ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ വനിത ക്രിക്കറ്റർ; സ്കൂൾ മീറ്റുകളിൽ തിളങ്ങിയ 12 വയസുകാരി!
ക്രിക്കറ്റ് പലരുടെയും ആദ്യ പ്രണയവും ജീവനുമാണ്. എത്രയെത്ര ത്യാഗങ്ങൾ ചെയ്ത് മത്സരങ്ങൾക്കായി ഒരുങ്ങുന്നവരുണ്ട്. അക്കൂട്ടരിൽ ഒരാളാണ് കിളിമാനൂർ സ്വദേശിയായ 12 വയസുകാരി അമീറ. പക്ഷെ ചെറിയ പ്രായത്തിൽ അമീറ ക്രിക്കറ്റ് മൈതാനങ്ങളിൽ കൊയ്തെടുത്ത നേട്ടങ്ങൾ ചെറുതല്ല. സ്കൂൾ മീറ്റിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത ക്രിക്കറ്ററായ അമീറ ബീഗം കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ (KCA) അണ്ടർ ഫിഫ്റ്റീൻ ജില്ലാ ടീമംഗം കൂടിയാണ്. (India’s Youngest Woman Cricketer at School meets)
എട്ടാം വയസ് മുതൽ ക്രിക്കറ്റ് പരിശീലനം ആരംഭിച്ച അമീറ പതിനൊന്നാം വയസിൽ KCA-യുടെ ജില്ലാ ടീമിൽ ഇടം നേടി. അണ്ടർ ഫിഫ്റ്റീൻ മത്സരത്തിൽ ആലപ്പുഴയ്ക്ക് എതിരെ അമീറ നേടിയത് 82 ബോളിൽ 92 റൺസാണ്. സോണൽ മത്സരത്തിലും അമീറ റണ്ണുകൾ വാരിക്കൂട്ടി.
ബാറ്റിങ്ങാണ് അമീറയ്ക്ക് ഏറെ ഇഷ്ടം. ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ട് തന്നെ, ബാറ്റെടുത്ത് ഷാഡോയിങ്ങ് ചെയ്ത് നോക്കിയായിരുന്നു തുടക്കം. കളിയോടുള്ള ആഗ്രഹം പിതാവിനോട് പറഞ്ഞപ്പോൾ അദ്ദേഹമാണ് മകളെ പരിശീലിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്. രണ്ട് വർഷത്തോളം അമീറ വീട്ടിൽ തന്നെയാണ് പരിശീലിച്ചത്. പിന്നീട് തിരുവനതപുരം KCA-യിൽ വനിതാ കോച്ച് മനുവിന്റെ കീഴിൽ പരിശീലനം ആരംഭിച്ചു.
Read also: ആദിവാസി സമൂഹത്തിൽ നിന്ന് ആദ്യ സിവിൽ ജഡ്ജി; തമിഴ് മണ്ണിൽ 23-കാരി എഴുതിയത് ചരിത്രം!
മകന് വേണ്ടിയാണ് ആദ്യം ക്രിക്കറ്റ് പരിശീലനം ആരംഭിച്ചതെന്നും എന്നാൽ മകളുടെ ബാറ്റിങ്ങിലെ കഴിവുകൾ കണ്ടതോടെയാണ് കളിക്ക് പ്രോത്സാഹനം നൽകിയതെന്നും അമീറയുടെ പിതാവ് പറയുന്നു. മകൾ ഭാവിയിൽ നല്ലൊരു പ്ലേയറായി മാറട്ടെ എന്നാണ് തന്റെയും എല്ലാരുടെയും ആഗ്രഹം എന്ന് അമീറയുടെ അമ്മയുടെ വാക്കുകൾ.
കിളിമാനൂർ ഗവണ്മെന്റ് എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അമീറ സ്കൂൾ മീറ്റിൽ ജില്ലയും സംസ്ഥാനവും കടന്ന് ഇപ്പോൾ ദേശീയ തലത്തിൽ എത്തി നിൽക്കുകയാണ്. ഇന്ത്യൻ വനിതാ ടീമാണ് അമീറ ബീഗത്തിന്റെ സ്വപ്നം.
Story highlights: India’s Youngest Woman Cricketer at School meets