ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി പത്തും നിസങ്ക

February 9, 2024

ഏകദിന ഫോർമാറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ആദ്യ ശ്രീലങ്കൻ താരമായി പത്തും നിസങ്ക. അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തിലാണ് 25-കാരനായ താരം ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ നിസങ്ക 139 പന്തിൽ 210 റൺസെടുത്ത് പുറത്താകാതെ നിന്നു. എട്ടു സിക്സുകളും 20 ഫോറുകളുമാണ് ഈ റെക്കോഡ് ഇന്നിങ്സിനിടയിൽ നിസങ്കയുടെ ബാറ്റിൽ നിന്നും പിറന്നത്. ( Pathum Nissanka hits Sri Lanka’s first double century in ODIs )

കാന്റിയിലെ പല്ലെക്കെലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിസങ്കയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 381 റൺസെടുത്തു. 136 പന്തിലാണ് താരം 200 കടന്നത്.

അതിവേഗത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ് നിസങ്ക. ഇന്ത്യൻ യുവതാരം ഇഷാൻ കിഷനും ഓസീസ് താരം ഗ്ലെൻ മാക്സ് വെല്ലുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കുന്ന പത്താമത്തെ താരമാണ് നിസങ്ക. 2000-ൽ ഇന്ത്യക്കെതിരെ സനത് ജയസൂര്യ നേടിയ 189 റൺസാണ് ഇതിനു മുമ്പുള്ള ഒരു ശ്രീലങ്കൻ താരത്തിന്‍റെ ഏറ്റവും ഉയർന്ന ഏകദിന സ്കോർ.

Read Also : ബാറ്റിൽ ബാല്യകാല സുഹൃത്തിന്റെ സ്പോർട്സ് ഷോപ്പിന്റെ സ്റ്റിക്കർ; വൈറലായി ധോണിയുടെ ചിത്രങ്ങൾ

ആതിഥേയരായ ശ്രീലങ്കയ്ക്കായി ഓപ്പണർമാരായ പത്തും നിസങ്കയും അവിഷ്ക ഫെർണാണ്ടസും ചേർന്ന് ഒന്നാം വിക്കറ്റിൽ 182 റൺസാണ് നേടിയത്. 27-ാം ഓവറിൽ 88 പന്തിൽ 88 റൺസെടുത്ത അവിഷ്ക ഫെർണാണ്ടോയെ പുറത്താക്കിയ ഫരീദ് അഹ്മദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നായകൻ കുഷാൽ മെൻഡിസ് (31 പന്തിൽ 16), സദീര സമരവിക്രമ (36 പന്തിൽ 45) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ഏഴ് റൺസുമായി ചരിത് അസലങ്ക പുറത്താകാതെ നിന്നു. ഏകദിനത്തിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ സ്കോറാണ് നിസങ്ക അഫ്​ഗാനെതിരെ നേടിയ 210 റൺസ്.

Story highlights : Pathum Nissanka hits Sri Lanka’s first double century in ODIs