ആശുപത്രി മുറിയിൽനിന്നുമെത്തിയ മൂന്നു ട്രാക്കുകൾ; ഈ 25 വയസ്സുകാരൻ വർഷങ്ങൾക്ക് ശേഷത്തിന് വേണ്ടി ചെയ്തത് ലോകം കാണണം’!

January 5, 2024

വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഓരോ സിനിമയ്ക്കും ഓരോ കഥകൾ പറയാനുണ്ടാകും. ആ ചിത്രത്തിന്റെ ഭാഗമായവരുടേതായി ഹൃദയം തൊടുന്ന കഥകൾ സംവിധായകനെന്ന നിലയിൽ വിനീത് പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ വിനീതിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഓരോ ചിത്രവും മലയാളികൾക്ക് ഹൃദയത്തോട് ഏറെ ഇണങ്ങി നിൽക്കുന്നവയാണ്. സിനിമയെന്നപോലെ പാട്ടുകളിലും വളരെയധികം ശ്രദ്ധ ഗായകനും കൂടിയായ വിനീത് ചെലുത്താറുണ്ട്. ഇപ്പോഴിതാ, അണിയറയിൽ ഒരുങ്ങുന്ന വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ പാട്ടുകളെ കുറിച്ച് പങ്കുവയ്ക്കുകയാണ് വിനീത്.വളരെയധികം പ്രത്യേകതകൾ ഈ ചിത്രത്തിലെ ഗാനങ്ങൾക്കും സംഗീതം ചിട്ടപ്പെടുത്തിയ ആൾക്കും ഉണ്ട്.

വിഖ്യാത സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകനായ അമൃത് ആണ് വർഷങ്ങൾക്ക് ശേഷം സിനിമയുടെ സംഗീത സംവിധായകൻ. പ്രണവമോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സിനിമയ്ക്ക് അമൃത് എന്ന ഇരുപത്തിയഞ്ചുവയസുകാരൻ പകർന്ന സംഗീതം ലോകം കേൾക്കുന്നതിനായി ഇനിയും കാത്തിരിക്കാൻ വയ്യ എന്നാണ് വിനീത് ശ്രീനിവാസൻ കുറിക്കുന്നത്.

രണ്ടര വർഷത്തിന് ശേഷം, ഞാൻ തിങ്ക് മ്യൂസിക്കുമായി ഒരിക്കൽ കൂടി ഒരു ലിസണിംഗ് സെഷൻ നടത്തി. കഴിഞ്ഞ തവണത്തെ പോലെ എല്ലാ ലൈറ്റുകളും അണച്ചു, വർഷങ്ങൾക്കു ശേഷം സിനിമയുടെ എല്ലാ ട്രാക്കുകളും പ്ലേ ചെയ്തു. അത് പൂർത്തിയാക്കി ലൈറ്റുകൾ ഓണായിക്കഴിഞ്ഞപ്പോൾ, തിങ്ക് മ്യൂസിക്കിലെ സന്തോഷിന്റെയും മഹേഷിന്റെയും മുഖത്ത് അത്രയും വിടർന്ന പുഞ്ചിരി ഉണ്ടായിരുന്നു. അവർ അമൃതിനെ കെട്ടിപ്പിടിച്ച് പറഞ്ഞു, “കുടുംബത്തിലേക്ക് സ്വാഗതം”.

കഴിഞ്ഞ കുറേ മാസങ്ങളായി അമൃത് നടത്തിയ പോരാട്ടം ഞാൻ കണ്ടതാണ്. അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യത്തെ മൂന്ന് ട്രാക്കുകൾ വന്നത് ആശുപത്രി മുറിയിൽ നിന്നാണ്, അവിടെ അമ്മ, ഞങ്ങളുടെ പ്രിയപ്പെട്ട ജയശ്രീ മാഡം വളരെ ഗുരുതരാവസ്ഥയിൽ ആയിരുന്നപ്പോൾ അവരെ പരിചരിച്ചു. ഹോസ്പിറ്റൽ റൂമിൽ ഒരു മിനി സ്റ്റുഡിയോ സ്ഥാപിച്ചു, അവൻ ഈണമിട്ട ഓരോ മെലഡിയും അമ്മയെ പാടികേള്കപ്പിക്കും, എന്നിട്ട് അത് എനിക്ക് അയച്ചുതരും. അമൃത് അയച്ച രണ്ടാമത്തെ ട്രാക്ക് എന്റെ കണ്ണുകളെ ഈറനണിയിച്ചു. ജയശ്രീ മാം ഈ പാട്ടിന്റെ വരികൾ എഴുതിയാൽ നന്നായിരിക്കും എന്ന ശക്തമായ ഒരു ഉൾക്കാഴ്ച തോന്നി. ഫോണിൽ ഞാൻ ഇക്കാര്യം അമൃതിനോട് പറഞ്ഞു. ഞങ്ങൾ ആശയം ചർച്ച ചെയ്യുകയും ആരംഭിക്കാൻ ഒരു വാക്ക് കണ്ടെത്തുകയും ചെയ്തു. അടുത്ത ദിവസം, അമൃത് എന്നെ വിളിച്ച് പാട്ടിന്റെ ആദ്യത്തെ നാല് വരികൾ തന്നു.. എനിക്ക് വല്ലാത്ത രോമാഞ്ചമാണ് ഉണ്ടായത്! ബോംബെ ജയശ്രീ മാം എന്ന ഇതിഹാസത്തിന്റെ ഒരു നേർക്കാഴ്ചയാണ് എനിക്ക് ലഭിച്ചത്.

അമൃതിന് കാര്യങ്ങൾ അൽപ്പം എളുപ്പമാകുന്നതുവരെ ജോലി കുറച്ച് കൂടി മുന്നോട്ട് കൊണ്ടുപോകണോ എന്ന് ഞാൻ പലതവണ അമൃതിനോട് ചോദിച്ചിരുന്നു. പക്ഷേ അവന്റെ മറുപടി എപ്പോഴും ഒന്നുതന്നെയായിരുന്നു. “വിനീത്, നിങ്ങളുടെ സിനിമയ്ക്ക് സംഗീതം നൽകുന്നത് ഞാൻ സ്വയം സുഖപ്പെടുത്തുന്ന രീതിയാണ്.”

Read also: 39 വർഷം നീണ്ട സേവനം; പടിയിറങ്ങി മലയാളത്തിന്റെ ആദ്യ വാർത്താ അവതാരിക

ഈ 25 വയസ്സുകാരൻ വർഷങ്ങൾക്ക് ശേഷത്തിന് വേണ്ടി ചെയ്തത് ലോകം കേൾക്കുന്നത് വരെ എനിക്ക് കാത്തിരിക്കാനാവില്ല!!’- വിനീത് കുറിക്കുന്നു. മെരിലാൻഡ് സിനിമാസ് നിർമിക്കുന്ന ചിത്രം ഷൂട്ടിംഗ് പൂർത്തിയായിരുന്നു. അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Story highlights- vineeth sreenivasan about music director amrit