ആനന്ദ് അംബാനി- രാധിക വിവാഹത്തിന് എങ്ങനെ വസ്ത്രം ധരിക്കണം? അതിഥികൾക്ക് മാർഗ്ഗനിർദേശങ്ങളുമായി 9 പേജുള്ള ബുക്‌ലെറ്റ്!

February 24, 2024

ഇന്ത്യയിൽ ഒരു ഗംഭീര വിവാഹത്തിനുള്ള തയ്യാറെടുപ്പ് നടക്കുകയാണ്. ഗുജറാത്തിലെ ജാംനഗറിൽ ആഘോഷങ്ങൾ തകൃതിയായി നടക്കുന്നു. ഇന്ത്യയിലെ പ്രമുഖനായ വ്യവസായി മുകേഷ് അംബാനിയുടെ 28 കാരനായ മകൻ ആനന്ദ് അംബാനി വിവാഹിതനാകുകയാണ്. ആഗോളതലത്തിൽ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ ഒരാളാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ഇളയ മകനായ ആനന്ദ് അംബാനി, വ്യവസായിയായ വീരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചൻ്റുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുകയാണ്.

ജൂലൈ 12നാണ് മുംബൈയിൽ വിവാഹം നടക്കുന്നതെങ്കിലും, മാർച്ച് 1 മുതൽ 3 വരെ ജാംനഗറിൽ മൂന്ന് ദിവസത്തെ ആഘോഷത്തോടെയാണ് വിവാഹച്ചടങ്ങുകൾ ആരംഭിക്കുന്നത്. അതായത് മാസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഇരു കുടുംബവും പദ്ധതിയിട്ടിരിക്കുന്നത്. മുകേഷ് അംബാനിയുടെ കുടുംബത്തിലെ അവസാന വിവാഹം കൂടിയാണ് ഇത് എന്നത് ആഘോഷങ്ങൾക്ക് കൊഴുപ്പ് കൂട്ടുമെന്നതിൽ ഉറപ്പ് നൽകുന്നു.

ക്ഷണിക്കപ്പെട്ട അതിഥികൾക്കായി സൂക്ഷ്മമായി തയ്യാറാക്കിയ ഒമ്പത് പേജുള്ള ഇവൻ്റ് ബുക്‌ലെറ്റ് ആണ് ഇപ്പോൾ വാർത്തയിൽ നിറയുന്നത്. വാർഡ്രോബ് ഗൈഡ് എന്നും ഈ ബുക്ക്ലെറ്റിനെ പറയാം. ഏത് തരത്തിലുള്ള വസ്ത്രം ധരിക്കണം എന്നത് മുതൽ ചാർട്ടേഡ് ഫ്‌ളൈറ്റിന്റെ വിവരങ്ങൾവരെ ഇതിലുണ്ട്. എല്ലാ അതിഥികളും മുംബൈയിൽ നിന്നോ ഡൽഹിയിൽ നിന്നോ ചാർട്ടേഡ് ഫ്ലൈറ്റുകൾ വഴി ജാംനഗറിലേക്ക് യാത്ര ചെയ്യാൻ ആണ് നിർദേശം. മാർച്ച് 1 ന് ഓരോ നഗരത്തിൽ നിന്നും രാവിലെ 8 നും ഉച്ചയ്ക്ക് 1 നും ഇടയിൽ ഒന്നിലധികം ഫ്ലൈറ്റുകൾ പുറപ്പെടും. ‘ഒരു ദമ്പതികൾക്ക് മൂന്ന് സ്യൂട്ട്കേസുകൾ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് ബോധപൂർവ്വം പാക്ക് ചെയ്യാൻ അഭ്യർത്ഥിക്കുന്നു’ എന്ന നിർദേശം ബുക്‌ലെറ്റിലുണ്ട്.

മൂന്നുദിവസവും വൈകുന്നേരങ്ങളിലാണ് ആഘോഷങ്ങൾ നടക്കുന്നത്. അതിനാൽ തന്നെ ഓരോ സായാഹ്നത്തിനും ഓരോ തീമുണ്ട്. ആദ്യ ദിനത്തിൽ ‘എവർലാൻഡിലെ ഒരു സായാഹ്നം’ എന്ന പേരിൽ ‘എലഗൻ്റ് കോക്ടെയ്ൽ വസ്ത്രം’ എന്ന് ഡ്രസ് കോഡ് സജ്ജീകരിച്ചിരിക്കുന്നു.

Read also: പിറന്നാൾ ദിനത്തിൽ ഒറ്റയ്ക്ക് ഫ്ലൈറ്റ് യാത്ര; യാത്രക്കാർ കുരുന്നിനു ഒരുക്കിയ പിറന്നാൾ സർപ്രൈസ്


രണ്ടാം ദിവസം രണ്ട് ഇവന്റുകൾ ഉണ്ട്. ആദ്യം, ജാംനഗറിലെ അംബാനിയുടെ മൃഗസംരക്ഷണ കേന്ദ്രത്തിൽ ‘എ വാക്ക് ഓൺ ദി വൈൽഡ്‌സൈഡ്’ ആണ് നടക്കുന്നത്. സുഖപ്രദമായ പാദരക്ഷകളും വസ്ത്രങ്ങളും ഈ ഇവന്റിലേക്ക് ശുപാർശ ചെയ്യുന്നു. തുടർന്ന്, അതിഥികൾ ‘മേള റൂജ്’ എന്ന പരിപാടിയിലാണ് പങ്കെടുക്കുക. ഇതിൽ ദക്ഷിണേഷ്യൻ ദേശി വസ്ത്രങ്ങളാണ് നിർദേശിച്ചിരിക്കുന്നത്.

ജാംനഗറിൻ്റെ പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ‘കാഷ്വൽ ചിക്’ വസ്ത്രങ്ങൾ ധരിച്ചാണ് അവസാന ദിവസത്തെ ഇവന്റിൽ പങ്കെടുക്കേണ്ടത്.

വാർഡ്രോബിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ വിശദമായി വിവരിക്കുന്നുണ്ട് ബുക്ക്ലെറ്റിൽ.
കഴിഞ്ഞയാഴ്ച ആചരിച്ച പരമ്പരാഗത ഗുജറാത്തി ആചാരമായ ലഗാൻ ലക്ഷ്വനു ചടങ്ങോടെയാണ് വിവാഹത്തിന്റെ ആഘോഷങ്ങൾ ആരംഭിച്ചത്. ഈ ആചാരപരമായ വഴിപാടിനിടെ, അതിഥികൾക്ക് വിതരണം ചെയ്യുന്നതിനുമുമ്പ് അനുഗ്രഹങ്ങൾക്കായി വിവാഹ ക്ഷണക്കത്ത് ദേവന്മാർക്ക് സമർപ്പിച്ചിരുന്നു.

Story highlights-anant ambani and radhika wedding wardrobe guide for guest