വിജയചരിത്രമെഴുതി ‘അന്വേഷിപ്പിൻ കണ്ടെത്തും’! സിനിമയ്ക്ക് പിന്നിലെ ഇരട്ടകൾക്ക് ഇന്ന് പിറന്നാൾ

February 17, 2024

ഇരട്ട സഹോദരങ്ങള്‍ ചേര്‍ന്ന് ഒരു സിനിമയുടെ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുക. ആ സിനിമ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുക. മലയാള സിനിമ ചരിത്രത്തില്‍ തന്നെ വളരെ അപൂര്‍വമായിട്ട് മാത്രം സംഭവിക്കുന്ന ഒന്നാണിത്. ടൊവിനോ തോമസ് നായകനായി എത്തിയ പുതിയ ചിത്രമായ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ അണിയറയിലാണ് ഇത്തരത്തില്‍ ഒരു അപൂര്‍വ ഒത്തുചേരലിന് വേദിയായിട്ടുള്ളത്. സിനിമയുടെ സംവിധായകനും നിര്‍മാതാവുമായ ഡാര്‍വിനും ഡോള്‍വിനും ഇരട്ട സഹോദരങ്ങളാണ്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു സിനിമയുടെ സംവിധായകനും നിര്‍മാതാവും ഇരട്ടകളാകുന്നത്. ഇന്നവര്‍ തങ്ങളുടെ പിറന്നാള്‍ ആഘോഷിക്കുകയാണ്. അതുകൊണ്ടുതന്നെ സിനിമയുടെ വിജയത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ പിറന്നാളിന് ഇരട്ടി മധുരമാണ്. ( Anweshippin kandethum Director and Producer birthday )

മലയാള സിനിമയിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തിയ ഈ സിനിമയുടെ സംവിധായകന്‍ നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസാണ്. ജിനു വി എബ്രഹാം, ജോണി ആന്റണി തുടങ്ങിയവരോടൊപ്പം നിരവധി സിനിമകളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ഡാര്‍വിന്‍ സ്വതന്ത്ര സംവിധാനത്തിലേക്ക് എത്തുന്നത്. ഡാര്‍വിന്റെ ഇരട്ട സഹോദരനായ ഡോള്‍വിന്‍ കുര്യാക്കോസാണ് ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ വിഭാഗത്തിലുള്ള സിനിമ നിര്‍മിച്ചിരിക്കുന്നത്. തന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സ്വന്തം സഹോദരന്‍ തന്നെ നിര്‍മിക്കാന്‍ ഇടയായതിനെ കുറിച്ച് ഡാര്‍വിന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്.

