ചായയായാലും കാപ്പിയായാലും ഉടനടി ‘പറന്നെത്തും’; ഡ്രോൺ പരീക്ഷണവുമായി ഒരു കഫേ
കാപ്പിയും ചായയും എന്നും ആളുകൾക്ക് ഒരു ഹരമാണ്. വൈകുന്നേരങ്ങളിൽ അല്ലെങ്കിൽ ഉണരുമ്പോൾ ഇഷ്ടപാനീയം കുടിച്ചില്ലെങ്കിൽ തലവേദനിക്കുന്നവരാണ് അധികവും. അതിനാൽ തന്നെ ഉണർവ്വ് നൽകുന്ന ചായയ്ക്കും കാപ്പിക്കും വേണ്ടി എത്ര ദൂരം വേണമെങ്കിലും താണ്ടാൻ തയ്യാറുള്ളവരുണ്ട്. ഈ പ്രിയ പാനീയങ്ങളുടെ ജനപ്രിയത വിപണിയിൽ എന്നും വലിയ മത്സരങ്ങൾ സൃഷ്ടിക്കാറുമുണ്ട്. പകരുന്നത് എത്ര സാധാരണ ചായ ആയാലും കാപ്പി ആയാലും അത് വേറിട്ട രീതിയിലായിരിക്കണം എന്ന മത്സരം നിലനിൽക്കുന്നുണ്ട്.
അങ്ങനെ പരീക്ഷണങ്ങളുടെ പരമ്പരകൾ നിരവധി ഉള്ള കാലത്ത് പറന്നെത്തുന്ന ചായ ശ്രദ്ധനേടുകയാണ്. കൊൽക്കത്തയിലെ ഒരു കഫേ ഈ അദ്വിതീയ അനുഭവം സൃഷ്ടിക്കുകയാണ്. സാൾട്ട് ലേക്കിലെ കൽക്കട്ട 64 എന്ന കഫേയിൽ നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട കോഫി ഓർഡർ ചെയ്യാം. പിന്നാലെ മിനിറ്റുകൾക്കുള്ളിൽ ഒരു ഡ്രോൺ പറന്നുയരും, നിങ്ങളുടെ ആവിപറക്കുന്ന കോഫീ നിങ്ങളിരിക്കുന്ന ഇടത്തേക്ക് നേരിട്ട് കൊണ്ടുവരും. അതേ.. കോഫീ പറന്നെത്തും എന്നുതന്നെയാണ് അതിന്റെ അർത്ഥം.
ഈ പരീക്ഷണം വേഗതയും സൗകര്യവും മാത്രമല്ല, കൂടുതൽ ടെക്നോളജി സംബന്ധമായ ഭാവിയ്ക്കും വഴിയൊരുക്കുന്നു. മറ്റുള്ള മാര്‍ഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡ്രോണുകൾ പരിസ്ഥിതി സൗഹൃദമായ ഓപ്ഷനാണ് . എന്നാൽ ഈ ഡ്രോൺ ഹോം ഡെലിവറി ചെയ്യില്ല. നിങ്ങൾ കഫേയിലാണെങ്കിൽ മാത്രമേ ഈ അതുല്യമായ സേവനം പ്രയോജനപ്പെടുത്താൻ കഴിയൂ.
Story highlights- cafe serves coffee with drone