്‍ പരാജയപ്പെട്ടത്.
ഇതോടെ പഠനത്തില്‍ നിന്നും ഇടവേളയെടുത്ത ഉമേഷ് പിതാവിന്റെ കൃഷിയിലേക്കിറങ്ങുകയായിരുന്നു. അതിനിടയില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ പാസായ ഉമേഷ് തന്റെ ജീവിതം തിരികെപിടിക്കാനുള്ള ശ്രമത്തിന് തുടക്കമിടുകയായിരുന്നു. പാലുമായി എന്നും നാസിക്കിലെ ചന്തയിലേക്ക് പോകുന്ന വഴിയിലാണ് യശ്വന്ത്റാവു ചവാന് മഹാരാഷ്ട്ര ഓപ്പണ്‍ യൂണിവേഴ്സിറ്റി. അവിടെയുള്ളവരുമായി സംസാരിച്ചതോടെ പഠനം പുനരാരം ഭിക്കാനുള്ള വഴിതെളിഞ്ഞു. ഇതായിരുന്നു ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. ആ യുണിവേഴ്സിറ്റിയില്‍ നിന്നും ബിഎസ്സി ഹോര്‍ട്ടി കള്‍ച്ചറില്‍ ബിരുദം നേടി.
പിന്നീട് നാസിക്കിലെ കെടിഎച്ച്എം കോളജില്‍ നിന്നും ഇംഗ്ലീഷ് വിഷയത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടുക എന്നത് ഒരു വാശിയായിരുന്നുവെന്നും കാരണം ആ വിഷയത്തിലാണ് ഞാന്‍ 12-ാം ക്ലാസില്‍ പരാജയപ്പെട്ടതെന്നും ഉമേഷ് പറയുന്നു.
അതിനുശേഷമാണ് 2012-ല്‍ പിതാവിന്റെ പിന്തുണയോടെ ഡല്‍ഹിയിലേക്ക് പോയത്. മൂന്ന് വര്‍ഷം നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍ 2015-ല്‍ 704-ാം റാങ്കോട് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചു. ആദ്യ രണ്ട് തവണ പരാജയപ്പെട്ട സമയത്തും പിന്മാറാന് തയ്യാറാകാതെ കൂടുതല്‍ കഠിനാധ്വാനം നടത്തിയാണ് യുപിഎസ്സി പാസായത്.
Read Also : നിറകണ്ണുകളുമായി സംവിധായകൻ വിധു വിനോദ് ചോപ്രയെ കണ്ട്, യഥാർത്ഥ ’12ത് ഫെയിൽ താരങ്ങൾ’
തുടര്‍ന്ന് ഹൈദരാബാദിലെ പരിശീലനത്തിന് ശേഷം പശ്ചിമ ബംഗാളിലാണ് ആദ്യ പോസ്റ്റിങ് ലഭിച്ചത്. 12ത് ഫെയില്‍ സിനിമ കണ്ടപ്പോള്‍ ആ ദുഷ്കരമായ ദിവസങ്ങളെല്ലാം ഒരു ഫ്ലാഷ്ബാക്ക് പോലെ എന്റെ മനസില്‍ വന്നു. സ്വപ്നം പിന്തുടരാനുള്ള മനക്കരുത്ത് ഉണ്ടെങ്കില്‍ ലക്ഷ്യം നേടുന്നത് അസാധ്യമല്ലെന്നും പരാജയപ്പെട്ടാല്‍ നിരാശപ്പെട്ടിരിക്കാതെ വീണ്ടും പരിശ്രമിക്കണമെന്നാണ് ഉമേഷ് പറയുന്നത്.
story highlights : Umesh Ganpat real life 12th fail movie