അന്ന് പാറ്റയെന്ന് വിളിച്ച് പരിഹസിച്ചവർ തന്നെ ഇന്ന് അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നു; ഇത് വിക്രാന്ത് മാസിയുടെ വിജയത്തിളക്കം
ആണധികാരത്തിന്റെയും കരുത്തിന്റെയും കഥപറഞ്ഞ അനിമൽ പോലുള്ള സിനിമകളായിരുന്നു പോയവർഷം ബോളിവുഡിൽ അരങ്ങുവാണത്. എന്നാൽ ഇതിനൊരു അപവാദമായി അപ്രതീക്ഷിത വിജയം നേടിയാണ് വർഷാവസാനം ‘ട്വൽത്ത് ഫെയിൽ’ എന്ന കൊച്ചുചിത്രം എത്തിയത്. താരതമ്യേന കുറഞ്ഞ ബഡ്ജറ്റിൽ തോൽവിയുടെയും വിജയത്തിന്റെയും അസാധാരണമല്ലാത്ത കഥ പറഞ്ഞ ചിത്രമാണ് ‘ട്വൽത്ത് ഫെയിൽ’. വിക്രാന്ത് മാസി നായകനായ ചിത്രം ഒരു സാധാരണ ചെറുപ്പക്കാരൻ പന്ത്രണ്ടാം ക്ലാസ്സിൽ പ്രത്യേക കാരണങ്ങള്കൊണ്ട് തോൽക്കുന്നതിന്റെയും പിന്നീട് ഐപിഎസ് വരെയെത്തുന്നതുമായ ഒരു വിജയഗാഥയാണ് പങ്കുവെച്ചത്.
വിധു വിനോദ് ചോപ്രയുടെ കഥയിലൊരുങ്ങിയ ചിത്രം റിലീസ് ചെയ്ത് പതിനൊന്നാം ആഴ്ചയിലും തിയേറ്ററുകളിൽ ശക്തമായി മുന്നേറുകയാണ്. ഡിസംബർ 29 ന് ചിത്രത്തിന്റെ OTT റിലീസ് ഉണ്ടായിട്ടും ഈ വിജയക്കുതിപ്പ് തിയേറ്ററിൽ തുടരുന്നുവെങ്കിൽ ഇത് അസാധാരണമായ ഒരു നേട്ടമാണ്. പല കാരണങ്ങൾകൊണ്ട് ഈ ചിത്രം അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും പ്രധാനമാണ്. ഏറ്റവും പ്രധാനമായി നടൻ വിക്രാന്ത് മാസിക്ക്. ഒരിക്കൽ പരിഹസിച്ചവർ തന്നെ അഭിനന്ദിക്കുന്ന അത്യപൂർവ്വ നിമിഷത്തിനാണ് വിക്രാന്ത് സാക്ഷ്യം വഹിക്കുന്നത്.
2007-ലെ മ്യൂസിക്കൽ സിറ്റ്കോം ധൂം മച്ചാവോ ധൂമിലൂടെയാണ് വിക്രാന്ത് മാസിയുടെ യാത്ര ആരംഭിച്ചത്. എല്ലാവര്ക്കും അദ്ദേഹത്തെ പരിചയമുള്ളത് ബാലിക വധു എന്ന സീരിയലിലൂടെയാണ്. വിക്രമാദിത്യ മോട്വാനെയുടെ പ്രണയകഥയായ ലൂട്ടേരയിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. കൊങ്കണ സെൻ ശർമ്മയുടെ ആദ്യ സംവിധാനമായ എ ഡെത്ത് ഇൻ ദ ഗഞ്ചിൽ അദ്ദേഹത്തിന്റെ അഭിനയം ഒടുവിൽ അംഗീകാരം ലഭിച്ചു. എന്നാൽ, കരിയറിന്റെ തുടക്കത്തിൽ ഏറ്റവും വലിയ പരിഹാസം വിക്റാന്തിന് നേരിടേണ്ടി വന്നത് കങ്കണ റണൗട്ടിൽ നിന്നുമായിരുന്നു.
