വിയർപ്പ് സാധാരണമാണ്; പക്ഷേ, അമിതമായി ശരീരവും തലയോട്ടിയും വിയർക്കുന്നതിന്റെ പിന്നിൽ..

February 3, 2024

എല്ലാവരിലും വളരെ സാധാരണയായി കാണുന്നതാണ് വിയർപ്പ്. ചൂടുള്ള കാലാവസ്ഥ മൂലമോ, ശാരീരിക പ്രവർത്തനങ്ങൾ കാരണമോ വിയർക്കാം. അതായത്, ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു സാധാരണ ശാരീരിക പ്രവർത്തനമാണ് വിയർക്കുന്നത്. എന്നാൽ, നിങ്ങൾ അമിതമായി വിയർക്കുമ്പോൾ വളരെയധികം ശ്രദ്ധ ആവശ്യമായി വന്നേക്കാം.

അമിതമായ വിയർപ്പ് അല്ലെങ്കിൽ ഹൈപ്പർഹൈഡ്രോസിസ് വിവിധ കാരണങ്ങളാൽ ഉണ്ടാകാവുന്ന ഒരു അവസ്ഥയാണ്. വിയർപ്പ് സാധാരണമാണെങ്കിലും, നിയന്ത്രണാതീതമായി വിയർക്കുന്നത് ശരീരത്തിൻറെ സാധാരണ താപനില നിലനിർത്താൻ ആവശ്യമായതിനേക്കാൾ കൂടുതൽ വിയർക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്.

വിയർക്കാൻ ഒരു കാരണവുമില്ലാതെ അതായത്, വ്യായാമം ചെയ്യാതെയും, ചൂടുള്ള കാലാവസ്ഥയില്ലാതെയും വിയർക്കുന്നുണ്ടെങ്കിൽ, ക്രാനിയോഫേസിയൽ ഹൈപ്പർഹൈഡ്രോസിസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. രണ്ട് തരം ഹൈപ്പർഹൈഡ്രോസിസ് ഉണ്ട്. ഇതിൽ പ്രാഥമിക ഹൈപ്പർഹൈഡ്രോസിസ് ആളുകൾക്കിടയിൽ സാധാരണമാണ്, ഇത് മെഡിക്കൽ അവസ്ഥ കാരണമോ , ശാരീരിക പ്രവർത്തനങ്ങളോ താപനില ഉയർന്നതുകൊണ്ടോ അല്ല.

എന്നാൽ, സെക്കൻഡറി ഹൈപ്പർ‌ഹൈഡ്രോസിസ്, വ്യത്യസ്ത രോഗങ്ങളായ ഹൃദ്രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ക്യാൻസർ, പ്രമേഹം, ആർത്തവവിരാമം എന്നിവകൊണ്ടാണ് അനുഭവപ്പെടുന്നത്. അതേസമയം, തലയോട്ടി അമിതമായി വിയർക്കുന്നത് തികച്ചും പ്രശ്‌നകരമാണ്. മുടി കേടുവരുന്നതും താരൻ ബാധിക്കുന്നതും ചൊറിച്ചിൽ അനുഭവപ്പെടുന്നതും ഇങ്ങനെ അമിതമായി വിയർക്കുന്നതുകൊണ്ടാണ്. ഹോർമോൺ പ്രശ്നം, ചൂട്, അമിതമായ ദേഷ്യം, മരുന്നുകളുടെ ഉപയോഗമെല്ലാം ഇങ്ങനെ തലയോട്ടി വിയർക്കാൻ കാരണമാകുന്നു.

Read also: ലോകരാജ്യങ്ങളിൽ ശക്തർ യു.എസ് തന്നെ; ഇന്ത്യയുടെ സ്ഥാനമറിയാം..

തണുത്തതും സുഖപ്രദവുമായ വസ്ത്രം ധരിക്കുന്നത് വിയർപ്പിന്റെ തോത് കുറയ്ക്കാൻ സഹായിക്കും. പ്രധാനമായി ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീര താപനില നിയന്ത്രിക്കുന്നതിന് പ്രധാനമാണ്. ഇത് അമിതമായി വിയർക്കുന്നതിൽ നിന്ന് തടയുകയും കൂടുതൽ നേരം ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യും. മാത്രമല്ല, തലമുടി ഇടയ്ക്കിടെ കഴുകാൻ മറക്കരുത്. വേനൽകാലത്ത് രണ്ടുതവണ തലകഴുകുന്നതാണ് ഉത്തമം.

Story highlights- excessive sweating reason