ഭിന്നശേഷിക്കാരിയായ കുട്ടിക്ക് പരീക്ഷ സഹായിയായി 4-ാം ക്ലാസുകാരി; സന്തോഷം പങ്കിട്ട് അമ്മ

February 25, 2024

തിരക്കുപിടിച്ച നമ്മുടെ ജീവിതത്തിനിടെയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെയും മുതിര്‍ന്നവരെയെല്ലാം കണ്ടുമുട്ടാറുണ്ട്. ഭിന്നശേഷിക്കാരായവരെ കൂടി ഉള്‍ക്കൊള്ളുന്ന സാമൂഹികസ്ഥിതി വേണമെന്ന ആവശ്യത്തിന് വലിയ പിന്തുണ ലഭിക്കാറുണ്ട്. ഇത്തരത്തിലുള്ള കുട്ടികള്‍ക്കായി പ്രത്യേകമായി ഒരുക്കിയ സ്‌കൂളുകളുമുണ്ട്. ഈ സാഹചര്യത്തില്‍ ഭിന്നശേഷിക്കാരിയായ ഒരു വിദ്യാര്‍ഥിയെ സഹായിക്കാന്‍ മുന്നോട്ട് വന്ന ഒരു നാലാം ക്ലാസ്സുകാരിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുട്ടിയുടെ അമ്മയായ വര്‍ഷയാണ് എക്സില്‍ ഇക്കാര്യം പങ്കുവച്ചത്. ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയുടെ പരീക്ഷ സഹായിയാകാന്‍ തന്റെ നാലാം ക്ലാസുകാരിയായ മകള്‍ മുന്നോട്ട് വന്ന കഥയാണ് ഈ അമ്മ പങ്കുവച്ചിട്ടുള്ളത്. ( Fourth Grader Helps Specially Abled Girl Give Exam )

പഠന വൈകല്യമുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഒറ്റപ്പെടുന്ന പ്രവണതയുണ്ട്. ഈ സാഹചര്യത്തില്‍ അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും പതിവാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം 6-7 ക്ലാസ് വരെ ഈ വിവേചനം തങ്ങള്‍ക്ക് സഹിക്കേണ്ടി വരുന്നുവെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു. കുട്ടികളെ സ്പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ അധ്യാപകര്‍ തങ്ങളെ നിര്‍ബന്ധിക്കുന്നുവെന്നും ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ പറയുന്നു – വര്‍ഷ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

അത് മാത്രമല്ല ഈ കുട്ടികള്‍ക്ക് പരീക്ഷയില്‍ കൂടുതല്‍ സമയം അനുവദിക്കാനും പരീക്ഷ സഹായിയെ ഉപയോഗിക്കുന്നതിനുമായി ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍, ഐക്യു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്കായി മാതാപിതാക്കള്‍ നെട്ടോട്ടമോടേണ്ടിവരുന്ന അവസ്ഥയുമുണ്ടെന്ന് പോസ്റ്റില്‍ പറയുന്നു.

Read Also : സ്കൂളിൽ പഠിക്കേണ്ട സമയത്ത് സർവകലാശാല അധ്യാപിക; 16-ാം വയസിൽ ഞെട്ടിച്ച് ഷാനിയ

നന്നായി സംസാരിക്കാന്‍ കഴിയാത്തത്തിന്റെ പേരിലോ അല്ലെങ്കില്‍ ഒട്ടും സംസാരിക്കാത്തതിന്റെ പേരിലോ ഈ കുട്ടികളെ കളിയാക്കാറുണ്ടെന്നും വര്‍ഷ പറയുന്നു. അവസാനം ഒരു അഭ്യര്‍ഥനയോടെയാണ് വര്‍ഷ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. ഇത് വായിക്കുന്ന മാതാപിതാക്കളോട് ഒരു കാര്യം അഭ്യര്‍ത്ഥിക്കുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികളെ നിങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സഹായിക്കുക. എഴുത്ത്, വായന, തുടങ്ങിയവയില്‍ അവര്‍ക്ക് ഒരു സഹായിയാകാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അതും ചെ്യ്യാവുന്നതാണ്. നിങ്ങളുടെ കുട്ടികളോട് അവരെക്കൂടി ഉള്‍ക്കൊള്ളണമെന്ന് പറഞ്ഞ് പഠിപ്പിക്കുക. – വര്‍ഷ കൂട്ടിച്ചേര്‍ത്തു.

Story highlights : Fourth Grader Helps Specially Abled Girl Give Exam