ലോകരാജ്യങ്ങളിൽ ശക്തർ യു.എസ് തന്നെ; ഇന്ത്യയുടെ സ്ഥാനമറിയാം..

February 3, 2024

ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രം എന്ന പദവി കൈവിടാതെ യു.എസ്. നമ്മുടെ അയല്‍രാജ്യമായ ചൈനയാണ് ഈ പട്ടികയില്‍ രണ്ടാമതുള്ളത്. യു.എസ് ന്യൂസ് പവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒരോ രാജ്യത്തിന്റെ നേതൃത്വഗുണം, സാമ്പത്തിക-രാഷ്ട്രീയ സ്വാധീനം, അന്താരാഷ്ട്ര ബന്ധങ്ങള്‍, സൈനിക ശക്തി എന്നിവയുടെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടിക തയാറാക്കുന്നത്. ( Most powerful countries in the world )

സാങ്കേതികം, ധനകാര്യം, വിനോദം എന്നീ മേഖലകളിലെ ആധിപത്യമാണ് അമേരിക്കയെ ആദ്യ സ്ഥാനത്ത് നിലനിര്‍ത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും 5ജിയും അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയും സാമ്പത്തിക സ്വാധീനവുമാണ് ചൈനയ്ക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. സൈനിക ശക്തിയുടെ കാര്യത്തില്‍ മികവ് പുലര്‍ത്തുന്ന റഷ്യയാണ് മൂന്നാമത്. ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്കുള്ള സംഭാവനയും ആഗോള കാര്യങ്ങളില്‍ സ്വാധീനം ചെലുത്താനുള്ള കഴിവും റഷ്യയ്ക്ക് സഹായകമായി.

ഹരിത ഊര്‍ജം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നീ മേഖലകളില്‍ മുന്നേറ്റം നടത്തിയ ജര്‍മനിയാണ് നാലാമത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിലും ജര്‍മനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബ്രെക്‌സിറ്റിന് ശേഷവും തളരാതെ സാമ്പത്തിക രംഗത്ത് മുന്നേറ്റം നടത്തുന്ന ബ്രിട്ടനാണ് ആണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്ര കേന്ദ്രമായ ലണ്ടന്‍ ടെക് വ്യവസായത്തിലും രാജ്യം കുതിച്ചുയരുകയാണ്. സാങ്കേതികവിദ്യയിലും നവീകരണത്തിലും മുന്നിട്ടുനില്‍ക്കുന്ന ദക്ഷിണ കൊറിയ ആറാമതെത്തി. ഫ്രാന്‍സ് ഏഴാം സ്ഥാനത്താണ്. യൂറോപ്യന്‍ യൂണിയന്റെ സ്ഥിരതക്ക് നല്‍കുന്ന സംഭാവനകളാണ് ഫ്രാന്‍സിനെ ആദ്യ പത്തില്‍ ഉള്‍പ്പെടുത്തിയത്.

ജപ്പാന്‍ സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് എട്ട് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍. വിപുലമായ ചിപ്പ് നിര്‍മാണം, എ.ഐ, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ എന്നിവ ജപ്പാനെ മുന്‍നിരയിലെത്തിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദന രാജ്യങ്ങളിലൊന്നുമായ സൗദി അറേബ്യക്ക് ഒമ്പതാം സ്ഥാനത്തെത്തി. ടൂറിസത്തിലെ നിക്ഷേപവും നിയോം സിറ്റി പ്രാജക്ട്, 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം നേടിയെടുത്തു എന്നിവയാണ് സൗദിയുടെ മുന്നേറ്റത്തിന് കാരണം.

Read Also : വിസയില്ലാതെ 180 രാജ്യങ്ങളിൽ പ്രവേശനം; ഇത് ലോകത്തിലെ ശക്തമായ പാസ്‌പോർട്ട്

അതേസമയം ഇന്ത്യ 12-ാം സ്ഥാനത്താണ്. ശക്തമായ സമ്പദ്വ്യവസ്ഥ, ശക്തമായ സഖ്യങ്ങള്‍, ശ്രദ്ധേയമായ സൈനിക ശക്തി എന്നിവയാണ് ആഗോളരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ മുന്നിലെത്തിച്ചത്. ജി.ഡി.പിയുടെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാമതാണ്. യു.എസ്, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.

Story highlights : Most powerful countries in the world