24 വർഷത്തിനിടയിൽ 17 വ്യാജഗർഭം; പ്രസവാനുകൂല്യമായി യുവതി തട്ടിയത് 98 ലക്ഷം രൂപയും നിരവധി ലീവും..!
ദിനംപ്രതി വ്യത്യസ്തമായ തട്ടിപ്പുകളുടെ വാർത്തകളാണ് നാം കാണുന്നത്. ഗർഭിണിയായ യുവതികൾക്ക് അവർ ജോലി ചെയ്യുന്ന കമ്പനികളിൽ നിന്നും സർക്കാരിൽ നിന്നും പ്രസവാവധിയും മറ്റു ആനുകൂല്യങ്ങളും ലഭിക്കാറുണ്ട്. എന്നാൽ വ്യാജഗർഭം ചമച്ചുകൊണ്ട് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ യുവതിയുടെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ( Italian woman fakes 17 pregnancies to receive maternity benefits )
50 -കാരിയായ ഇറ്റാലിയൻ യുവതിയാണ് ഇത്തരത്തിലൂടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. തട്ടിപ്പ് കണ്ടെത്തിയതോടെ സ്ത്രീക്ക് ഒരു വർഷവും ആറ് മാസവും തടവും വിധിച്ചിരിക്കുകയാണ്. 24 വർഷത്തിനിടയിൽ 17 തവണയാണ് വ്യാജഗർഭം ചമച്ചുകൊണ്ട് ആനുകൂല്യങ്ങൾ നേടിയെടുത്തത്. ഇതിനുപുറമെ ഈ വ്യാജഗർഭത്തിൻറെ പേരും പറഞ്ഞ് ജോലിയിൽ നിന്നും സ്ഥിരമായി ലീവെടുക്കുകയും ചെയ്യുമായിരുന്നു ബാർബറ ലോലെ എന്ന സ്ത്രീ
തനിക്ക് 12 തവണ ഗർഭം അലസിയെന്നും അഞ്ച് കുട്ടികളുണ്ട് എന്നുമാണ് ബാർബറ അധികൃതരെ വിശ്വസിപ്പിച്ചത്. 24 വർഷമാണ് അവർ ഇത്തരത്തിൽ ഗർഭിണിയാണ് എന്നും പറഞ്ഞ് എല്ലാവരേയും കബളിപ്പിച്ച് സുഖജീവിതം നയിച്ചത്. എന്നാൽ, ഈ പറഞ്ഞ കാലയളവിലൊന്നും ബാർബറ തന്റെ ഏതെങ്കിലും കുഞ്ഞുങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് പ്രോസിക്യൂട്ടർമാർ വാദിക്കുന്നത്.
എന്നാൽ ബാർബറ റോമിലെ ഒരു ക്ലിനിക്കിൽ നിന്നും കുട്ടികളുടെ വ്യാജ ജനന സർട്ടിഫിക്കറ്റുകൾ അടക്കമുള്ള വിവിധ രേഖകൾ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ബാർബറ തന്റെ അവസാന കുഞ്ഞിന് ജന്മം നൽകി എന്ന് അവകാശപ്പെട്ടത്. എന്നാൽ, ആ ഒൻപത് മാസവും ബാർബറ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതോടെയാണ് അവളുടെ ഗർഭം വ്യാജമാണെന്ന് തെളിഞ്ഞത്.
ഗർഭിണിയാണ് എന്ന് തോന്നിപ്പിക്കുന്നതിനായി തലയണയായിരുന്നു ബാർബറ സ്ഥിരമായി ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. സർക്കാരിൽ നിന്നും ആനുകൂല്യം നേടാൻ വേണ്ടിയാണ് ബാർബറ ഗർഭിണിയാണെന്നും പിന്നീട് കുട്ടി ജനിച്ചു എന്നും കാണിക്കുന്ന നിരവധി വ്യാജരേഖകൾ ചമച്ചത്. ബാർബറ ഗർഭിണിയല്ല എന്ന് തനിക്ക് അറിയാമായിരുന്നു എന്ന് അവളുടെ പങ്കാളിയായ ഡേവിഡ് പിസിനാറ്റോ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ കള്ളത്തരത്തിലും പണം തട്ടലിലും അയാൾ കൂടി പങ്കാളിയാണ് എന്നാണ് പൊലീസിന്റെ വാദം.
Story highlights : Italian woman fakes 17 pregnancies to receive maternity benefits