ബാറ്റിൽ ബാല്യകാല സുഹൃത്തിന്റെ സ്പോർട്സ് ഷോപ്പിന്റെ സ്റ്റിക്കർ; വൈറലായി ധോണിയുടെ ചിത്രങ്ങൾ

February 9, 2024

ഐപിഎൽ 17-ാം സീസണിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. 43-ാം വയസിലേക്ക് കടന്ന ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം.എസ് ധോണിയുടെ തിരിച്ചുവരവും ഈ സീസണിൽ ഏറെ ചർച്ചയായതാണ്. ഇത്തവണയും ഐപിഎല്ലിൽ ചെന്നൈ ടീമിനെ നയിക്കാനുണ്ടാകുമെന്ന് ധോണി നേരത്തെതന്നെ അറിയിച്ചിരുന്നു. പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാ​ഗമായി നെറ്റ്‌സിൽ ബാറ്റിങ് പരിശീലനം നടത്തുന്ന ധോണിയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്ക് ഏറെ ആവേശം നൽകുന്നതാണ്. ( MS Dhoni’s new bat sticker goes viral )

​ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുന്ന ധോണിയുടെ പരിശീലനത്തേക്കാൾ നെറ്റ്സിലെ പരിശീലനത്തിനായി ധോണി ഉപയോ​ഗിക്കുന്ന ബാറ്റിന്റെ സ്പോൺസറാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പ്രൈം സ്പോർട്സ് എന്ന സ്റ്റിക്കർ പതിച്ച ബാറ്റുമായിട്ടാണ് ധോണിയുടെ പരിശീലനം. ചിത്രങ്ങൾ വൈറലായതോടെ ക്രിക്കറ്റ് ലോകത്ത് അത്ര പരിചിതമല്ലാത്ത ഈ പുതിയ സ്പോൺസറെ തേടിയിറങ്ങിയിരിക്കുകയാണ് ആരാധകർ.

അതിൽ ഒരാളാണ് പുതിയ സ്പോൺസറെയും അതിന് പിന്നിലെ കഥയും കണ്ടെത്തിയത്. ധോണിയുടെ ബാല്യകാല സുഹൃത്തായ പരംജിത്ത് സിങ്ങിന്റെ ഉടമസ്ഥതയിൽ റാഞ്ചിയിലുള്ള സ്‌പോർട്‌സ് ഷോപ്പാണ് ‘പ്രൈം സ്‌പോർട്‌സ്’. സുഹൃത്തിന്റെ കടയുടെ പ്രൊമോഷന് വേണ്ടിയാണ്
കരിയറിന്റെ അവസാന ഭാ​ഗത്തേക്ക് കടക്കുന്ന ധോണിയുടെ ബാറ്റിൽ കടയുടെ സ്റ്റിക്കർ ഉപയോ​ഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Read Also : ‘സ്വിംകറ്റ്’; ഈ ക്രിക്കറ്റ് കളിയിൽ റണ്ണെടുക്കാൻ നീന്തണം, വീഡിയോ വൈറൽ..!

ബാല്യകാലത്ത് ധോണിക്ക് ആദ്യമായി ഒരു സ്‌പോൺസറെ ലഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് പരംജിത്താണെന്ന് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇതും ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങളും ചേർത്ത് വായിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.

Story highlights : MS Dhoni’s new bat sticker goes viral