30 വർഷം നീണ്ട സൗഹൃദം; വിശ്രമജീവിതം ചെലവഴിക്കാൻ സുഹൃത്തുക്കൾ നിർമിച്ച പട്ടണം!

February 9, 2024

മനുഷ്യൻ ഒരായുഷ്കാലം മുഴുവൻ ജോലി ചെയ്യും. എന്നാൽ റിട്ടയർമെന്റിന് ശേഷമുള്ള വിശ്രമ ജീവിതം എങ്ങനെ ചെലഴിക്കണം എന്ന് നമ്മൾ ആലോചിക്കാറുണ്ടോ? പ്രത്യേകിച്ച് നമ്മൾ മലയാളികൾ പലപ്പോഴും വിശ്രമം അനിവാര്യമാണെന്ന് മറന്ന് പോകുന്ന കൂട്ടരാണ്. അവിടെയാണ് ഏറെ വ്യത്യസ്തമായ രീതിയിൽ തങ്ങളുടെ വിശ്രമം ജീവിതം ചെലവഴിക്കാൻ തീരുമാനിച്ച ഒരു കൂട്ടം കൂട്ടുകാർ ശ്രദ്ധ നേടുന്നത്. (Friends build a town to spend retirement life together)

കഴിഞ്ഞ 30 വർഷമായി ഉറ്റസുഹൃത്തുക്കളായിരുന്ന നാല് ദമ്പതികളാണ് വ്യത്യസ്തമായ രീതിയിൽ തങ്ങളുടെ വിശ്രമജീവിതം പ്ലാൻ ചെയ്തത്. ഉറ്റ സുഹൃത്തുക്കൾ ആയത് കൊണ്ട് തന്നെ ഒരിക്കലും തമ്മിൽ പിരിയരുത് എന്ന നിർബന്ധം എല്ലാവർക്കും ഉണ്ടായിരുന്നു. മുപ്പത് കൊല്ലങ്ങൾക്ക് മുൻപ് തങ്ങളുടെ ജോലി തിരക്കുകളും ഉത്കണ്ഠ നിറഞ്ഞ ജീവിതവും നയിക്കുന്ന സമയത്ത് അവർ തമ്മിൽ വാക്ക് കൊടുത്തത് ഒരു ജീവിത കാലം മുഴുവൻ നീളുന്ന ഇടവേളകളും ആനന്ദങ്ങളും ആയിരുന്നു.

അങ്ങനെയാണ് ഒരുമിച്ച് ജീവിക്കാൻ ഒരു പട്ടണം തന്നെ ഉണ്ടാക്കാം എന്ന തീരുമാനത്തിൽ അവരെത്തുന്നത്. ടെക്സസിന് പുറത്ത് ഒരു കൂട്ടം ചെറിയ വീടുകളുടെ ഒരു കമ്മ്യൂണിറ്റിയാണ് അവർ നിർമ്മിച്ചത്. കാരണം, അത്തരം ഒരു കമ്യൂണിറ്റിയിൽ അവർക്ക് പരസ്പരം അയൽക്കാരായി ജീവിക്കാൻ കഴിയും.

കാലങ്ങൾ നീണ്ട ചർച്ചകൾക്കും, കൂടിച്ചേരലുകൾക്കുമൊടുവിൽ അവർ തമ്മിൽ ഇഷ്ടങ്ങളും അനിഷ്ടങ്ങളും, ഓരോരുത്തരുടെയും മുൻഗണനകളും പങ്കുവെച്ചു. വീടുകൾ നിർമ്മിക്കാൻ ഒരു ആർക്കിറ്റെക്റ്റിനെ വാടകയ്ക്ക് എടുക്കുന്നതിന് മുൻപായി സംഘം ലാനോ നദിക്കരയിൽ സ്ഥലം വാങ്ങി.

Read also: ‘ഇനി ഞങ്ങൾ ഒന്നിച്ച്’; വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞ നായയെ അവിചാരിതമായി കണ്ടുമുട്ടി യുവതി!

‘ബെസ്റ്റി റോ’ എന്ന് വിളിക്കപ്പെടുന്ന കമ്മ്യൂണിറ്റി, ദമ്പതികൾക്ക് ജീവിക്കാനും പ്രകൃതിയുമായി വീണ്ടും ബന്ധപ്പെടാനും അവരുടെ തിരക്കേറിയ ജീവിതത്തിൽ നിന്ന് ഇടവേള എടുക്കാനുമുള്ള ഇടമായി മാറി. അതിശയകരമെന്നു പറയട്ടെ, ഓരോ ദമ്പതികൾക്കും പരസ്പരം കാഴ്ചയെ തടസ്സപ്പെടുത്താതെ ലാനോ നദിയുടെ മികച്ച കാഴ്ച ലഭിക്കുന്ന തരത്തിലാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്.

ദമ്പതികൾ വർഷത്തിൽ 365 ദിവസവും അവിടെ താമസിക്കുന്നില്ലെങ്കിലും, അവർ അവിടെ ധാരാളം സമയം ചിലവഴിക്കുന്നു പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ. തങ്ങൾ രൂപം കൊടുത്ത ഇടം ഒരു ഡിസ്നി സിനിമ പോലെയാണെന്നാണ് കൂട്ടുകാരിൽ ഒരാൾ പറയുന്നത്. മുയൽ, ബോബ്കാറ്റ്, മാൻ, പലതരം പക്ഷികൾ, അങ്ങനെ എല്ലാം അവിടെയുണ്ട്. അവിടെ കൂടുതൽ സമയം ചിലവഴിക്കുംതോറും അവർ പുതിയ കാര്യങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. മനസ്സ് തുറന്ന് തങ്ങളുടെ സ്വപ്നജീവിതം ജീവിക്കുന്നു…

Story highlights: Friends build a town to spend retirement life together