‘ഇൻസ്‌പെക്ടർ ബിജു തിരിച്ചെത്തുന്നു’; രണ്ടാം വരവ് ഉറപ്പിച്ച് ‘ആക്‌ഷൻ ഹീറോ ബിജു’!

February 4, 2024

മലയാളത്തിൽ ഏറെ പുതുമകളുമായി വന്ന ചിത്രമായിരുന്നു നിവിൻ പോളി നായകനായ ആക്‌ഷൻ ഹീറോ ബിജു. ഡയലോഗുകൾ കൊണ്ടും കഥാപാത്രങ്ങളുടെ അഭിനയ മികവ് കൊണ്ടും ഏറെ ജനപ്രീതി നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന തരത്തിൽ ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ നടൻ നിവിൻ പോളി തന്നെ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. (Nivin Pauly confirms the arrival of Action Hero Biju 2)

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് നിവിൻ അറിയിച്ചിരിക്കുന്നത്. “ആക്‌ഷൻ ഹീറോ ബിജു തിരശീലയിൽ വന്നിട്ട് ഇപ്പോൾ 8 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അന്ന് മുതൽ ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും അഭിനന്ദനങ്ങളും വളരെ വലുതാണ്. ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നതിൽ ഞങ്ങൾ അതിയായ ആകാംഷയിലും ത്രില്ലിലുമാണ്. ഉടൻ വരുന്നു…” ചിത്രം പങ്കുവെച്ച് നിവിൻ പറഞ്ഞു.

2016-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു ഒരു സിറ്റി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബിജു പൗലോസിൻ്റെയും സഹപ്രവർത്തകരുടെയും ദൈനംദിന പ്രവർത്തനങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. ബോക്സ് ഓഫീസ് വിജയം എന്നതിന് പുറമേ ഒരു സാധാരണ പോലീസുകാരൻ്റെ ദിനചര്യയുടെയും അഭിനേതാക്കളുടെ പ്രകടനത്തിൻ്റെയും ദൃശ്യാവിഷ്കാരത്തിന് ചിത്രം വ്യാപകമായി നിരൂപക പ്രശംസ നേടിയിരുന്നു.

Read also: റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ ‘ഏഴ് കടൽ ഏഴ് മലൈ’ പ്രീമിയർ; ലഭിക്കുന്നത് മികച്ച പ്രതികരണങ്ങൾ!

നിവിൻ പോളി പ്രധാന കഥാപാത്രമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് എബ്രിഡ് ഷൈൻ ആണ്. നിവിൻ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒന്നാം ഭാഗത്തിൽ ഭൂരിഭാഗവും പുതുമുഖങ്ങളായിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി തുടർച്ചയിലും ഇതേ ഫോർമുല തുടരാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നതെന്നാണ് സൂചനകൾ.

Story highlights: Nivin Pauly confirms the arrival of Action Hero Biju 2