‘നമ്മൾ ഒരുമിച്ചുള്ള അവസാന ചിത്രം’; ഭവതാരിണിയുടെ ഓർമകളില്‍ വെങ്കട് പ്രഭു
സംഗീത സംവിധായകന് ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതാരിണിയുടെ വിയോഗം തമിഴകത്ത് വലിയ ആഘാതമാണുണ്ടാക്കിയിട്ടുള്ളത്. സിനിമ മേഖലയിലെ നിരവധിയാളുകളാണ് ഭവതാരിണിയ്ക്ക് ആദരമര്‍പ്പിക്കുന്നത്. ഇപ്പോള്‍ ഭവതാരിണിക്കൊപ്പമുള്ള അവസാന ചിത്രം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ വെങ്കട് പ്രഭു. ഇളയജരാജയുടെ സഹോദരനും സംഗീത സംവിധായകനുമായ ഗംഗൈ അമരന്റെ മകനാണ് വെങ്കട് പ്രഭു. ( Venkat Prabhu remembering Bhavatharini daughter of Ilayaraja )
‘ഭവത, നമ്മള് ഒരുമിച്ചുള്ള അവസാനചിത്രം’ എന്ന തലക്കെട്ടോടെയാണ് വെങ്കട് പ്രഭു ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. യുവന് ശങ്കര്‍ രാജയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രവും വെങ്കട് പ്രഭു പങ്കുവച്ചിട്ടുണ്ട്. ജനുവരി 25-ന് ശ്രീലങ്കയില്‍ വച്ചാണ് ഭവതാരിണിയുടെ വിയോഗം. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലിരിക്കെയായിരുന്നു വിയോഗം.
ഇളയരാജ ഏറെ പ്രതീക്ഷയോടെയാണ് മകളായ ഭവതാരിണിയെ സംഗീത ലോകത്തേക്ക് എത്തിച്ചത്. ആ പ്രതീക്ഷ ദേശീയ പുരസ്കാര നേട്ടത്തിലൂടെ ഭവതാരിണി കാത്തുസൂക്ഷിക്കുകയും ചെയ്തു. ‘ഭാരതി’യിലെ ‘മയില്‍ പോല പൊന്നു ഒന്ന്’ എന്ന തമിഴ് ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് അവര്‍ നേടി.
കഴിഞ്ഞ ആറ് മാസമായി കരള്‍ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. അടുത്തിടെ, തുടര്‍ ചികിത്സയ്ക്കായി ശ്രീലങ്കയിലേക്ക് കൊണ്ടുപോയിരിക്കുകയായിരുന്നു. ‘രാസയ്യ’ എന്ന ചിത്രത്തിലൂടെയാണ് ഭവതാരിണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. അന്നുമുതല്‍ തന്റെ പിതാവ് ഇളയരാജയ്ക്കും സഹോദരങ്ങളായ കാര്‍ത്തിക് രാജയ്ക്കും യുവന് ശങ്കര്‍ രാജയ്ക്കും വേണ്ടി ഗായിക പാട്ടുകള്‍ പാടി.
2002-ല്‍ രേവതി സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന ചിത്രത്തിന്റെ സംഗീതസംവിധായകയായി. തുടര്‍ന്ന് ‘ഫിര്‍ മിലേംഗേ’യ്ക്കും ഒരുപിടി ചിത്രങ്ങള്‍ക്കും അവര്‍ സംഗീതം നല്കി. ‘മായാനദി’ എന്ന മലയാള ചിത്രത്തിനു വേണ്ടിയും ചെയ്തിരുന്നു. ‘കാതലുക്ക് മരിയാധൈ’, ‘ഭാരതി’, ‘അഴഗി’, ‘ഫ്രണ്ട്സ്’, ‘പാ’, ‘മങ്കാത്ത’, ‘അനേഗന്‍’ തുടങ്ങിയ തമിഴ് സിനിമകളില്‍ അവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മലയാളത്തില്‍ കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍ (കളിയൂഞ്ഞാല്), നാദസ്വരം കേട്ടോ (പൊന്മുടി പുഴയോരത്ത് ) എന്നീ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
Story highlights : Venkat Prabhu remembering Bhavatharini daughter of Ilayaraja