അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളുമായി ടൈപ്പ്റൈറ്ററിൽ തെളിയുന്ന വിസ്മയം; വ്യത്യസ്തമായി ജെയിംസിന്റെ ചിത്രരചന

February 20, 2024

ഭൂമില്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കാത്ത ചുരുക്കം പ്രവര്‍ത്തികളില്‍ ഒന്നാണ് കല. അവരവരുടെ ചിന്തകളെ മറ്റൊരു തലങ്ങളിലേക്ക് എത്തിക്കുന്നതിനായി കലയുടെ പരമ്പരാഗത രീതികളില്‍ നിന്നും മാറി സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച നിരവധിയാളുകളുണ്ട്. അത്തരത്തില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് വേദിയാകുന്ന മേഖലയാണ് ചിത്രകല. ടൈപ്‌റൈറ്റര്‍ മെഷീനകളെക്കുറിച്ച് നാമെല്ലാം കേട്ടിട്ടുണ്ടാകും. എന്നാല്‍ ഡിജിറ്റല്‍ യുഗത്തിലെ സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റത്തോടെ ടൈപ്‌റൈറ്ററിന്റെ പ്രാധാന്യം കുറഞ്ഞിട്ടുണ്ട്. എങ്കിലും അവയെ കൈവിടാതെ ചേര്‍ത്തുപിടിക്കുന്നവരുമുണ്ട്. ( Architect James Cook turning typewriters into art canvas )

എന്നാല്‍ സാധാരണയായി ടൈപ് ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി ടൈപ്പ്‌റൈറ്റര്‍ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ..? ലണ്ടന്‍ സ്വദേശിയായ ആര്‍കിടെക്ചര്‍ വിദ്യാര്‍ഥിയായ ജയിംസ് കുക്ക് ആണ് ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ച് ചിത്രം വരച്ച പ്രശസ്തനായത്. 27-കാരനായ ജയിംസ് തന്റെ പഠനകാലത്താണ് ടൈപ്‌റൈറ്റര്‍ ഉപയോഗിച്ചുള്ള ചിത്രരചനയിലേക്ക് കടന്നത്. 2014-ല്‍ ടൈപ്‌റൈറ്റര്‍ ആര്‍ട് നിര്‍മിക്കാന്‍ തുടങ്ങിയ ജയിംസ്, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍, മൂന്നൂറിലധികം ചിത്രങ്ങളാണ് വരച്ചിട്ടുള്ളത്.

ആര്‍കിടെക്ചര്‍ മോഹവുമായി ഉപരിപഠനത്തിന് പോയ സമയത്ത് ജെയിംസ്, തന്റെ ചിത്രങ്ങളോടുള്ള ആളുകളുടെ താല്‍പര്യം മനസിലാക്കി. അതിനുശേഷമാണ് ടൈപ്പ്‌റൈറ്റര്‍ ആര്‍ട് പിന്തുടരാന്‍ തീരുമാനിക്കുന്നത്. നേര്‍രേഖകളും ടൈപ്പ്‌റൈറ്ററില്‍ ഇടത്തുനിന്ന് വലത്തോട്ട് നീങ്ങാനുള്ള എളുപ്പവും കാരണം കെട്ടിടങ്ങളുടെ ചിത്രങ്ങളാണ് ആദ്യം വരച്ചുതുടങ്ങിയത്. പിന്നീടാണ് പോര്‍ട്രൈറ്റുകളും സ്ഥലങ്ങളും എല്ലാം വരച്ചുതുടങ്ങി. ലോകപ്രശസ്തമായ പെയിന്റിങ്ങുകളും സാംസ്‌കാരിക വ്യക്തികളുടെ ഛായാചിത്രങ്ങളും പുനര്‍നിര്‍മിച്ച ജെയിംസ്, ഡിജിറ്റല്‍ യുഗത്തിലും പഴയ സാങ്കേതികവിദ്യകള്‍ക്ക് സാധ്യതയുണ്ടെന്ന് തെളിയിക്കുകയാണ്.

ലണ്ടനിലെ ട്രിനിറ്റി ബോയ് വാര്‍ഫിലെ സ്റ്റുഡിയോയിലിരുന്നാണ് ജെയിംസ് കുക്ക് ഇത്തരത്തില്‍ ടൈപ്പ്‌റൈറ്ററില്‍ ചിത്രങ്ങള്‍ ഒരുക്കുന്നത്. ഇത്തരത്തില്‍ ആരെയും വിസ്മയപ്പിക്കുന്ന തരത്തലുള്ള ചിത്രങ്ങള്‍ ഒരുക്കുന്നതിന് സഹായകരമായ അറുപതിലധികം ടൈപ്പ്‌റൈറ്റുകള്‍ ജെയിംസിന്റെ പക്കലുണ്ട്. അതില്‍ ഭൂരിഭാഗവും ആരാധകര്‍ സമ്മാനിച്ചതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിക്കുന്ന ജയിംസ്, സെലിബ്രിറ്റികള്‍, ടെലിവിഷന്‍ അവതാരകര്‍, സംഗീതജ്ഞര്‍, കോര്‍പറേറ്റ് കമ്പനികള്‍ എന്നിവര്‍ക്കായി കലാസൃഷ്ടികള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.

Read Also : ഡാവിഞ്ചിയുടെ ‘മൊണാലിസ’ പ്രശസ്തയായിരുന്നില്ല- ഇതിഹാസ പെയിന്റിംഗ് ലോകശ്രദ്ധനേടിയത് ഒരു ഗംഭീര മോഷണത്തോടെ!

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മോണാലിസ, ജോഹന്നാസ് വെര്‍മീറിന്റെ ഗേള്‍ വിത്ത് എ പേള്‍ ഇയര്‍റിങ് എന്നിവയുള്‍പ്പെടെയുള്ള പ്രശസ്തമായ ചിത്രങ്ങളെല്ലാം ജെയിംസിന്റെ ടൈപ്പ്‌റൈറ്റഡ് ഡ്രോയിങ്ങില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഒരു പോസ്റ്റ്കാര്‍ഡിന്റെ വലുപ്പം മുതല്‍ വലിയ കടലാസ് റോളുകളുടെ വരെ വലുപ്പത്തിലാണ് ജയിംസ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. ചിത്രത്തിന് പുറമേ ടൈപ്പ്റൈറ്റര്‍ ആര്‍ട്ടിന്റെ വിഡിയോ റെക്കോഡിങ്ങും ജെയിംസ് അയച്ചു നല്‍കും. ജെയിംസ് കുക്കിന്റെ സൃഷ്ടികള്‍ jamescookartwork.com എന്ന അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Story highlights : Architect James Cook turning typewriters into art canvas