സ‍ഞ്ചാരഭൂപടത്തിലെ ഫേവറിറ്റുകൾ; എന്നാൽ സ്വന്തമായി വിമാനത്താവളങ്ങളില്ലാത്ത 5 രാജ്യങ്ങൾ..!

February 20, 2024

ഓരോ രാജ്യങ്ങളിലെയും സഞ്ചാരികളെയും പരസ്പരം ബന്ധിപ്പിക്കുന്നതിൽ വിമാന സർവീസുകൾക്ക് വലിയ പങ്കുണ്ട്. താരതമ്യേന മറ്റുള്ള യാത്ര മാർ​ഗങ്ങളിൽ നിന്നും വ്യത്യസ്തമായി ചെലവ് അൽപം കൂടുതലാണെങ്കിലും വേ​ഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താമെന്നെതാണ് വിമാനയാത്രയെ കൂടുതൽ ജനപ്രിയമാക്കുന്നത്. എന്നാൽ ഇപ്പോഴും സ്വന്തമായി വിമാനത്താവളങ്ങൾ ഇല്ലാത്ത രാജ്യങ്ങളുണ്ട്. കേൾക്കുമ്പോൾ അവിശ്വസിനീയമായി തോന്നാമെങ്കിലും വൻ സാമ്പത്തിക ശേഷിയുണ്ടായിട്ടും ടൂറിസം പ്രധാന വരുമാനമായിട്ടുമുള്ള ഈ രാജ്യങ്ങളിൽ വിമാനത്താവളങ്ങളില്ല. രാജ്യത്തിൻ്റെ ഭൂപ്രകൃതിയും സ്ഥലപരിമിതിയും കണക്കിലെടുത്താണ് ഈ രാജ്യങ്ങൾ വിമാനത്താവളങ്ങൾ നിർമിക്കാൻ മടിക്കുന്നത്. ലോക സഞ്ചാര ഭൂപടത്തിൽ ഏറ്റവും തിരക്കേറിയ ഈ കുഞ്ഞൻ രാജ്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം.. ( Five Countries in the World Without Airports )

വത്തിക്കാൻ സിറ്റി

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ സിറ്റി. ലോകഭൂപടത്തിൽ ഒരു പൊട്ട് പോലെ കാണാനാകുന്ന, 2023 ലെ കണക്ക് പ്രകാരം 800-ൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ രാജ്യത്ത് ഒരു വിമാനത്താവളം നിർമിക്കാൻ ആവശ്യമായ സ്ഥലമില്ല. പൂർണമായും കാൽനടയായി കണ്ടുതീർക്കാവുന്ന അപൂർവം രാജ്യങ്ങളിൽ ഒന്നാണിത്. 30 മിനിറ്റ് ട്രെയിൻ യാത്ര കൊണ്ട് അടുത്തുള്ള വിമാനത്താവളങ്ങളായ ഫ്ലുമിസിനോ, സിയാമ്പിനോ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനാകും.

മൊണോക്കോ

വത്തിക്കാൻ സിറ്റി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാഷ്ട്രമാണ് മൊണോക്കോ. മൂന്ന് വശങ്ങളും ഫ്രാൻസുമായിട്ടാണ് അതിർത്തി പങ്കിടുന്നത്. സ്ഥലപരിമിതി തന്നെയാണ് മൊണോക്കോയിൽ വിമാനത്താവളം ഇല്ലാത്തതിന്റെ കാരണം. മൊണാക്കോ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഫ്രാൻസിലെ നൈസ് കോട്ട് ഡി അസൂർ എയർപോർട്ടിൽ എത്തിയതിന് ശേഷം ടാക്സിയിലോ ബോട്ടിലോ മോണോകയിലെത്താം.

സാൻ മരിനോ

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യങ്ങളിലൊന്നാണ് തെക്കൻ യൂറോപ്പിൽ സ്ഥിതിചെയ്യുന്ന സാൻ മരിനോ. പൂർണമായി ഇറ്റലിയാൽ ചുറ്റപ്പെട്ടതിനാൽ കടൽതീരമില്ല. വിസ്തീർണം കുറവായതിനാൽ അവിടെ വിമാനത്താവളവുമില്ല. താരതമ്യേന പരന്ന ഭൂപ്രദേശമായതിനാൽ വിപുലമായ റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കാൻ സഹായമകമാണ്. ഇത് രാജ്യത്തിന് പുറത്തേക്കുള്ള ​ഗതാ​ഗതം കൂടുതൽ എളുപ്പമാക്കുന്നു. ഇറ്റലിയിലെ ചെറിയ പ്രദേശമായ റിമിനിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ബൊലോഗ്ന, ഫ്ലോറൻസ്, വെനീസ്, പിസ എന്നിവയും തദ്ദേശീയരും വിനോദസഞ്ചാരികളും ഉപയോ​ഗിക്കുന്ന വിമാനത്താവളങ്ങളാണ്.

അൻഡോറ

കുന്നും മലകളും നിറഞ്ഞ പ്രദേശങ്ങളിൽ വിമാനങ്ങൾ പറത്തുക എന്നത് വളരെ അപകടകരമായ കാര്യമാണ്. അത്തരത്തിൽ പൂർണമായും പൈറനീസ് പർവതനിരകളാൽ ചുറ്റപ്പെട്ട് ഫ്രാൻസിനും സ്പെയിനിനും ഇടയിൽ സ്ഥിതിചെയ്യുന്ന കുഞ്ഞൻ രാജ്യമാണ് അൻഡോറ. ഏകദേശം 3000 മീറ്ററോളം ഉയരമുള്ള കൊടുമുടികളാണ് അതിർത്തിയിലുള്ളത്. അതുകൊണ്ടാണ് ഈ രാജ്യത്ത് വിമാനത്താവളങ്ങൾ ഇല്ലാത്തത്. 200 കിലോമീറ്റർ ചുറ്റളവിലുള്ള ബാഴ്സലോണ, ലെയ്ഡ, ജിറോണ അടക്കമുള്ള വിമാനത്താവളങ്ങൾ അൻഡോറ സന്ദർശകർക്ക് തെരഞ്ഞെടുക്കാം.

ലിച്ചെൻസ്റ്റീൻ

അൻഡോറയെ പോലെത്തന്നെ ധാരാളം കുന്നുകളാൽ വലയം ചെയ്യപ്പെട്ട 75 കിലോമീറ്ററിൽ താഴെ ചുറ്റളവുള്ള ചെറിയ രാജ്യമാണ് ലിച്ചെൻസ്റ്റീൻ. അത്തരത്തിലൊരു ഭൂപ്രകൃതി കാരണം രാജ്യത്ത് വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമില്ല. ഏകദേശം 120 കിലോമീറ്റർ അകലെ സ്വിറ്റസർലൻഡിലെ സൂറിച്ച് എയർപോർട്ടാണ് ഏറ്റവും അടുത്തുള്ളത്.

Read Also : മോഷണം പോയ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ബ്രെയിൻ; ബുദ്ധിരാക്ഷസനായ ആൽബർട്ട് ഐൻസ്റ്റീന്റെ തലച്ചോറിന്റെ കഥ!

Story highlights : Five Countries in the World Without Airports