മോഷണംപോയ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ബ്രെയിൻ; ബുദ്ധിരാക്ഷസനായ ആൽബർട്ട് ഐൻസ്റ്റീന്റെ തലച്ചോറിന്റെ കഥ!

February 20, 2024

ലോകത്ത് ഏറ്റവുമധികം ചർച്ചയായ തലച്ചോറ് അഥവാ മസ്തിഷ്‌കം ആരുടേതാണ്? സംശയമില്ലാതെ ഉത്തരം പറയാനെളുപ്പമാണ്. മറ്റാരുടേതുമല്ല, ബുദ്ധിരാക്ഷസനായ ശാസ്ത്രജ്ഞൻ ഐൻസ്റ്റീന്റേത്! ജീവിച്ചിരുന്ന സമയത്ത് ആളുകളെ അമ്പരപ്പിച്ച അതേ രീതിയിൽതന്നെയാണ് ഐൻസ്റ്റീന്റെ മരണശേഷവും ആ സൂപ്പർ ബ്രെയിൻ ലോകശ്രദ്ധ നേടിയതും വിവാദങ്ങൾ സൃഷ്ടിച്ചതും. ഒരു മോഷണത്തിലൂടെയാണ് അദ്ദേഹത്തിന്റെ മസ്തിഷ്‌കം ചർച്ചയായത്.

ഐൻസ്റ്റീൻ്റെ തലച്ചോറിനെക്കുറിച്ചുള്ള പഠനം ശാസ്ത്രജ്ഞരിലും പൊതുജനങ്ങളിലും ഒരുപോലെ താൽപ്പര്യം ജനിപ്പിക്കുന്ന ഒരു കൗതുകകരമായ വിഷയമാണ്. ഐൻസ്റ്റീൻ്റെ തലച്ചോറിൽ ശരാശരിയേക്കാൾ ഉയർന്ന ഗ്ലിയൽ സെല്ലുകൾ ഉണ്ടെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിരുന്നു . ആൽബർട്ട് ഐൻസ്റ്റീൻ ആധുനിക കാലഘട്ടത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്നു. സ്ഥലം, സമയം, പ്രപഞ്ചം എന്നിവയെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ അദ്ദേഹം തൻ്റെ ആപേക്ഷികതാ സിദ്ധാന്തങ്ങളിലൂടെ വിപ്ലവകരമായി മാറ്റി. അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ E=mc² സമവാക്യം ഒരുപക്ഷേ എക്കാലത്തെയും ഏറ്റവും പ്രശസ്തമായ ശാസ്ത്ര സൂത്രവാക്യമാണ്. ഇതൊക്കെ പിറവിയെടുത്ത മസ്തിഷ്കത്തിന്റെ കഥ ഇനിയറിയാം.

1955 ഏപ്രിൽ 18-ന് ന്യൂജേഴ്‌സിയിലെ പ്രിൻസ്റ്റണിൽ മാരകമായ അനൂറിസം മൂലമായിരുന്നു മരണമടഞ്ഞത്. തൻ്റെ ശരീരം മുഴുവനും ദഹിപ്പിക്കണമെന്നായിരുന്നു ഐൻസ്റ്റീൻ്റെ ആഗ്രഹം, എന്നാൽ ആ ആഗ്രഹത്തിന് വിരുദ്ധമായി അദ്ദേഹത്തിൻ്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ തോമസ് ഹാർവി മറ്റുചില പദ്ധതികൾ നടത്തി. അദ്ദേഹം ഐൻസ്റ്റീന്റെ തലച്ചോറിനെ വേർപെടുത്തിയെടുത്തു. കണ്ണുകളും നീക്കം ചെയ്ത് സൂക്ഷിച്ചു. എന്നാൽ, കുറേനാളുകൾക്ക് ശേഷം ഐൻസ്റ്റീൻ്റെ മകൻ ഹാൻസ് ആൽബർട്ട് ഇത് കണ്ടെത്തിയതിന് ശേഷം നടന്നത് വലിയ പ്രതിസന്ധികളായിരുന്നു.

