കലാശപ്പോരാട്ടത്തിലെ ഓസീസിനെ ഭയക്കണം; കൗമാര ക്രിക്കറ്റിൽ കിരീടം പിടിക്കാൻ ഇന്ത്യ
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ അടിയറവ് പറഞ്ഞത് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനും പെട്ടെന്ന് തന്നെ മറക്കാനിടയില്ല. ആ തോല്‍വിയുടെ കണക്കുതീര്‍ക്കാന്‍ കൗമാരപ്പട ഇന്ന് ഇറങ്ങുകയാണ്. അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ജോഹാനസ്ബര്‍ഗിലെ വില്ലോമൂര്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30-ന് മത്സരം തുടങ്ങും. 2018ന് ശേഷം ആദ്യമായാണ് ഓസീസ് അണ്ടര്‍ 19 ക്രിക്കറ്റ് കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്. ആറാം കിരീടം ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്നുതവണ റണ്ണറപ്പായ ഇന്ത്യക്ക് ഒമ്പതാം ഫൈനലാണിത്. നാലാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ( India vs Australia U19 World Cup Final )
2010ല്‍ മിച്ചല്‍ മാര്‍ഷിന്റെ കീഴിലാണ് ഓസീസ് അവസാനമായി അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയത്. ഉദയ് സഹാറന്‍ നയിക്കുന്ന ഇന്ത്യ അണ്ടര്‍-19 ടീം വന്മാര്ജിനില് വിജയങ്ങള്‍ നേടികൊണ്ടാണ് ഫൈനലിലെത്തിയിരിക്കുന്നത്. പ്രാഥമിക ഘട്ടത്തിലും സൂപ്പര്‍ സിക്സിലും സെമിയിലും കളിച്ച എല്ലാ മത്സരവും ജയിച്ചാണ് ഹ്യൂഗ് വീഗന്‍ നയിക്കുന്ന ഓസീസ് ടീമും എത്തുന്നത്. ഇന്ത്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയ പാകിസ്ഥാനെയും തോല്പിച്ചാണ് ഫൈനല്‍ ടിക്കറ്റ് നേടിയെടുത്തത്.
മൂന്നാം തവണയാണ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയും ഓസീസും നേര്‍ക്കുനേര്‍ വരുന്നത്. 2012ലും 2018ലും ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു. മുഹമ്മദ് കൈഫ്, വിരാട് കോലി, ഉന്മുക്ത് ചന്ദ്, പൃഥ്വി ഷാ, യഷ് ദുള്‍ എന്നിവരുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ നേരത്തേ കിരീടം നേടിയത്. യുവരാജ് സിങ്, ശിഖര്‍ ധവാന്, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, രവി ബിഷ്ണോയ് തുടങ്ങിയവരും ഈ ടൂര്‍ണമെന്റിലെ മികവിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ ടീമിലെത്തിയത്. ഇത്തവണയും വലിയ പ്രതീക്ഷനല്‍കുന്ന താരങ്ങള്‍ ടീമിലുണ്ട്.
Read Also : ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി പത്തും നിസങ്ക
ക്യാപ്റ്റന്‍ ഉദയ് സഹറാന്‍, മുഷീര്‍ ഖാന്, സച്ചിന് ദാസ് എന്നിവരുടെ ബാറ്റിങ്ങിലാണ് ഇന്ത്യന്‍ പ്രതീക്ഷ. 17 വിക്കറ്റുകള്‍ നേടിയിട്ടുള്ള സൗമി പാണ്ഡെ നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്. റണ്‍നേട്ടത്തില്‍ ആദ്യസ്ഥാനങ്ങളിലുള്ള മൂന്നുപേരും ഇന്ത്യക്കാരാണ്. 389 റണ്‍സുമായി ക്യാപ്റ്റന്‍ ഉദയ് സഹറാനും 336 റണ്‍സുമായി മുഷീര്‍ ഖാനും 294 റണ്‍സുമായി സച്ചിന് ദസും ആണ് പട്ടികയില്‍ മുന്നിലുള്ളത്.
Story highlights : India vs Australia U19 World Cup Final