ഡാവിഞ്ചിയുടെ ‘മൊണാലിസ’ പ്രശസ്തയായിരുന്നില്ല- ഇതിഹാസ പെയിന്റിംഗ് ലോകശ്രദ്ധനേടിയത് ഒരു ഗംഭീര മോഷണത്തോടെ!

February 20, 2024

ലോകത്തിലെ ഏറ്റവും പ്രശസ്തവും ആളുകൾക്ക് തിരിച്ചറിയാവുന്നതും ഏറ്റവുമധികം പകർത്തിയതുമായ കലാസൃഷ്ടിയായ ലിയോനാർഡോ ഡാവിഞ്ചിയുടെ ഐതിഹാസികമായ മൊണാലിസയ്ക്ക് ഒട്ടേറെ കഥാചരിത്രമുണ്ട് പറയാൻ. 1503 നും 1519 നും ഇടയിൽ വരച്ച ചിത്രം നൂറ്റാണ്ടുകളായി ഫ്രഞ്ച് റോയൽറ്റിയുടെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് പെയിൻ്റിംഗ് നെപ്പോളിയൻ്റെ കിടപ്പുമുറിയിലും വെച്ചിരുന്ന ചിത്രം, തുടർന്ന് ലൂവ്രെയിൽ സ്ഥാപിച്ചു. ലൂവ്രെയിലെ സന്ദർശകരിൽ അധികവും മൊണാലിസയെ കാണാൻ മാത്രമായി വരുന്നവരാണ്. സന്ദർശകർക്ക് പെയിൻ്റിംഗിൻ്റെ ഐതിഹാസിക നിഗൂഢത ആസ്വദിക്കാൻ 30 സെക്കൻഡ് മാത്രമേ അനുവദിക്കൂ.

എന്നാൽ, ഈ ചിത്രം ഇന്ന് ലോകം ആഘോഷിക്കുന്ന തരത്തിൽ അത്ര പ്രശസ്തമൊന്നും ആയിരുന്നില്ല എന്നതാണ് സത്യം. മൊണാലിസയെ പ്രശസ്തമാക്കിയത് ഒരു ഗംഭീര മോഷണമാണ്. 1503-ൽ ഫ്ലോറൻസിൽ താമസിക്കുമ്പോൾ ലിയോനാർഡോ വരയ്ക്കാൻ ആരംഭിച്ചതാണ് മൊണാലിസ. പക്ഷേ ഒരു ദശാബ്ദത്തിലേറെ അദ്ദേഹം അത് പൂർത്തിയാക്കിയില്ല. നിഗൂഢതകളുടെ നേർരൂപമായാണ് മൊണാലിസ പിറന്നത്. ആരാണ് ചിത്രത്തിലെ ഈ സ്ത്രീയെന്നോ എന്താണ് അവരുടെ മുഖഭാവമെന്നോ ഇന്നും ദുരൂഹമാണ്.

1860-കൾ വരെ കലാ നിരൂപകർ ഈ ചിത്രത്തെ ഒരു നവോത്ഥാന മാസ്റ്റർപീസ് ആയി വാഴ്ത്താൻ തുടങ്ങിയിരുന്നില്ല. 1804-ൽ ലൂവ്രെ ഈ പെയിൻ്റിംഗ് സ്വന്തമാക്കി, പക്ഷേ 1911-ൽ മൊണാലിസ മോഷണം പോയി. ലൂവ്രെയിൽ ജോലി ചെയ്തിരുന്ന ഇറ്റാലിയൻ മരപ്പണിക്കാരനായ വിൻസെൻസോ പെറുഗ്ഗിയ അത് തൻ്റെ ജാക്കറ്റിനടിയിൽ ഒളിപ്പിച്ച് മോഷ്ടിക്കുകയായിരുന്നു, വലിയ കോളിളക്കമാണ് ഈ സംഭവം വഴിവെച്ചത്. ഇത് ഫ്രഞ്ച് കാബിനറ്റിൻ്റെ യോഗത്തിനും ലൂവ്രെയുടെ പെയിൻ്റിംഗ് ഡയറക്ടറുടെ രാജിയ്ക്കും വരെ കാരണമായി.

പിന്നീട് ഭീകരമായ സംഭവങ്ങളാണ് നടന്നത്. വാർത്താപത്രങ്ങളിൽ മുൻപേജിൽ മൊണാലിസയുടെ ചിത്രങ്ങൾ വന്നു. മോഷണം പോയതിന് ശേഷം ഒഴിഞ്ഞ് കിടന്ന ഇടം കാണാനും ആളുകൾ ഒഴുകിയെത്തി. അവർ പോസ്റ്റ്കാർഡുകൾ പ്രിൻ്റ് ചെയ്തു, മൊണാലിസ പാവകൾ നിർമ്മിച്ച് വിപണനം ചെയ്തു. എന്നാൽ രണ്ടുവർഷത്തോളം മൊണാലിസ ഒളിവിൽ തന്നെയിരുന്നു. മോഷണം നടത്തിയ വിൻസെൻസോ പെറുഗ്ഗിയ അത് തന്റെ അപ്പാർട്മെന്റിൽ ഒളിപ്പിച്ചുവെച്ചു.

എന്നാൽ, രണ്ടുവർഷങ്ങൾക്ക് ശേഷം അയാൾ ധൈര്യം സംഭരിച്ച് ആ പെയിന്റിങ്ങ് വിൽക്കാൻ ഇറങ്ങി. ഇറ്റലിയിലെ ഫ്ളോറൻസ് നഗരത്തിലുള്ള ഉഫീസി ഗാലറിയുടെ ഡയറക്ടറെ വിൽപനയ്ക്കായി അയാൾ സമീപിച്ചു. ഇത്രയും കോളിളക്കം സൃഷ്‌ടിച്ച ഈ ചിത്രം തിരിച്ചറിയാൻ അദ്ദേഹത്തിന് പ്രയാസമുണ്ടായിരുന്നില്ല. ചിത്രം വാങ്ങാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അയാളെ തിരിച്ചയച്ച ഡയറക്ടർ പോലീസിനെ അറിയിച്ചു. ഇത് ഫ്രഞ്ച് ഗവണ്മെന്റിന്റെ ഒരു നിലനിൽപ്പിന്റെ പ്രശ്നവുമായിരുന്നു. അങ്ങനെ 1913 ൽ മൊണാലിസയും വിൻസെൻസോ പെറുഗ്ഗിയയും കസ്റ്റഡിയിലായി.

Read also: ലോകത്തിലെ ഈ 5 ഇടങ്ങൾ ഗൂഗിൾ മാപ്പിൽ മാത്രമേ കാണാൻ സാധിക്കൂ! പ്രവേശനമില്ലാത്ത സ്ഥലങ്ങൾ

ഡാവിഞ്ചിയുടെ യാത്രയ്ക്കൊപ്പം ഫ്രാൻസിലെത്തിയതെന്നു കരുതുന്ന ഈ പെയിന്റിങ് അങ്ങനെ ലൂവ്രെയിൽ തിരികെയെത്തി. ഇത് കാണാൻ ആളുകൾ അങ്ങനെ കൂട്ടമായി എത്തിത്തുടങ്ങി. അങ്ങനെ മൊണാലിസ ഒരു മോഷണത്തിലൂടെ പ്രശസ്തമായി.

Story highlights- what makes Mona Lisa painting famous