ന്യൂറോസയൻസ് വിദഗ്ധനൊന്നുമല്ലാത്ത ഡോ. ഹാർവി എന്തിനിത് ചെയ്തു എന്നതായിരുന്നു ശ്രദ്ധേയം. പക്ഷെ, അത് ലോകപ്രസിദ്ധമായ തലച്ചോറിൻ്റെ വിചിത്രമായ സാഹസികതയുടെ തുടക്കം മാത്രമായിരുന്നു. ഇത്രയൊക്കെ റിസ്ക് എടുത്തെങ്കിലും ഡോ. ഹാർവിക്ക് വലിയ നിരാശയും തിരിച്ചടികളും മാത്രമാണ് ഈ മസ്‌തിഷ്‌കംകൊണ്ട് ഉണ്ടായത്. തലച്ചോറ് മോഷണം അറിഞ്ഞതിന് പിന്നാലെ ഡോ. ഹാർവിക്ക് പ്രിൻസ്റ്റൺ ഹോസ്പിറ്റലിലെ ജോലി നഷ്ടപ്പെട്ടു, അവിടെ അദ്ദേഹം ഗവേഷണം നടത്താൻ ഉദ്ദേശിച്ചിരുന്നു, അതും നടന്നില്ല. പ്രിൻസ്റ്റണിൽ നിന്ന്, ഐൻസ്റ്റൈൻ്റെ തലച്ചോറുമായി, ഹാർവി ഫിലാഡൽഫിയയിലേക്ക് പോയി. ഒരു ഡോക്ടറുടെ സഹായത്തോടെ ഇരുനൂറിലധികം കഷ്നങ്ങളായി വിഭജിച്ചു. എന്നാൽ, വീണ്ടും വര്ഷങ്ങളോളം ഡോ. ഹാർവി ഐൻസ്റ്റീന്റെ തലച്ചോറ് ആർക്കും പഠനത്തിനായി കൊടുത്തില്ല. മാത്രമല്ല, ഐൻസ്റ്റീന്റെ തലച്ചോറിനെക്കുറിച്ച് ഒരു പഠനവും പ്രസിദ്ധികരിക്കുകയും ചെയ്തില്ല. വർഷങ്ങൾക്ക് ശേഷം ഒരു ജേർണലിസ്റ്റ് സംഭവത്തിൽ ഇടപെടുകയും ഈ തലച്ചോറിന്റെ ഭാഗങ്ങൾ കണ്ടെത്തി വിവിധ ശാസ്ത്രജ്ഞർക്ക് വീതിച്ച് നൽകുകയും ചെയ്തു.

പക്ഷേ ഡോ. ഹാർവി ഭൂരിഭാഗവും തലച്ചോറ് തൻ്റെ ബേസ്‌മെൻ്റിലെ ജാറുകളിൽ ഒളിപ്പിച്ച് ലോകത്തിൽ നിന്ന് മറച്ചുവച്ചു. പിന്നീട് ഐൻസ്റ്റീൻ്റെ മരണത്തിന് 30 വർഷങ്ങൾക്ക് ശേഷം 1985 വരെ തലച്ചോറിനെക്കുറിച്ച് ഒരു പഠനവും പ്രസിദ്ധീകരിച്ചില്ല. അതിന് ശേഷമാണ് വിശദമായ ഒരു പഠനം ഡോ. ഹാർവിയിൽ നിന്നും ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് ഒരു ഗവേഷകൻ പ്രസിദ്ധീകരിച്ചത്. പിന്നീടും പഠനങ്ങളൊക്കെ ധാരാളം നടന്നിരുന്നു. എന്നാൽ, ഒന്നും എവിടെയും എത്താതെ പോയി.

Read also: പരീക്ഷയ്ക്ക് മുൻപ് മറ്റൊരു ‘പരീക്ഷണം’; ആശങ്കയുടെ മണിക്കൂറി‍ൽ ദിയയ്ക്ക് പൊലീസിന്റെ ‌സ്നേഹക്കരുതൽ..!

2010 -ൽ ഡോ. ഹാർവിയുടെ പിൻഗാമികൾ മസ്തിഷ്ക കോശങ്ങളും ഫോട്ടോഗ്രാഫുകളും വാഷിംഗ്ടൺ ഡിസിക്ക് സമീപമുള്ള നാഷണൽ മ്യൂസിയം ഓഫ് ഹെൽത്ത് ആൻഡ് മെഡിസിന് കൈമാറി. 46 ഭാഗങ്ങൾ ഫിലാഡൽഫിയയിലെ മട്ടർ മ്യൂസിയം ഏറ്റെടുത്തു. ഇപ്പോഴും പഠനങ്ങൾ തുടരുകയാണ്.

Story highlights- story of stolen brain of albert Einstein