‘ഇരട്ടകളായതിനാല്‍ എന്നേയും ഡോള്‍വിനേയും സംബന്ധിച്ച് എല്ലാ കാര്യങ്ങളിലും ഉള്ള ടേസ്റ്റ് ഒരുപോലെയാണെന്ന് പറയാന്‍ പറ്റില്ല. കോമണായി ചില കാര്യങ്ങളില്‍ ടേസ്റ്റ് ഒരേ പോലെയായിരിക്കാം. ചെറുപ്പം മുതല്‍ ഞാനും അവനും ഒന്നിച്ചാണല്ലോ എല്ലാ കാര്യങ്ങളും എക്‌സ്പീരിയന്‍സ് ചെയ്തത്. പാരന്റ്‌സ് ഞങ്ങളെ വീട്ടില്‍ നിന്ന് കൊണ്ടുപോയി കാണിക്കുന്ന സിനിമകള്‍ വരെ ഒന്നായിരുന്നു. അതിനാല്‍ തന്നെ ടേസ്റ്റ് ചില കാര്യങ്ങളില്‍ ഒന്നിച്ചുവരും, ചില കാര്യങ്ങളില്‍ രണ്ടായിരിക്കും. പക്ഷേ സിനിമയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരേ ടേസ്റ്റാണ്. ചിലപ്പോള്‍ അത് ചെറുപ്പം മുതല്‍ കണ്ടുവന്ന സിനിമകള്‍ ഒന്നായത് കൊണ്ടാകാം. എനിക്ക് ഡയറക്ടറാകണമെന്ന ആഗ്രഹം ഉള്ളില്‍ വരുന്നതിന് മുമ്പേ തന്നെ ഡോള്‍വിന് സിനിമ വലിയ ഇഷ്ടമായിരുന്നു. ഡോള്‍വിന്‍ പ്രൊഡക്ഷനിലേക്ക് വന്നത് എനിക്ക് ഡയറക്ടറാകാന്‍ വേണ്ടിയല്ല. ഇരുവര്‍ക്കും സിനിമ ഇഷ്ടമാണ്. സഹകരിച്ച് പോകണമെന്ന ആഗ്രഹത്തില്‍ ഞങ്ങള്‍ ഒരുമിച്ചൊരു സിനിമ ഒരുക്കുകയായിരുന്നു. ഞങ്ങള്‍ക്ക് സിനിമ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അസിസ്റ്റന്റ് ഡയറക്ടറാകാന്‍ ജോണി സാറിനടുത്ത് വന്നതായിരുന്നു ആ സമയത്തെ ഏക സിനിമ ബന്ധം. സിനിമയില്‍ വന്ന ശേഷം നിരവധി സൗഹൃദങ്ങള്‍ ഉണ്ട്. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനോടൊപ്പം ചേര്‍ന്ന് ഡോള്‍വിന്‍ ‘കാപ്പ’ നിര്‍മിച്ച ശേഷം ഒട്ടേറെ ബന്ധങ്ങള്‍ സിനിമാലോകത്ത് ഞങ്ങള്‍ക്കുണ്ടായി. ഒടുവില്‍ ഇപ്പോള്‍ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ വരെ ഞങ്ങളുടെ യാത്ര എത്തി നില്‍ക്കുന്നു’ – ഡാര്‍വിന്‍ കുര്യാക്കോസിന്റെ വാക്കുകള്‍.

‘ഡാര്‍വിന്‍ കൊണ്ട വെയിലും മഴയുമാണ് സിനിമയില്‍ എന്റെ തണല്‍ എന്ന് പറയാനാണ് തനിക്ക് ഇഷ്ടമെന്ന് ഡോള്‍വിന്‍ മനസ് തുറക്കുന്നു. ആദ്യം സിനിമയുമായി ബന്ധമുണ്ടായത് ഡാര്‍വിന്‍ ആയിരുന്നു. അതിന് ശേഷമാണ് ഞാന്‍ സിനിമയുടെ ഭാഗമായി എത്തിയത്. അന്വേഷിപ്പിന്‍ കണ്ടെത്തും മികച്ച വിജയം നേടി മുന്നേറുമ്പോള്‍ പറഞ്ഞ ബഡ്ജറ്റിലും കുറവ് മാത്രം ചെലവഴിച്ച് സിനിമയൊരുക്കിയ ഡാര്‍വിന്‍ എന്ന സംവിധായകന്റെ കൂടി വിജയമെന്ന് പറയാം. ഇതുവരെ ചിത്രം കേരള ബോക്‌സോഫീസില്‍ നിന്ന് 12 കോടിക്ക് മുകളില്‍ കളക്ട് ചെയ്ത് കഴിഞ്ഞു. ഗ്ലോബല്‍ കളക്ഷന്‍ കൂടി ചേരുമ്പോള്‍ അത് 18 കോടി കടക്കും. ഒടിടി റൈറ്റ്‌സും മറ്റുമൊക്കെ ഇതിന് പുറമെ വരും, ഞങ്ങളൊരുമിച്ച ആദ്യ സിനിമ ഇത്ര വലിയൊരു വിജയം നേടിയതിനാല്‍ തന്നെ ഈ പിറന്നാളിന് ഇരട്ടി മധുരമുണ്ട്”, ഡോള്‍വിന്‍ വ്യക്തമാക്കി.

Read Also : ‘ഇത് വല്ല സിനിമയിലും ആയിരുന്നേൽ ജനം ചിരിച്ച് ചിരിച്ച് ചത്തേനേ’; ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ട്രെയ്ലർ പുറത്ത്

തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ വേറിട്ടൊരു അധ്യായം തന്നെയായിരിക്കുകയാണ് തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞിരിക്കുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത തിയേറ്ററുകളിലെല്ലാം മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.

Story highlighlights : Anweshippin kandethum Director and Producer birthday