വേൾഡ് വൈഡ് റിലീസിനൊരുങ്ങി ഭ്രമയുഗം; ട്രെയിലർ ലോഞ്ചിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

February 8, 2024

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ വലിയ രീതിയിൽ ചർച്ചയിൽ ഇടംപിടിച്ചതാണ്. പിന്നാലെ വന്ന ഓരോ അപ്ഡേറ്റുകളും പോസ്റ്ററുകളും പ്രേക്ഷകരെ സിനിമയിലേക്ക് ആകർഷിച്ചു. ആരാധകരുടെ നിരന്തരമായുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ( Bramayugam global trailer launch date released )

ഭ്രമയുഗത്തിന്റെ ഗ്ലോബൽ ട്രെയിലർ ലോഞ്ച് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫെബ്രുവരി 10ന് യുഎഇ സമയം വൈകിട്ട് ഏഴ് മണിക്കാണ് ട്രെയിലർ ലോഞ്ചിങ് നടക്കുക. യുഎഇയിലെ അബുദാബി അൽവഹ്ദ മാളിലാണ് ലോഞ്ചിങ് ചടങ്ങുകൾ നടക്കുക. മമ്മൂട്ടിയും ഇക്കാര്യം വ്യക്തമാക്കിയുള്ള പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രെയിലർ പുറത്തുവിട്ടിരുന്നില്ല. ടീസറിൽ തന്നെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പ്രകടനം വലിയ രീതിയിൽ പ്രശംസ നേടിയിരുന്നു. ഇതോടെയാണ് ആരാധകർ ട്രെയിലറിനായി ആവശ്യം ഉന്നയിച്ചിരുന്നത്.

ഫെബ്രുവരി 15-ന് ആണ് ഭ്രമയുഗത്തിന്റെ ആ​ഗോള റിലീസ്. അതേസമയം ജിസിസിയിലും വമ്പൻ റിലീസിനാണ് ഭ്രമയുഗം തയായറെടുക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.

22-ൽ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു. യു.കെ, ഫ്രാൻസ്, പോളണ്ട്, ജർമനി ജോർജിയ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി, മാൾട്ട, ഉസ്‌ബെക്കിസ്ഥാൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

അടുത്ത കാലങ്ങളിലുള്ള മമ്മൂട്ടി എന്ന മഹാപ്രതിഭയുടെ സിനിമാ തെരഞ്ഞെടുപ്പുകൾ പ്രേക്ഷകരെ ഞെട്ടിക്കുന്നവയാണ്. ഭ്രമയുഗവും ഇതുവരെ കണ്ടിട്ടില്ലാത്ത മമ്മൂട്ടിയുടെ മറ്റൊരു കഥാപാത്രവും അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Read Also : ‘വാലിബൻ’ ചർച്ചകൾക്കിടയിൽ വരവറിയിച്ച് ‘ഭ്രമയുഗം’; മമ്മൂട്ടിയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ..!

ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ ഒരുക്കുന്നതിനായി ആരംഭിച്ച പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ, രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഭ്രമയുഗം’ മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ഈ വർഷം പ്രദർശനത്തിനെത്തും. ചിത്രീകരണം പൂർത്തിയായ ഭ്രമയുഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.

Story highlights : Bramayugam global trailer launch date released