തലയെടുപ്പുള്ള 700-ലധികം മാളികകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ- ദുരന്തമായ ഒരു നിർമാണ പദ്ധതി

February 8, 2024

വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ഏറ്റവും ചരിത്രപരവും മനോഹരവുമായ ഭാഗങ്ങളിൽ ഒന്നായ ഇസ്‌താൻബൂളിനും അങ്കാറയ്ക്കും ഇടയിലുള്ള പ്രകൃതി ഇടതൂർന്ന പൈൻ വനങ്ങളാൽ നിറഞ്ഞ ഒരിടമാണ്. ഈ മനോഹരഭൂമിയിലേക്ക് യാത്ര ചെയ്‌താൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരേപോലെയുള്ള ഡിസ്‌നി കോട്ടയുടെ അനന്തമായ നിരയാണ്.. ഒരു ഫെയറി ലാൻഡിൽ എത്തിയ അനുഭൂതി ഈ കാഴ്ച സമ്മാനിക്കും. സ്വപ്നസമാനമായ ഈ ദൃശ്യം, പക്ഷേ സ്വപ്നമായി തന്നെ തുടരുകയാണ് എന്ന് പറയാം. കാരണം, ഇവിടേക്കുള്ള പാതകളും പൂർത്തിയായിട്ടില്ല. പണിതീർന്ന കെട്ടിടങ്ങളുടെ നിർമാണ അവശിഷ്ടങ്ങൾ നിലംപൊത്തുന്ന അവസ്ഥയിലുമാണ്.

യഥാർത്ഥത്തിൽ ഉപേക്ഷിക്കപ്പെട്ട ഇടമാണ് ഇത്. ഇതൊരു ഫെയറി ടെയിൽ ഗോസ്റ്റ് ടൗൺ ആണ്. ദുരുപയോഗത്തിനും ആഗോള സാമ്പത്തിക പ്രതിസന്ധിക്കും ഇരയായ ഒരു അതിമോഹവും ആഡംബരപൂർണ്ണവുമായ വികസന പദ്ധതിയാണ് ഈ കാണുന്നത്. ബുർജ് അൽ ബാബാസ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ചരിത്ര നഗരമായ മുദുർനുവിൽ നിന്ന് ഏതാനും മൈലുകൾ അകലെ സ്ഥിതി ചെയ്യുന്നു.

ആഡംബര ഭവന വികസനമെന്ന നിലയിൽ പ്രസിദ്ധിനേടിയ ബുർജ് അൽ ബാബാസ്, അതിൻ്റെ ഡെവലപ്പർമാരായ സരോത് പ്രോപ്പർട്ടി ഗ്രൂപ്പ് പാപ്പരായതിനെ തുടർന്ന് പൂർത്തിയാകാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. തുർക്കിയുടെ കടബാധ്യതയുള്ള നിർമ്മാണ മേഖലയിലെ മറ്റ് ഡെവലപ്പർമാർക്ക് ഈ പദ്ധതി ഒരു മുന്നറിയിപ്പ് കഥയായി മാറിയിരിക്കുന്നു.

സമ്പന്നരായ ഗൾഫ് വിനോദസഞ്ചാരികൾക്കായി പ്രാഥമികമായി ഹോളിഡേ ഹോമുകളായി രൂപകൽപ്പന ചെയ്ത യൂണിറ്റുകളുടെ പ്രവർത്തനം 2014 ൽ ആരംഭിച്ചു. ഡിസ്‌നി കോട്ട പോലെയാണ് ഇവിടെ വീടുകൾ പണിതുയർന്നത്.

ഡിസ്നി മാതൃകയിലുള്ള വീടുകളിൽ ചുരുക്കം ചിലത് മാത്രമേ വിറ്റഴിക്കപ്പെട്ടിട്ടുള്ളൂ, എന്നിരുന്നാലും, നിരവധി നിക്ഷേപകർ പിന്നീട് പിൻവലിച്ചതായി സരോട്ട് പ്രോപ്പർട്ടി ഗ്രൂപ്പിൻ്റെ വക്താവ് പറഞ്ഞതായി അറിഞ്ഞു. ആസൂത്രണം ചെയ്ത 732 കെട്ടിടങ്ങളിൽ 587 എണ്ണം പൂർത്തിയായി, കമ്പനി ഇപ്പോൾ 20 മില്യൺ പൗണ്ട് കടത്തിലാണ്.

Read also: ഫുഡ് ഡെലിവറിക്കിടെ വഴിവിളക്കിന് താഴെയിരുന്ന് പഠനം; ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിൽ നിന്നും പോരാടുന്ന അഖിൽ..!

ബൈസൻ്റൈൻ കെട്ടിടങ്ങൾ, പരമ്പരാഗത ഓട്ടോമൻ തടി വീടുകൾ, 600 വർഷം പഴക്കമുള്ള ഒരു മുസ്ലീം പള്ളി എന്നിവയൊക്കെയുള്ള ഈ പ്രദേശത്തിൻ്റെ പരമ്പരാഗത വാസ്തുവിദ്യയ്ക്ക് അനുയോജ്യമല്ലെന്ന് പറയുന്ന ഈ നിർമ്മാണ പദ്ധതി വളരെക്കാലമായി മുദുർനു പ്രദേശവാസികൾ വെറുത്തിരുന്നു. അവരുടെ എതിർപ്പിനൊപ്പം തുർക്കിയിൽ സാമ്പത്തിക പ്രതിസന്ധി കൂടി വന്നപ്പോൾ നിർമാതാക്കൾ മൊത്തത്തിൽ കടക്കെണിയിലായിപ്പോയി. ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട ഒരു പ്രേതനഗരമായി ഇവിടം അവശേഷിക്കുന്നു.

Story highlights- Burj Al Babas story