‘സ്വിംകറ്റ്’; ഈ ക്രിക്കറ്റ് കളിയിൽ റണ്ണെടുക്കാൻ നീന്തണം, വീഡിയോ വൈറൽ..!

February 6, 2024

സ്വിംകറ്റ്..! തലക്കെട്ടിലെ ഈ വാക്ക് കണ്ടപ്പോൾ കാര്യമെന്താണെന്ന് അറിയാൻ കൗതുകം തോന്നിയോ..? ക്രിക്കറ്റ് എന്ന കായിക മത്സരത്തിന് അത്രയേറെ സ്വീകാര്യതയുള്ള ‌നമ്മുടെ ഇന്ത്യയിൽ നിന്നുള്ള ഒരു വീഡിയോയിലൂടെയാണ് ഈ വാക്ക് സോഷ്യൽ മീഡിയയിൽ തരം​ഗമായത്. പരമ്പരാ​ഗത ക്രിക്കറ്റിൽ നിന്നും വ്യത്യസ്തമായ ഒരു ക്രിക്കറ്റ് കളിയുടെ വീഡിയോയാണിത്. ‘സ്വിംകെറ്റ്’ എന്ന് വിളിക്കപ്പെടുന്ന ഈ ഹൈബ്രിഡ് സ്‌പോർട്‌സ് നീന്തലിൻ്റെയും ക്രിക്കറ്റിൻ്റെയും ആകർഷകമായ സംയോജനമാണ്. ( Swimket the new cricket format video viral in social media )

Godman Chikna എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് വ്യത്യസ്തമായ ക്രിക്കറ്റ് കളിയുടെ വീഡിയോ പങ്കുവച്ചത്. ‘ ഒളിമ്പിക്സിൽ ഈ ക്രിക്കറ്റ് + നീന്തൽ കായിക ഇനത്തെ ‘സ്വിംകെറ്റ്’ എന്ന് വിളിക്കണം. ഇത് ഗംഭീരമാണ് എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ഉപയോക്താവ് കുറിച്ചത്. ഈ വീഡിയോ വളരെ വേ​ഗത്തിലാണ് വൈറലായത്. എന്നാൽ ക്രിക്കറ്റിനെ ജീവശ്വാസമായി കാണുന്ന ഇന്ത്യക്കാർ പുതിയ ക്രിക്കറ്റിന്റെ കണ്ട് ഞെട്ടിയിരിക്കുകയാണ്.

ഇന്ത്യയുടെ പഴയ ഒരു മത്സരത്തിന്റെ റിക്രിയേഷനായിട്ടാണ് വീ‍ഡിയോ ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ സാധാരാണ ക്രിക്കറ്റ് പിച്ചിൽ നിന്നും വ്യത്യസ്തമായി ഒഴുകുന്ന പുഴയാണ് പിച്ചായി ഉപയോ​ഗിക്കുന്നത്. ഒഴുകുന്ന വെള്ളത്തിൽ പിച്ച് ചെയ്ത ശേഷമാണ് പന്ത് ബാറ്ററുടെ അടുത്തേക്ക് എത്തുന്നത്. അതുപോലെതന്നെ റൺസ് ഓടിയെടുക്കുന്നതിന് പകരമായി പുഴ നീന്തിക്കടക്കുകയാണ് വേണ്ടത്. നാടകീയമായ റിവ്യൂവിന് ശേഷം ബാറ്റർ റണ്ണൗട്ട് ആകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Read Also : ഫുഡ് ഡെലിവറിക്കിടെ വഴിവിളക്കിന് താഴെയിരുന്ന് പഠനം; ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിൽ നിന്നും പോരാടുന്ന അഖിൽ..!

വീഡിയോ വൈറലായതോടെ പുതിയ കളിക്ക് പേര് നൽകാനും സോഷ്യൽ മീഡിയ ഉപയോക്താക്കൾ മറന്നില്ല. സ്വിമ്മിംഗും ക്രിക്കറ്റും ചേർത്ത് ‘സ്വിംകറ്റ്’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ചിലര്‍ ഈ വീഡിയോ ഐസിസിക്കും മറ്റ് ക്രിക്കറ്റ് അസോസിയേഷനുകളെയും ടാഗ് ചെയ്തിട്ടുണ്ട്.

Story highlights : Swimket the new cricket format video viral in social media