ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ; മെദീരയുടെ രാജകുമാരന് ഇന്ന് 39-ാം പിറന്നാൾ
തോല്‍വികള്‍ക്ക് മുമ്പില്‍ പതറാതെ പോരാടി നേട്ടങ്ങള്‍ കൊയ്യുന്ന ഓരോ സാധാരണ മനുഷ്യന്റെയും ഹീറോ..! ആ പഴയ 18 കാരന് ഇപ്പോള്‍ 39-ല്‍ എത്തിയിരിക്കുന്നു, കൂടെ വന്നവര്‍ പലരും പരിശീലകരായി വന്നു, ചിലര്‍ കളം വിട്ടു. റെക്കോഡുകള്‍ സൃഷ്ടിച്ചും പഴയ റെക്കോര്‍ഡുകള്‍ തിരുത്തിയും ആ പോരാട്ടം ഇന്നും തുടരുകയാണ്.. മെദീരയുടെ രാജകുമാരന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിറന്നാള്‍ ആശംസകള്‍.. ( Cristiano Ronaldo turns 39 today )
1985 ഫെബ്രുവരി അഞ്ചിന് ജോസ് ഡിനിസ് അവെയ്റോയുടെയും മരിയ ഡൊലോറസിന്റെയും മകനായിട്ടാണ് ക്രിസ്റ്റ്യാനോ ജനിച്ചത്. കടുത്ത ദാരിദ്ര്യത്തിലൂടെ റൊണാള്‍ഡോയുടെ കുടുംബം കടന്നുപോയിരുന്നത്. എട്ടാം വയസ് മുതല്‍ പന്ത് തട്ടി തുടങ്ങിയ റൊണാള്‍ഡോ കളക്കളത്തില്‍ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്നു. പ്രാദേശിക ക്ലബ്ബായ അന്ഡോറിന്ഹയില് നടത്തിയ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ തന്റെ 12-ാം വയസില്‍ സ്പോര്‍ട്ടിംഗ് ലിസ്ബണില്‍ ചേര്‍ന്നു. ഇവിടെ വച്ചാണ് റൊണാള്‍ഡോ തന്റെ ഔദ്യോഗിക ഫുട്ബോള്‍ കരിയറിന് തുടക്കമിടുന്നത്. അസാധാരണമായ ഡ്രിബ്ലിംഗ്, ഗോള്‍ സ്കോറിംഗ് കഴിവ്, പ്രവര്‍ത്തന നൈതികത എന്നിവയെല്ലാം റൊണാള്‍ഡോയെ ലോകോത്തര ക്ലബുകളുടെ നോട്ടപുള്ളിയാക്കി.
2003-ല്‍ തന്റെ 18-ാം വയസില്‍ പ്രീമിയര്‍ ലീഗ് ക്ലബ് ആയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അദ്ദേഹത്തെ ടീമില്‍ എത്തിച്ചു. ജോര്‍ജ് ബെസ്റ്റ്, ബ്രയാന്‍ റോബ്സണ്, എറിക് കാന്റോണ, ഡേവിഡ് ബെക്കാം അടക്കമുള്ള ഇതിഹാസങ്ങള്‍ അണിഞ്ഞ ഏഴാം നമ്പര്‍ അണിഞ്ഞതോടെയാണ് കിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പേര് ലോക ഫുട്ബോളില്‍ ശ്രദ്ധേയമാവുന്നത്. തുടക്കത്തില്‍ യുണൈറ്റഡിനൊപ്പം വലിയ രീതിയില്‍ തിളങ്ങാനായില്ലെങ്കിലും സര് അലക്സ് ഫെര്ഗുസന് എന്ന ഇതിഹാസ പരിശീലകന് കീഴില്‍ തന്റെ പോരായ്മകളെല്ലാം പരിഹരിച്ച് ഒരു പ്രതിഭയായി മാറുകയായിരുന്നു. 2007-2008 സീസണില്‍ യുണൈറ്റഡിനായി പ്രീമിയര്‍ ലീഗ് കിരീടവും യുവേഫ ചാമ്പ്യന്‍സ് ലീഗും നേടിയതാണ് കരിയറിലെ വഴിത്തിരിവായത്. ആ വര്‍ഷത്തെ ഏറ്റവും മികച്ച കളിക്കാന്‍ സമ്മാനിക്കുന്ന ബാലണ്‍ ദ്യോറും സ്വന്തമാക്കി തന്റെ കരിയറിലെ ആരാധനപാത്രങ്ങളിലൊന്നായ അലക്സ് ഫെര്‍ഗൂസനോട് യാത്ര പറഞ്ഞു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പടിയിറങ്ങി.