നടന്റെ സുഹൃത്തും അഭിനേത്രിയുമായ യാമി ഗൗതമിന്റെ ചിത്രത്തിന് നടൻ ചെയ്ത കമന്റ്റ് കണ്ടിട്ട് അതിനുതാഴെ ദീർഘമായ പരിഹാസവുമായി കങ്കണ എത്തി. ഹിമാചലി വധുവിന്റെ വസ്ത്രത്തിൽ യാമി തന്റെ മനോഹരമായ ഫോട്ടോകൾ പോസ്റ്റ് ചെയ്തപ്പോൾ വിക്രാന്ത് മാസി എഴുതി, “രാധേ മായെപ്പോലെ ശുദ്ധവും ഭക്തിയും” എന്ന കമന്റ്റ് ചെയ്തതിനു കങ്കണ അദ്ദേഹത്തെ പാറ്റ എന്ന് വിശേഷിപ്പിച്ചു. ‘ഈ പാറ്റ എവിടെ നിന്നാണ് വന്നത്, എന്റെ ചെരിപ്പുകൾ കൊണ്ടുവരിക’ എന്നാണ് നടി രൂക്ഷമായി പറഞ്ഞത്. ഇത് 2021ലായിരുന്നു. അന്ന് വിക്രാന്ത് അതിനോട് പ്രതികരിച്ചില്ല.
തന്റെ ജീവിതത്തിലെ വിഷാംശം ബോധപൂർവം നിരാകരിക്കാൻ താൻ ശ്രമിക്കുന്നു എന്നായിരുന്നു നടൻ സ്വീകരിച്ച നിലപാട്. ഇപ്പോഴിതാ, മൂന്നു വർഷത്തിനിപ്പുറം അതേ നടി വിക്രാന്തിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തുകയാണ്. അന്തരിച്ച നടൻ ഇർഫാൻ ഖാനോട് പോലും വിക്രാന്തിനെ കങ്കണ ഉപമിക്കുന്നു.
“എന്തൊരു ഭയങ്കര സിനിമ. ഹിന്ദി മീഡിയത്തിൽ നിന്ന് വന്ന ഒരു ഗ്രാമത്തിൽ നിന്നുള്ള ഒരു പൊതുജാതി വിദ്യാർത്ഥിയായതിനാൽ, എന്റെ സ്കൂൾ വർഷങ്ങളിൽ റിസർവേഷൻ ഇല്ലാതെ പ്രവേശന പരീക്ഷകളെഴുതിയ ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ സിനിമയിൽ ഉടനീളം കരഞ്ഞു, ഒരിക്കലും വിമാനത്തിലിരുന്ന് ഇത്രയും കരഞ്ഞിട്ടില്ല, എന്റെ സഹയാത്രക്കാർ എന്നെ ശ്രദ്ധയോടെ നോക്കുകയായിരുന്നു..വിധു സർ വീണ്ടും എന്റെ ഹൃദയം കീഴടക്കി, വിക്രാന്ത് മാസി അതിശയിപ്പിക്കുന്നതിലും അപ്പുറമാണ്!! വരും വർഷങ്ങളിൽ ഇർഫാൻ ഖാൻ സാബ് അവശേഷിപ്പിച്ച ശൂന്യത അദ്ദേഹം നികത്തിയേക്കാം, പ്രിയപ്പെട്ട നിങ്ങളുടെ കഴിവിന് അഭിവാദ്യങ്ങൾ’- കങ്കണ കുറിക്കുന്നു.- ഇത് വിക്രാന്തിന്റെ വിജയമാണ്.
കാരണം, ഈ ചിത്രത്തോടെ മനോജ് എന്ന യുവാവായി, വിക്രാന്ത് മാസി തീക്ഷ്ണമായ അഭിനയ നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇപ്പോഴും ഒരു ടെലിവിഷൻ ആക്ടർ മാത്രമായി ആളുകൾ കണക്കാക്കുന്നുവെന്ന ദുഃഖം വിക്രാന്തിന് ഉണ്ടായിരുന്നു. അത് ഈ ചിത്രത്തോടെ മാറുകയാണ്. അതോടൊപ്പം, ഒരിക്കൽ പരിഹസിച്ചവരുടെ പോലും പിന്തുണ ഇപ്പോൾ അദ്ദേഹത്തിന് നേടാൻ കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല.
Story highlights- vikranth massey’s success journey