കോളജ് പഠനത്തോടൊപ്പം വീട്ടുജോലിയും ഫിറ്റ്‌നസ് ക്ലാസും; 30 ദിവസത്തിനിടെ ബൽജിത് കൗർ കീഴടക്കിയത് 4 കൊടുമുടികൾ

February 28, 2024

ബാല്യകാലം മുതല്‍ കുന്നുകളും മലകളും താണ്ടുന്നതിനോടായിന്നു ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ ബല്‍ജിത് കൗറിന് താല്‍പര്യം. ഗ്രാമത്തിന് അടുത്തുള്ള ചെറിയ കുന്നുകള്‍ കയറി തുടങ്ങിയതാണ് ഉയരങ്ങള്‍ കീഴടക്കുന്നതിലേക്കുള്ള ആദ്യ ചവിട്ടുപടി. പിന്നീട് അതൊരു ശീലമായി കൂടെയുണ്ടായിരുന്നു. 20-ാം വയസില്‍ ഒരു എന്‍സിസി ക്യാമ്പിനിടെയായിരുന്നു ജീവിതത്തെ തന്നെ മാറ്റിമറിയ്ക്കാന്‍ പോന്ന തന്റെ ഇഷ്ടം ബല്‍ജിത്ത് കൗര്‍ തിരിച്ചറിയുന്നത്. തന്റെ ലക്ഷ്യം പര്‍വതാരോഹണമാണെന്ന് തിരിച്ചറിഞ്ഞ ആ ഗ്രാമീണ പെണ്‍കുട്ടി അതിനായി പരിശ്രമിക്കാന്‍ തുടങ്ങി. തൊട്ടടുത്ത പ്രദേശങ്ങളില്‍ വേണ്ടത്ര ഉയരമുള്ള പര്‍വ്വതങ്ങള്‍ ഇല്ലാത്തും ഒപ്പം വീട്ടിലെ സാമ്പത്തിക സ്ഥിതിയും ബല്‍ജിത്തിലെ പര്‍വതാരോഹകയില്‍ നിരാശ നിറയ്ക്കുകയായിരുന്നു. ( Indian mountaineer Baljeet Kaur life story )

എന്നാല്‍ സ്വപ്‌നം സാക്ഷാത്കരിക്കുന്നത് വരെ പിന്നോട്ടില്ലെന്ന് തീരുമാനിച്ച ബല്‍ജിത്ത് കൗര്‍ അതിനായി പുതുവഴികള്‍ തേടുകയായിരുന്നു. പര്‍വതാരോഹണം എന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായി നിരവധി പ്രതിസന്ധികളെയാണ് തരണം ചെയ്തത്. പഠനത്തോടൊപ്പം വീട്ടുജോലിക്ക് പോയിരുന്ന ബല്‍ജിത് കൗര്‍, കൊവിഡ് ലോക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ ഫിറ്റ്‌നസ് ക്ലാസുകള്‍ അടക്കമുള്ളവ നടത്തിയാണ് ഉയരങ്ങള്‍ താണ്ടുന്നതിന് വേണ്ടിയുള്ള തുക കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ തന്റെ 30-ാം വയസില്‍ ലോകത്തിന്റെ നെറുകയിലാണ് ബല്‍ജിത്ത് കൗര്‍.

30 ദിവസത്തിനുള്ളില്‍ അന്നപൂര്‍ണ, കാഞ്ചന്‍ജംഗ, എവറസ്റ്റ്, ലോറ്റ്‌സെ എന്നി പര്‍വ്വതങ്ങള്‍ കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിതയായ ബല്‍ജിത് കൗര്‍, ഓക്‌സിജന്‍ ഇല്ലാതെ 8000 മീറ്റര്‍ ഉയരമുള്ള കൊടുമുടികള്‍ കീഴടക്കിയ വനിത അടക്കം നിരവധി നേട്ടങ്ങളാണ് തന്റെ 28 വയസിനുള്ളില്‍ സ്വന്തമാക്കിയിട്ടുള്ളത്. ഹിമാചല്‍ പ്രദേശ് സോളന്‍ ജില്ലയിലെ മാംലിഗ് സ്വദേശിനിയാണ് ബല്‍ജിത്ത് കൗര്‍.

കോളജ് പഠനകാലത്താണ് ബല്‍ജീത് വീട്ടുജോലികള്‍ ചെയ്തിരുന്നത്. പിന്നീട് കൊവിഡിന്റെ വരവോടെ ആ വരുമാന മാര്‍ഗം നിലച്ചു. ഇതോടെയാണ് ഓണ്‍ലൈനില്‍ ഫിറ്റ്‌നസ് ക്ലാസുകളും സംഘടിപ്പിച്ചിരുന്നത്. ബല്‍ജീത് കൗറിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അവളുടെ അമ്മയുടെ പിന്തുണയുമണ്ടായിരുന്നു. ഇതോടെയാണ് തന്റെ സ്വപ്‌ന സക്ഷാത്കാരത്തിനായി അവര്‍ ഒരുങ്ങിയിറങ്ങിയത്. തുടര്‍ന്ന് ഒരു മാസം കൊണ്ട് ബല്‍്ജീത് 8000 മീറ്റര്‍ ഉയരമുള്ള അന്നപൂര്‍ണ്ണ, കാഞ്ചന്‍ജംഗ, എവറസ്റ്റ്, ലോറ്റ്‌സെ എന്നിവ കീഴടക്കി. ലോറ്റ്‌സെ പോലെ അതികഠിനമായ കൊടുമുടി പോലും സപ്ലിമെന്റല്‍ ഓക്‌സിജന്റെ സഹായമില്ലാതെയാണ് താന്‍ കീഴടിക്കിയതെന്നാണ് ബല്‍ജീത് അവകാശപ്പെടുന്നത്.

Read Also : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വത മുനയിലൊരു മലയാളിയുടെ പാദസ്പർശം..!

അതിനിടയില്‍ സപ്ലിമെന്റല്‍ ഓക്സിജന്‍ ഉപയോഗിക്കാതെ 2023 ഏപ്രിലില്‍ നേപ്പാളിലെ അന്നപൂര്‍ണ്ണ പര്‍വ്വതം കീഴടക്കുന്ന സമയത്ത് ബല്‍ജീത് കൗറിനെ കാണാതാകുകയും മരണപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ 18 മണിക്കൂറിന് ശേഷം കണ്ടെത്തിയ ബല്‍ജീത്തിനെ എയര്‍ലിഫ്റ്റ് ചെയ്താണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 8,091 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അന്നപൂര്‍ണ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്താമത്തെ കൊടുമുടിയാണ്.

Story highlights : Indian mountaineer Baljeet Kaur life story