‘പാതിവടിച്ച മുടിയും മീശയുമായി ജീവിച്ചത് രണ്ട് മാസം’; മലൈക്കോട്ടൈ വാലിബനിലെ ചമതകൻ
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഈ ചിത്രത്തിൽ ചമതകൻ എന്ന കഥാപാത്രം അവതരിപ്പിച്ച ഡാനിഷ് സേട്ട് ഏറെ പ്രശംസ പിടിച്ചുപറ്റി. നാളുകളായി കോമഡി നടൻ എന്ന പേരിൽ മാത്രം അറിയപ്പെട്ടിരുന്ന നടനായിരുന്ന ഡാനിഷ്. എന്നാൽ ഹാസ്യ കഥാപാത്രത്തിൽ നിന്നും വ്യത്യസ്തമായി കുറച്ച് ശക്തമായ കഥാപാത്രം കിട്ടിയാലും അത് അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുമെന്ന് വാലിബനിലെ ചമതകനിലൂടെ തെളിയിച്ചിരിക്കുകയാണ് ഡാനിഷ്. ( Danish sait about his look in Malaikottai Vaaliban )
വാലിബനുമായി പന്തയത്തിൽ പരാജയപ്പെട്ട ചമതകന് തന്റെ പാതിമീശയും താടിയും തലമുടിയും വടിച്ചു കളയേണ്ടി വരുന്നുണ്ട്. ഇതേ തുടർന്ന് പ്രതികാരദാഹിയായി മാറുന്ന ചമതകൻ ഈയൊരു ലുക്കിലാണ് സിനിമയിലുടനീളം പ്രത്യക്ഷപ്പെടുന്നത്. സ്വന്തം ശബ്ദമാണ് സിനിമയ്ക്കായി താരം നൽകിയത് എന്നതും വലിയ രീതിയിൽ ചർച്ചയായിരുന്നു.
രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഏറിയ ഭാഗവും ചിത്രീകരിച്ചത്. വളരെ നീണ്ട ഷെഡ്യൂളായതിനാൽ തന്നെ ഈ ലുക്കിൽ ജീവിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പൊതുവേ സിനിമകൾക്കായി വരുത്തുന്ന ലുക്കുകളിൽ താരങ്ങൾ പുറത്തിറങ്ങാറുണ്ടെങ്കിലും ഡാനിഷ് എന്ന നടനെ സംബന്ധിച്ച് ഈ ലുക്കുമായി പുറത്തിറങ്ങുന്നതിന് ഏറെ പരിമിതികളുണ്ടായിരുന്നു.
വാലിബന് വേണ്ടി പകുതി വടിച്ച മുടിയും മീശയുമായി രണ്ട് മാസമാണ് ജീവിച്ചതെന്നാണ് ഡാനിഷ് പറയുന്നത്. ആ ദിവസങ്ങളിൽ തന്റെ ഭാര്യയുടെ പിന്തുണയാണ് തനിക്ക് സഹായകമായതെന്നും ഡാനിഷ് വ്യക്തമാക്കി. പാതിമീശയും താടിയും തലമുടിയുമായുള്ള ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് വാലിബൻ ചിത്രീകരണ സമയത്ത് താൻ കടന്നുപോയ ദിനങ്ങളെക്കുറിച്ച് ഡാനിഷ് മനസ് തുറന്നത്.
Read Also : വരൻ ഡോക്ടറാണ്; വൈറലായി ഓപ്പറേഷൻ തിയേറ്ററിലെ സേവ് ദി ഡേറ്റ്, പിന്നാലെ ജോലി പോയി
ഹാസ്യനടനും ടെലിവിഷൻ അവതാരകനുമായ ഡാനിഷ് കന്നഡ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. റേഡിയോ ജോക്കിയായാണ് ഡാനിഷ് സേട്ട് തന്റെ കരിയർ ആരംഭിച്ചത്. ഫ്രഞ്ച് ബിരിയാണി, സോൾഡ്, 777 ചാർളി അടക്കമുള്ള ഹാസ്യചിത്രങ്ങളിൽ ഡാനിഷ് അഭിനയിച്ചിട്ടുണ്ട്.
Story highlights : Danish sait about his look in Malaikottai Vaaliban