ഗ്രാമിയിൽ തിളങ്ങി ഇന്ത്യ; ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ആൽബത്തിന് അവാർഡ്..!

February 5, 2024

66-ാം ഗ്രാമി പുരസ്‌കാര വേദിയില്‍ തിളങ്ങി ഇന്ത്യ. ഏറ്റവും മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ശക്തി ബാന്‍ഡിന് ലഭിച്ചു. ദിസ് മൊമന്റ് എന്ന പുതിയ ആല്‍ബത്തിനാണ് അംഗീകാരം. ഗായകന്‍ ശങ്കര്‍ മഹാദേവനും തബലിസ്റ്റ് സക്കീര്‍ ഹുസൈനും ഉള്‍പ്പെട്ട സംഗീത ബാന്‍ഡാണ് ശക്തി. ഓടക്കുഴല്‍ വിദഗ്ധന്‍ രാകേഷ് ചൗരസ്യക്കും പുരസ്‌കാരമുണ്ട്. ( Grammy awards 2024 Best Global Music Album award for Shakti )

ഇത്തവണത്തെ പുരസ്‌കാരം ഉള്‍പ്പെടെ സക്കീര്‍ ഹുസൈന്‍ നേടുന്ന മൂന്നാമത്തെ ഗ്രാമി പുരസ്‌കാരമാണ്. രാകേഷ് ചൗരസ്യക്ക് രണ്ടാം തവണയാണ് ഗ്രാമി അംഗീകാരമെത്തുന്നത്. ജോണ്‍ മക്ലാഫ്ലിന്‍, സക്കീര്‍ ഹുസൈന്‍, ശങ്കര്‍ മഹാദേവന്‍, വി സെല്‍വഗണേഷ് (താളവാദ്യ വിദഗ്ധന്‍), ഗണേഷ് രാജഗോപാലന്‍, ഗണേഷ് രാജഗോപാലന്‍ എന്നിവരുള്‍പ്പെടെ സംഘമാണ് ‘ദിസ് മൊമെന്റ്’ എന്ന ആല്‍ബത്തിന് പിന്നില്‍.

ശക്തി മ്യൂസിക് ബാന്‍ഡ് ടീം

2022 ഒക്ടോബര്‍ 1 മുതല്‍ 2023 സെപ്‌റ്റെംബര്‍ 15 വരെയുള്ള കാലയളവിലുള്ള പാട്ടുകളാണ് വിവിധ വിഭാഗങ്ങളായി അവാര്‍ഡിനായി മത്സരിച്ചത്. ഈ വര്‍ഷം 94 കാറ്റഗറികളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. അമേരിക്കന്‍ ഹാസ്യനടനായ ട്രെവര്‍ നോഹയാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും ഗ്രാമി പുരസ്‌കാര ചടങ്ങിന്റെ അവതകാരന്‍. അമേരിക്കയിലെ ലൊസാഞ്ചലസിലാണ് ഗ്രാമി പുരസ്‌കാരം നടക്കുന്നത്.

സംഗീത ലോകത്തെ മികച്ച സൃഷ്ടികള്‍ക്കുള്ള ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, പോപ് താരം ടെയ്ലര്‍ സ്വിഫ്റ്റിന്റെ ‘മിഡ്‌നൈറ്റ്സ്’ മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു. സോളോ പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് മിലി സൈറസ് സ്വന്തമാക്കി. അവാര്‍ഡ് ബില്ലി എലിഷിനെയും ടെയിലര്‍ സ്വിഫ്റ്റിനെയും പിന്നിലാക്കിയാണ് മിലിയുടെ പുരസ്‌കാര നേട്ടം.

Read Also : ‘ഇൻസ്‌പെക്ടർ ബിജു തിരിച്ചെത്തുന്നു’; രണ്ടാം വരവ് ഉറപ്പിച്ച് ‘ആക്‌ഷൻ ഹീറോ ബിജു’!

2024 ഗ്രാമിയില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ താരമെന്ന ബഹുമതി സ്വന്തമാക്കി സീസ (SZA) എന്നറിയപ്പെടുന്ന സൊളാന ഇമാനി റോവ് (Solána Imani rove). പോപ് ഡുവോ അല്ലെങ്കില്‍ ഗ്രൂപ്പ് പെര്‍ഫോമന്‍സ്, മികച്ച ആര്‍ആന്‍ഡ്ബി ഗാനം, അര്‍ബന്‍ കണ്ടമ്പററി ആല്‍ബം തുടങ്ങി ഒമ്പത് പുരസ്‌കാരങ്ങളാണ് സീസ സ്വന്തമാക്കിയത്.

Story highlights : Grammy awards 2024 Best Global Music Album award for Shakti