അറ്റ്ലാൻ്റിക് സമുദ്രത്തിന് കുറുകെ ഒറ്റയ്ക്ക് പറന്ന ആദ്യത്തെ വനിത; 86 വർഷങ്ങൾക്ക് ശേഷവും ദുരൂഹത ബാക്കിയാക്കി അമേലിയ ഇയർഹാർട്ടിന്റെ തിരോധാനം
ജീവിതത്തിൽ പ്രചോദനം പകരുന്ന നിരവധി ആളുകളെ കണ്ടെത്താൻ സാധിക്കും. വിവിധ മേഖലകളിൽ അവർ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ടാകും. എന്നാൽ, അവരിൽ ചിലർ അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെ കടന്നുപോകുകയും ദുരൂഹത അവശേഷിപ്പിച്ച് അപ്രത്യക്ഷമാകുകയും ചെയ്യാറുണ്ട്. അങ്ങനെ ഒരാളാണ് അമേലിയ ഇയർഹാർട്ട്. നിരവധി സിനിമകൾക്കും പുസ്തകങ്ങൾക്കും നാടകങ്ങൾക്കുമെല്ലാം പ്രചോദനം നൽകിയ ജീവിതമായിരുന്നു വ്യോമയാന ചരിത്രത്തിലെ ഏറ്റവും പ്രമുഖ വ്യക്തിത്വമായിരുന്ന അമേലിയ ഇയർഹാർട്ട്.
1897-ൽ കൻസാസിൽ ജനിച്ച ഇയർഹാർട്ട്, ഒരു വനിതാ പൈലറ്റ് എന്ന നിലയിൽ നേടിയ നേട്ടങ്ങൾ കാരണം പ്രശസ്തിയിലേക്ക് ഉയർന്നതായിരുന്നു. അക്കാലത്ത്, പുരുഷന്മാർ പോലും പൈലറ്റ് ആകുന്നതിലേക്ക് വിരളമായി മാത്രം കടന്നുവന്നിരുന്ന സാഹചര്യത്തിൽ ഒരു സ്ത്രീ പൈലറ്റ് ആയതിനാൽ നിരവധി തടസ്സങ്ങൾ നേരിടേണ്ടി വരികയും സ്വന്തം കുടുംബം പോലും തള്ളിപ്പറയുന്ന അവസ്ഥയിലും എത്തിയ ആളാണ് അമേലിയ. എന്നാൽ എല്ലാ വെല്ലുവിളികൾക്കിടയിലും വ്യോമയാനത്തിൽ നിരവധി റെക്കോർഡുകൾ സ്ഥാപിക്കുകയും അറ്റ്ലാൻ്റിക് സമുദ്രത്തിന് കുറുകെ ഒറ്റയ്ക്ക് പറക്കുന്ന ആദ്യത്തെ വനിതാ പൈലറ്റായി മാറുകയും ചെയ്തു ഈ കരുത്തുറ്റ വനിത.
ഒരു എഴുത്തുകാരി, ലക്ചറർ, സാമൂഹിക പ്രവർത്തക, സ്ത്രീകളുടെ അവകാശങ്ങൾക്കും വ്യോമയാന സുരക്ഷയ്ക്കും വേണ്ടി വാദിക്കുന്ന വ്യക്തി എന്നീ നിലയിലെല്ലാം പ്രശസ്തമായിരുന്നു അമേലിയയുടെ ജീവിതം. സ്ത്രീകളെയും പെൺകുട്ടികളെയും ധൈര്യവും നിശ്ചയദാർഢ്യവും കൊണ്ട് പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, വളരെ ദുരൂഹമായ ഒരു തിരോധനത്തിലൂടെ ഇന്നും സമൂഹത്തിന് മുന്നിൽ ചോദ്യചിഹ്നമാണ് അമേലിയയുടെ ജീവിതം.
86 വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷയായ അമേലിയ ഇയർഹാർട്ട് ഇന്നും ചർച്ചകളിൽ നിറയാറുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ പൈലറ്റ് ഫ്രാങ്ക് ഹോക്സിനൊപ്പം 1920 ഡിസംബറിൽ അവർ തൻ്റെ ആദ്യത്തെ വിമാനം പറത്തി. 1921 ഡിസംബറിൽ നാഷണൽ എയറോനോട്ടിക്സ് അസോസിയേഷൻ ലൈസൻസ് നേടി.
ഇയർഹാർട്ടും അവളുടെ നാവിഗേറ്റർ ഫ്രെഡ് നൂനനും 1937 മെയ് 20-ന് കാലിഫോർണിയയിലെ ഓക്ക്ലാൻഡിൽ നിന്ന് ഒരു ലോക്ക്ഹീഡ് ഇലക്ട്രാ വിമാനത്തിൽ പുറപ്പെട്ടപ്പോഴായിരുന്നു ചിത്രമായ തിരോധാനം സംഭവിച്ചത്. റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച്, ജൂലൈ 2 ന് പ്രാദേശിക സമയം രാവിലെ 10 മണിക്ക് ന്യൂ ഗിനിയയിലെ ലേയിൽ അവരുടെ അവസാനത്തെ സ്റ്റോപ്പ് ഉൾപ്പെടെ 29 സ്റ്റോപ്പുകൾ നടത്തിയിരുന്നു.
