വീടല്ല, ഹോട്ടലല്ല, ടൂറിസ്റ്റ് കേന്ദ്രമല്ല; പക്ഷെ പോകണം ഇവിടെ ഒരിക്കലെങ്കിലും!

February 2, 2024

യാത്രകൾ മനോഹരമാണ്… ജീവിതത്തിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് നമുക്കായി സമയം കണ്ടെത്താൻ കഴിയുന്നത് സന്തോഷം പകരുന്ന അനുഭവമാണെന്ന് കൂട്ടിച്ചേർക്കേണ്ടതില്ലല്ലോ! എന്നാൽ ആ യാത്രയൂടെ ഭംഗി ഒന്നുകൂടെ കൂടിയാലോ? പ്രകൃതിയോട് ചേർന്ന് ലോകത്തെ മറന്ന് ജീവിതം ആസ്വദിക്കാൻ പറ്റിയൊരു സ്ഥലമുണ്ട്. പക്ഷെ നമുക്ക് ചെന്നെത്തിപ്പെടാൻ അല്പം കഷ്ടപ്പാടുണ്ട്. പക്ഷെ ആ സ്ഥലത്തെ പറ്റി കേട്ട് കഴിഞ്ഞാൽ ഒന്ന് പോകണമെന്ന് ആരും അറിയാതെ ആഗ്രഹിച്ച് പോകും. (Along the woods through Kolarbyn Ecolodge)

പറഞ്ഞ് വരുന്നത് സ്വീഡനിലെ ഏറ്റവും പഴക്കം ചെന്ന ലോഡ്ജ് അല്ലെങ്കിൽ ഹോസ്റ്റൽ എന്നൊക്കെ വിളിക്കാവുന്ന കൊലാർബിനിനെ കുറിച്ചാണ്. പ്രകൃതിയെ അനുഭവിച്ചറിയാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണിത്. ശരിക്കും പ്രകൃതി നമുക്കായി ഒരുക്കിവെച്ച പറുദീസ.

ആദ്യമായി കൊലാർബിനിൽ എത്തുന്ന ഒരാളെ സ്വീകരിക്കാൻ എത്തുന്നത് പൈൻ മരങ്ങളും, കൂട്ടം ചേർന്ന് വളർന്ന് നിൽക്കുന്ന കൂൺ ചിപ്പികളും, ബിർച്ച് മരങ്ങളുമൊക്കെയാണ്. കണ്ണാടി പോലെ തിളങ്ങുന്ന ഒരു തടാകത്തിന്റെ തീരത്തുറങ്ങുന്ന സുന്ദരിയായ ഒരു വനമാണിത്. പച്ച പുതച്ച് കിടക്കുന്ന ആ സുന്ദരിയുടെ അടുത്തേക്ക് പോയി സൂക്ഷിച്ച് നോക്കിയാൽ മരങ്ങൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന പന്ത്രണ്ട് ചെറിയ ക്യാബിനുകൾ കാണാം. ചെളിയും തടിയും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ ചെറു കുടിലുകളുടെ മേൽക്കൂര പൊതിഞ്ഞു കൊണ്ട് പുല്ലും കൂണുകളും വളർന്ന് നിൽക്കുന്നത് കാണാം.

Read also: “ആർക്കും ഞങ്ങളെ പിരിക്കാനാകില്ല”; വിവാഹിതരായ പാറകളുടെ കഥ!

ഇവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ നമ്മൾ കാടിന്റെ അതിഥികളാണ്. പുറത്തുള്ള ജീവിതം നൽകുന്ന സുഖസൗകര്യങ്ങളൊന്നും ഇവിടെ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. വൈദ്യുതിയോ, കുളിക്കാൻ ആഡംബരമായ കുളിമുറികളോ ഇല്ല. ഭക്ഷണം വാങ്ങാൻ അടുത്ത് ഹോട്ടലുകളോ മറ്റ് ഭക്ഷണ ശാലകളോ ഇല്ല. ഇവിടുത്തെ പ്രധാന ലക്ഷ്യം പ്രകൃതിയിലേക്ക് മടങ്ങുക എന്നതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പണ്ട് ആദിമ മനുഷ്യൻ ജീവിച്ച സാഹചര്യങ്ങളുടെ ഒരു വെളിപാടാണ് ഇവിടെ ഉണ്ടാകുക.

നീരുറവയിൽ നിന്ന് വെള്ളം കോരി കുടിക്കാം, അനന്തമായ വനത്തിൽ ദീർഘദൂര യാത്ര നടത്താം, തീ കൂട്ടി ഭക്ഷണം പാകം ചെയ്ത് കഴിക്കാം, പക്ഷികളെയും മറ്റ് വന്യജീവികളെയും കണ്ടുകൊണ്ട് പായൽ മൂടിയ കാടുകളിൽ അലഞ്ഞുനടക്കാം. ഇരുട്ട് വീഴുമ്പോൾ, ചെറു കുടിലിൻ്റെ വാതിൽ അടച്ച്, ചൂടുള്ള കമ്പിളിക്കുള്ളിൽ കാടിൻ്റെ സംഗീതം കേട്ടുറങ്ങാം.

യഥാർത്ഥത്തിൽ കോലാർബിൻ ഒരു പരിസ്ഥിതികേന്ദ്രമാണ്. ശാന്തതയും സമാധാനവും മാത്രം നിറഞ്ഞ കുറച്ച് ദിവസങ്ങൾ ചിലവഴിക്കണമെങ്കിൽ കോലാർബിൻ തന്നെ ബെസ്റ്റ് ഡെസ്റ്റിനേഷൻ. ചുറ്റുമുള്ള നിലയ്ക്കാത്ത ഒച്ചപ്പാടുകളിൽ നിന്ന് രക്ഷപ്പെടണമെന്ന് നമ്മൾ ആഗ്രഹിക്കാത്ത ദിവസങ്ങൾ ഉണ്ടാകില്ല. കൂടുതൽ ഒന്നും ഇനി പറയുന്നില്ല, അതിമനോഹരിയായ കോലാർബിനിനെ കുറിച്ച് എഴുതിയപ്പോൾ തന്നെ മനസിലാകെ ഒരു കുളിര്… അപ്പൊ പിന്നെ പോയാലുള്ള കാര്യം പറയാനുണ്ടോ!

Story highlights: Along the woods through Kolarbyn Ecolodge