കൊലപാതക തലസ്ഥാനത്തിൽ നിന്ന് അക്രമം ഇല്ലാത്ത നഗരം എന്ന പദവി; ഈസ്റ്റ് പാലോ തീർത്ത മാതൃക!
തെറ്റുകൾ മനുഷ്യസഹജമാണ്. ആ തെറ്റുകൾ തിരുത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഒരു ജനതയുടെ പ്രയത്നത്തിന്റെയും ക്ഷമയുടെയും ഫലമായി രൂപാന്തരപ്പെട്ട ഒരു നഗരമുണ്ട് യുഎസിൽ. കാലം അവർക്ക് ചാർത്തിയ നിറം ഏറെ മനോഹരമായിരുന്നു. (How a city transformed from Murder Capital to Zero Homicide)
1992-ൽ ഈസ്റ്റ് പാലോ ആൾട്ടോ എന്ന നഗരം യുഎസിൻ്റെ “കൊലപാതക തലസ്ഥാനം” എന്നാണ് അറിയപ്പെട്ടത്. അതിന് തക്കതായ കാരണവുമുണ്ട്. 24,000 ആളുകൾ പാർത്തിരുന്ന നഗരത്തിൽ അക്കാലത്ത് കൊല്ലപ്പെട്ടത് 42 പേരാണ്.
എന്നാൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, അതേ നഗരം വീണ്ടും തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ്. പക്ഷെ ഇത്തവണ ഒരു വിജയഗാഥയായി നഗരം മാറിയിരിക്കുന്നു. വർഷങ്ങൾ തോറും കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞതോടെ 2023-ൽ ഈസ്റ്റ് പാലോ ആൾട്ടോ എത്തിയത് ഒരു പുതിയ നാഴികക്കല്ലിലാണ്.
പൂജ്യം കൊലപാതകങ്ങൾ ഉള്ള പട്ടണം എന്നാണ് ഇപ്പോൾ ഇവിടം അറിയപ്പെടുന്നത്. ഈസ്റ്റ് പാലോ ആൾട്ടോ നഗരത്തിൽ കഴിഞ്ഞ വർഷം കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് ഡിപ്പാർട്ട്മെന്റാണ് സ്ഥിരീകരിച്ചത്.
1990-കളിൽ, നഗരം ഉയർന്ന ദാരിദ്ര്യത്തിലായിരുന്നു. കൊലപാതകങ്ങളിൽ ഭൂരിഭാഗവും മയക്കുമരുന്നുമായും കൂട്ടക്കൊലയുമായും ബന്ധപ്പെട്ടിരുന്നു. ബിസിനസ്സുകളും ജോലികളും ആകർഷിക്കാൻ നഗരം കഠിനമായി പരിശ്രമിച്ചു. വിശ്വാസ സംഘങ്ങളും മറ്റും യുവാക്കളെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
ബേ ഏരിയയിൽ സാങ്കേതിക വിദ്യ വളർന്നതോടെ പുതിയ താമസക്കാർ വന്നു. വീടിന്റെ വിലയും മറ്റും ഉയർന്നതോടെ പണ്ടേയുള്ള പല താമസക്കാരും സ്ഥലം മാറാൻ നിർബന്ധിതരായി. നഗരത്തിൽ പോലീസ് സാന്നിധ്യം ഇരട്ടിയാക്കി. പ്രദേശവും സമീപ നഗരങ്ങളും നിരീക്ഷിക്കാൻ കൂടുതൽ ഉദ്യോഗസ്ഥർ എത്തി അധികം അറസ്റ്റുകൾ രേഖപ്പെടുത്തിയതോടെ കൊലപാതകങ്ങളുടെ എണ്ണം നാലായി കുറഞ്ഞു.
കുറ്റകരമായ പ്രവർത്തികൾ ശ്രദ്ധയിൽ പെട്ടാൽ താമസക്കാർ തന്നെ പോലീസിൽ വിവരമറിയിക്കുകയും മയക്കുമരുന്ന് വാങ്ങുന്നവരുടെ ലൈസൻസ് പ്ലേറ്റുകളുടെ ഫോട്ടോ എടുക്കുകയും ചെയ്തു. അങ്ങനെ ഒരു ജനത ഒന്നായി പരിശ്രമിച്ചപ്പോൾ മാറിയത് ഒരു നഗരത്തിന്റെ തന്നെ തലവരയാണ്.
“നമ്മുടെ ഭൂതകാലത്തിലെ തെറ്റുകൾക്കിടയിലും, നമുക്ക് മുന്നോട്ട് പോകാനും എല്ലാവർക്കും മാതൃകയാകാനും കഴിയും,” മേയർ അൻ്റോണിയോ ലോപ്പസ് പറയുന്നു.
Story highlights: How a city transformed from Murder Capital to Zero Homicide