ആദിവാസി സമൂഹത്തിൽ നിന്ന് ആദ്യ സിവിൽ ജഡ്ജി; തമിഴ്‌ മണ്ണിൽ 23-കാരി എഴുതിയത് ചരിത്രം!

February 15, 2024

ഗോത്രവർഗക്കാരെയും ഗോത്ര സംസ്ക്കാരത്തെയും ഉന്നമനത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോഴും പലപ്പോഴും അവർ നേരിടുന്ന ചില പക്ഷാഭേദങ്ങളുണ്ട്. വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നവരെന്നും തങ്ങളിലേക്ക് തന്നെ ഉൾവലിയുന്നവരും എന്നുള്ള പൊതുധാരണകൾ തകർക്കുകയാണ് വി. ശ്രീപതി എന്ന 23-കാരി. തൻ്റെ സമുദായത്തിൽ നിന്ന് സിവിൽ ജഡ്ജിയാകുന്ന ആദ്യത്തെ ആദിവാസി വനിത എന്ന ചരിത്രം കൂടിയാണ് ശ്രീപതി കുറിക്കുന്നത്. (Tribal Woman becomes first Civil Judge from community)

തമിഴ്നാട് തിരുപ്പത്തൂർ ജില്ലയിലെ യെലഗിരി കുന്നുകളിലെ മലയാളി ഗോത്രത്തിൽ നിന്നുള്ള ശ്രീപതി, തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷയിൽ വിജയിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഒരു അമ്മ കൂടിയായ ശ്രീപതി കുഞ്ഞിന് ജന്മം നൽകി ദിവസങ്ങൾക്കുള്ളിലാണ് തൻ്റെ പരീക്ഷ എഴുതുന്നത്. ഇതാണ് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നതും. തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസിന് മുന്നിൽ പെൺകുഞ്ഞിനൊപ്പം നിൽക്കുന്ന ശ്രീപതിയുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

“എൻ്റെ സമുദായത്തിലെ ആളുകൾക്ക് തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാൽ അവർക്ക് നിയമസഹായം നൽകുക എന്നതായിരുന്നു കോഴ്‌സ് ചെയ്യാനുള്ള പ്രേരണ,” ശ്രീപതി പറയുന്നു.

Read also: ‘അസമിന്റെ സിംഗം’; പദവിയൊഴിഞ്ഞ് സാമൂഹിക സേവനത്തിനിറങ്ങിയ ഐപിഎസുകാരൻ!

തിരുവണ്ണാമലൈ ജില്ലയിലെ ചെങ്ങം പട്ടണത്തിനടുത്തുള്ള തുവിഞ്ഞിക്കുപ്പം എന്ന ഗ്രാമത്തിലാണ് ശ്രീപതി ജനിച്ചത്. കൃത്യമായ റോഡുകളും സ്‌കൂളുകളുമില്ലാതെ റിസർവ് ഫോറസ്റ്റിലാണ് ഈ ഗ്രാമം. ഗ്രാമത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള പരമാനന്ദൽ ഗ്രാമത്തിലാണ് ഏറ്റവും അടുത്തുള്ള ബസ് സർവീസ്. കർഷകനായ എസ്.കാളിയപ്പൻ്റെയും കെ.മല്ലിഗയുടെയും മൂത്തമകളാണ് ശ്രീപതി.

ഇളയസഹോദരങ്ങൾക്കൊപ്പം ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ അതനാവൂർ വില്ലേജിലെ സെൻ്റ് ചാൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ച ശ്രീപതി ഹയർസെക്കൻഡറി പഠനത്തിന് ശേഷം സർക്കാർ കോളേജിൽ നിയമപഠനത്തിന് ചേർന്നു.

ഈ കാലയളവിൽ, അവൾ പരീക്ഷയ്ക്ക് തയ്യാറെടുക്കാനും തുടങ്ങി. ആംബുലൻസ് ഡ്രൈവറായ എസ്. വെങ്കിടേശനുമായുള്ള വിവാഹത്തിന് ശേഷവും വീട്ടിൽ നിന്ന് പഠിച്ച് സിവിൽ ജഡ്ജിയാകാനുള്ള ആഗ്രഹം അവർ പിന്തുടരുകയായിരുന്നു.

ശ്രീപതിയെ അഭിനന്ദിച്ച ആയിരക്കണിക്കിന് ആളുകളിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉണ്ട്. ഒരു വിദൂര ആദിവാസി ഗ്രാമത്തിൽ നിന്ന് വന്നിട്ടും ശ്രീപതി ഇത്രയും ഉയരങ്ങളിൽ എത്തിയതിൽ തനിക്ക് സന്തോഷമുണ്ടെന്ന് എക്ക്സിൽ പങ്കുവെച്ച പോസ്റ്റിൽ സ്റ്റാലിൻ പറയുന്നു.

Story highlights: Tribal Woman becomes first Civil Judge from community