പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ മമ്മൂട്ടി; ‘ഭ്രമയുഗം’ ട്രെയിലർ പുറത്ത്

February 11, 2024

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയു​ഗം. പ്രഖ്യാപന സമയം മുതൽ ഈ ചിത്രം വലിയ രീതിയിൽ ചർച്ചയിൽ ഇടംപിടിച്ചതാണ്. പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിലാക്കി ഭ്രമയു​ഗത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തുടക്കം മുതൽ ചർച്ചയായ മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന മേക്കോവര്‍ തന്നെയാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും ട്രെയിലറിൽ കാണാം. ( Bramayugam trailer launched Mammootty )

അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ മമ്മൂട്ടിയാണ് ട്രെയിലർ പുറത്തിറക്കിയത്. നിർമാതാവ് രാമചന്ദ്ര, അഭിനേതാക്കളായ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ചടങ്ങിൽ പ​ങ്കെടുത്തു. സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ ആചാരി, അമാൽഡ ലിസ് എന്നിവരാണ് മറ്റുപ്രധാന ‌വേഷങ്ങളിലെത്തുന്നത്.

പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ഭ്രമയുഗത്തിൽ ഏറെ പേടിപ്പെടുത്തുന്ന രൂപത്തിലും ഭാവത്തിലുമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ‘ഭൂതകാലം’ എന്ന ഗംഭീര സിനിമക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം കൂടിയാണ് ഭ്രമയു​ഗം. ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ ഒരുക്കുന്നതിനായി ആരംഭിച്ച പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് നിർമാണം. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായിട്ടാണ് ഈ മാസം 15-ന് പ്രദർശനത്തിനെത്തുന്നത്. കൊച്ചി, ഒറ്റപ്പാലം ആതിരപ്പിള്ളി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്.

Read Also : വേൾഡ് വൈഡ് റിലീസിനൊരുങ്ങി ഭ്രമയുഗം; ട്രെയിലർ ലോഞ്ചിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ


Story highlights : Bramayugam trailer launched Mammootty