ഇയർഹാർട്ടും നൂനനും 18 മണിക്കൂറിന് ശേഷം ലേയിൽ നിന്ന് ഏകദേശം 2,500 മൈൽ അകലെയുള്ള ഹൗലാൻഡ് ദ്വീപിൽ എത്തിച്ചേരേണ്ട ലക്ഷ്യത്തിലായിരുന്നു. കോസ്റ്റ് ഗാർഡ് കട്ടർ ഇറ്റാസ്ക ഇന്ധനവുമായി അവരെ കാത്തിരിക്കുകയായിരുന്നു. ഇയർഹാർട്ടിൽ നിന്ന് ഇടയ്ക്കിടെ ശബ്ദ സന്ദേശങ്ങൾ ലഭിക്കുന്നുമുണ്ടായിരുന്നു. എന്നാൽ ഇയർഹാർട്ടിനോ നൂനനോ മോഴ്സ് കോഡ് അറിയില്ലായിരുന്നു, അതിനാൽ ഇരുവശത്തുനിന്നും കോൺടാക്റ്റ് ഉണ്ടായിരുന്നില്ല.
കോൺടാക്റ്റ് പൂർണമായും നഷ്ടപ്പെട്ടതിനെ തുടർന്ന് നേവിയും കോസ്റ്റ് ഗാർഡും ഇയർഹാർട്ടിനെയും നൂനനെയും തേടി ഏകദേശം 250,000 ചതുരശ്ര മൈൽ സമുദ്രത്തിൽ തിരച്ചിൽ നടത്തി. എന്നാൽ ഒരു തുമ്പും ലഭിച്ചില്ല. കാണാതായി പതിനെട്ട് മാസങ്ങൾക്ക് ശേഷം, നാവികസേന, അമേലിയ ഇയർഹാർട്ടും നൂനനും നിയമപരമായി മരിച്ചതായി പ്രഖ്യാപിക്കുകയും അവരുടെ വിമാനം ഇന്ധനം തീർന്ന് പസഫിക്കിൽ തകർന്നു വീണതായി അനുമാനിക്കുകയും ചെയ്തു. ഇന്നും പല വിദഗ്ധരും വാദിക്കുന്നത് മോശം കാലാവസ്ഥയും ദീർഘദൂര യാത്രയുമാണ് വിമാനത്തിൻ്റെ തകർച്ചയ്ക്ക് കാരണമായതെന്നാണ്. അതുമാത്രമല്ല, ഈ നൂറ്റാണ്ടിലും ആ തിരോധാനത്തിനെ ചുറ്റിപ്പറ്റി നിരവധി ചർച്ചകളും അനുമാനങ്ങളും ആളുകൾ നടത്തുന്നുണ്ട്.
അമേലിയ അപ്രത്യക്ഷയായി മൂന്ന് വർഷത്തിന് ശേഷം, നികുമാരോറോ ഐലൻഡ് ഒരു പര്യവേഷണത്തിൽ തലയോട്ടി ഉൾപ്പെടെ നിരവധി മനുഷ്യ അസ്ഥികൾ കണ്ടെടുത്തു. ടെന്നസി സർവ്വകലാശാലയിലെ ഒരു ഗവേഷകൻ അസ്ഥികൾ പരിശോധിച്ച് അവ ഇയർഹാർട്ടിൻ്റെതാണെന്ന് കണ്ടെത്തി. നൂനൻ്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ല. പക്ഷേ, അദ്ദേഹം വഹിച്ചതിന് സമാനമായ ഒരു സെക്സ്റ്റൻ്റ് ബോക്സ് അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.
Read also: വാമികയ്ക്ക് കൂട്ടായി അകായ് എത്തി; കോലിക്കും അനുഷ്കയ്ക്കും ആൺകുഞ്ഞ് പിറന്നു
2023 അവസാനത്തോടെ, സൗത്ത് കരോലിനയിലെ ഒരു സമുദ്ര പര്യവേക്ഷണ കമ്പനി പസഫിക് സമുദ്രത്തിൽ നിന്ന് അമേലിയ ഇയർഹാർട്ടിൻ്റെ ‘ലോക്ക്ഹീഡ് 10-ഇ ഇലക്ട്ര’ വിമാനമാണെന്ന് തോന്നുന്ന ഒരു സോണാർ ചിത്രം പകർത്തിയെങ്കിലും വിമാനം ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
Story highlights- amelia earhart’s mystery