‘ആടുജീവിതം സിനിമയ്ക്കായി കാത്തിരിക്കുന്നു’; നോവലിന്റെ പിറവിയിലേക്ക് നയിച്ച കഥകളുമായി ബെന്യാമിൻ
ആടുജീവിതം സിനിമ വെള്ളിത്തിരയിൽ കാണുന്നതിനായി ഓരേ പ്രേക്ഷകനെപോലെ താനും കാത്തിരിക്കുകയാണെന്ന് ആടുജീവിതം നോവലിന്റെ രചയിതാവ് ബെന്യാമിൻ. ഒരുപാട് കാലം മുമ്പുതന്നെ ആടുജീവിതം എന്ന നോവലിനുള്ള ആശയങ്ങൾ തനിക്ക് ലഭിച്ചിരുന്നുവെന്നാണ് ബെന്യാമിൻ പറയുന്നത്. ചിതത്തിന്റെ റിലീസിനോട് അനുബന്ധിച്ച് അണിയറ പ്രവർത്തകർ പുറത്തുവിട്ട മേക്കിങ് വിഡിയോയിലാണ് ആടുജീവിതം സിനിമയായതിന് പിന്നിലുള്ള കഥ ബെന്യാമിൻ പങ്കുവെച്ചത്. ജോർദാനിലെ ചിത്രീകരണ നടന്നപ്പോഴുള്ള വിഡിയോയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുന്നത്. ( Aadujeevitham behind the scenes narration by Benyamin )
ഒരു പ്രവാസിയായിരുന്ന തനിക്ക് ഗൾഫ് പശ്ചാത്തലമായി ഒരു നോവൽ എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും ഈ സമയത്താണ് യഥാർഥ ജീവിതത്തിലെ നജീബിനെ കണ്ടുമുട്ടുന്നത്. ഒരു മനുഷ്യനും ദൈവവും മാത്രമുള്ള ഒരു നോവലിനെക്കുറിച്ച് താൻ ഒരുപാട് ചിന്തിച്ചിരുന്നു. അതാണ് ആടുജീവിതത്തിന്റെ ആദ്യ രൂപങ്ങളിൽ ഒന്നെന്നും ബെന്യാമിൻ വ്യക്തമാക്കുന്നു. യഥാർത്ഥ ജീവിതത്തിലെ നജീബിനൊപ്പം ദീർഘനാൾ സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്തതിൽ നിന്നാണ് അയാൾ അനുഭവിച്ച കാര്യങ്ങൾ താൻ മനസിലാക്കിയത്. ഒന്നര വർഷം നീണ്ട സൗഹൃത്തിനിടയിലാണ് നജീബ് തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറന്നതെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു.
നോവൽ സിനിമയാകുമ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരാണ് അണിയറയിൽ ഉള്ളതെന്നത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നോവൽ അതേപടി സിനിമയാക്കുകയല്ല അതിലെ ഏറ്റവും മനോഹരദൃശ്യങ്ങൾ സിനിമയുടെ രൂപത്തിൽ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്നും ബെന്യാമിൻ പറയുന്നു.
മലയാളത്തിലെ ബെസ്റ്റ് സെല്ലര്‍ നോവലുകളില്‍ ഒന്നായ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട് ജീവിതത്തിന്റെ കഠിനതകളും കയ്പ്പുനീരും അനുഭവിക്കുന്ന നജീബിലേക്കുള്ള മാറ്റത്തിനായി പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.
2008-ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം 2018-ലാണ് ചിത്രീകരണം ആരംഭിച്ചത്. കൊവിഡും മറ്റ് പ്രതിസന്ധികളും വന്നതോടെ ചിത്രീകരണം 2023 ജൂലൈ വരെ നീണ്ടു. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് ജോര്‍ദാനിലാണ്. 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വന്നിരുന്നു. ഏപ്രില്‍ പത്തിനാണ് ചിത്രം തീയറ്ററുകളില്‍ റിലീസിനെത്തുന്നത്.
ഓസ്കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര് റഹ്മാന് സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. ജിമ്മി ജീന്‍ ലൂയിസ് , കെ.ആര് ഗോകുല്‍, അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.
Story highlights : Aadujeevitham behind the scenes narration by Benyamin