എഐ ക്യാമറയിൽ വാഹനത്തിൽ ഇല്ലാത്ത സ്ത്രീയുടെ ചിത്രം പതിഞ്ഞ സംഭവം; യാഥാർത്ഥ്യം പങ്കുവെച്ച് എംവിഡി

January 13, 2024

എഐ ക്യാമറയുടെ രസകരമായ വിശേഷങ്ങൾ ഒരിടയ്ക്ക് മലയാളികൾക്ക് അമ്പരപ്പും ചിരിയും ആശങ്കയുമെല്ലാം പകർന്നിരുന്നു. അത്തരത്തിൽ ഒന്നായിരുന്നു 2023 നവംബറിൽ എ ഐ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിലെ ദുരൂഹത. പയ്യന്നൂരിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ ക്യാമറയിൽ പകർത്തിയ ഫോട്ടോയിൽ ദുരൂഹമായ രീതിയിൽ സ്ത്രീയുടെ ചിത്രം പ്രത്യക്ഷപ്പെട്ട കൗതുകകരമായ സംഭവം ഇപ്പോഴും ഓര്മയുണ്ടാകും. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ചലാൻ നോട്ടീസ് പുറപ്പെടുവിച്ചപ്പോഴാണ് കൗതുകകരമായ ഈ സംഭവം ശ്രദ്ധേയമായത്.

ചെറുവത്തൂർ കൈതക്കാട് സ്വദേശികളായ ആദിത്യന്റെ കുടുംബം എഐ ക്യാമറയിൽ പതിഞ്ഞ ഫോട്ടോ പരിശോധിച്ചപ്പോൾ അമ്പരന്നു. മറ്റ് യാത്രക്കാർ ഇല്ലാതിരുന്നിട്ടും, വാഹനത്തിന്റെ പിൻസീറ്റിൽ ഒരു സ്ത്രീയുടെ ചിത്രം വ്യക്തമായി പതിഞ്ഞിരുന്നു. ഈ അപാകത ആദിത്യന്റെ കുടുംബത്തെയും മോട്ടോർ വാഹന വകുപ്പിനെയും ആശയക്കുഴപ്പത്തിലാക്കി. ഇപ്പോഴിതാ, ദുരൂഹാസംഭവത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് എംവിഡി.

കാറിലുണ്ടായിരുന്ന 17 വയസ്സുള്ള ആൺകുട്ടിയുടെ ചിത്രമായിരുന്നു അതെന്നും സ്ത്രീയാണെന്നു തോന്നുന്നതാണ് എന്നുമാണ് എൻഫോഴ്സ്മെന്റ് ആർ‍ടിഒ സി.യു.മുജീബ് പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നത്. കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ‍ടിഒ പയ്യന്നൂർ ഡിവൈഎസ്പിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലുള്ള കണ്ടെത്തലാണ് ഇത്. മൂന്നു മാസത്തിന് ശേഷമാണ് വിശദീകരണകുറിപ്പ് എത്തിയിരിക്കുന്നത്. എന്നാൽ, ഇപ്പോഴും ഇക്കാര്യത്തിൽ ത്രിപ്തമല്ല ഉത്തരം എന്നതാണ് ശ്രദ്ധേയം.

Read also: എഐ ക്യാമറ പകർത്തിയ കാറിന്റെ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാത്ത സ്ത്രീയുടെ ചിത്രം; പിന്നിൽ ഇരുന്ന കുട്ടികൾ ചിത്രത്തിലുമില്ല!

ആദിത്യനും അമ്മയുടെ സഹോദരിയും ചെറുവത്തൂരിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. യാത്രയിൽ ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. പിൻസീറ്റിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. കൗതുകകരമെന്നു പറയട്ടെ, AI ക്യാമറ ഇമേജിൽ വാഹനത്തിനുള്ളിൽ ഇല്ലാതിരുന്ന ഒരു സ്ത്രീയുടെ ചിത്രം പതിഞ്ഞു. എന്നാൽ, പിൻസീറ്റിൽ ഇരുന്ന കുട്ടികൾ ഫോട്ടോയിൽ നിന്ന് മായുകയും ചെയ്തു.

Story highlights- woman captured on ai camera mystery explanation