ട്രാന്‍സ്ഫര്‍ ചരിത്രത്തിലെ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് 2009-ല്‍ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറി. ഇതോടെ ക്ലബിന്റെയും താരത്തിന്റെയും പുതുയുഗത്തിനാണ് തുടക്കമായത്. ക്രിസ്റ്റ്യാനോ താരത്തിന്റെ മികച്ച കരിയറിലെയും ക്ലബ്ബിന്റെ ചരിത്രത്തിലെയും ഒരു നിര്‍ണായക അധ്യായമായി ഇന്നും നിലകൊള്ളുന്ന ഒന്നാണ് റൊണാള്‍ഡോയും റയല്‍ മാഡ്രിഡും തമ്മിലുള്ള ബന്ധം. 2009 മുതല്‍ 2018 വരെയുള്ള സീസണുകളില്‍ റയല്‍ മാഡ്രിഡിനൊപ്പം പന്തുതട്ടിയ താരം 438 മത്സരങ്ങളില്‍ നിന്നായി 451 ഗോളുകള്‍ നേടി. നിരവധി ചാമ്പ്യന്‍സ് ലീഗും ലാലീഗയും അടക്കം നിരവധി കിരീടനേട്ടങ്ങളിലും പങ്കാളിയായി. ഇക്കാലയളവിനിടയില്‍ പോര്‍ച്ചുഗലിനെ യൂറോകപ്പ് കിരീടത്തിലേക്കും നയിച്ചു.
2018ല്‍ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയതോടെയാണ് റൊണാള്‍ഡോയും റയല്‍ മാഡ്രിഡും തമ്മിലുള്ള അഭോദ്യമായ ബന്ധത്തിന് തിരശ്ശീല വീണത്. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിന്റെ വെള്ളയും കറുപ്പും കലര്‍ന്ന ജഴ്സിയിലും മികച്ച പ്രകടനം നടത്തി. തന്റെ ആദ്യ സീസണില്‍ തന്നെ യുവന്റസിനെ സീരി എ കിരീടത്തിലേക്ക നയിക്കുന്നതില്‍ റൊണാള്‍ഡോ നിര്‍ണായക പങ്കുവഹിച്ചു. 2021-ല്‍ തന്റെ ബാല്യകാല ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിയ റൊണാള്‍ഡോ വീണ്ടും ലോകത്തെ ഞെട്ടിച്ചു. പ്രീമിയര്‍ ലീഗിലേക്കുള്ള മടങ്ങിവരവിലും മികച്ച പ്രകടനത്തോടെ സൂപ്പര്‍താരം കളംവാണു. എന്നാല്‍ 2022 സീസണിലെ ചില നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ റൊണാള്‍ഡോ ക്ലബ് വിടുകയായിരുന്നു.
മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ നിന്നും റൊണാള്‍ഡോ നേരെ പറന്നത് സൗദി ക്ലബായ അല്‍ നസറിലേക്കായിരുന്നു. രണ്ടര വര്‍ഷത്തെ കരാറില്‍ സൗദിയിലേക്കുള്ള നീക്കം റൊണാള്‍ഡോയെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരമാക്കി മാറ്റി. റൊണാള്‍ഡോയുടെ വരവോടെ സൗദി ഫുട്ബോളിന്റെ തലവര തന്നെ മാറുകയായിരുന്നു. പോര്‍ച്ചുഗീസ് നായകന് പിന്നാലെ നെയ്മര്‍ അടക്കം നിരവധി താരങ്ങളാണ് സൗദി ലീഗിലേക്ക് ചേക്കേറിയത്. നിവലില്‍ അല്‍ നസറിന്റെ മിന്നും താരമായ റൊണാള്‍ഡോ 2023 സീസണിലെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ്.
ബാല്യകാലത്ത് കാല്പന്തുകളിയില് പുറത്തെടുത്ത മികവാണ് ദാരിദ്ര്യത്തില്‍ ബുദ്ധിമുട്ടിയ റൊണാള്‍ഡോയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കാല്പന്തുകളിയെ നെഞ്ചോട് ചേര്‍ത്തതാണ് റൊണാള്‍ഡോയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. രണ്ട് പതിറ്റാണ്ടിലധികമായി ലോക ഫുട്ബോളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഈ സൂപ്പര്‍താരം.
Story highlights : Cristiano Ronaldo turns 39 today