ബബൂൺ ജാക്ക്; സിഗ്നൽമാനായി ഒമ്പത് വർഷം ട്രെയിനുകൾ നിയന്ത്രിച്ച കുരങ്ങൻ..!

February 16, 2024

പരിണാമഘട്ടങ്ങളിൽ മനുഷ്യനുമായി അടുത്തുനിൽക്കുന്ന മൃ​ഗങ്ങളാണ് കുരങ്ങൻമാർ.‌ അതുകൊണ്ടുതന്നെ മനുഷ്യർ ചെയ്യുന്ന പല കാര്യങ്ങളും കുരങ്ങുകൾ അനുകരിക്കാറുണ്ട്. സർക്കസുകളിലും മറ്റു തെരുവ് കലാകാരൻമാരുമെല്ലാം കുരങ്ങുകളെ അരുമയായി വളർത്താറുണ്ട്. എന്നാൽ റെയിൽവേ സി​ഗ്നൽമാൻ ആയിട്ട് ഒരു കുരങ്ങൻ ജോലി ചെയ്തിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..? എന്നാൽ 1800-ന്റെ അവസാന കാലങ്ങളിൽ ബബൂൺ വിഭാ​ഗത്തിൽപെട്ട ഒരു കുരങ്ങാണ് റെയിൽവേ സിഗ്നലനുസരിച്ച് ട്രെയിനുകൾക്ക് ട്രാക്ക് മാറ്റിക്കൊടുക്കുക എന്ന ഉത്തരവാദിത്തമേറിയ ജോലി ചെയ്തിരുന്നത്. ( Jack the Baboon Who Became a Railway Signalman )

19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ ദക്ഷിണാഫ്രിക്കയിലെ യുറ്റെൻഹേജ് പട്ടണത്തിൽ റെയിൽവേ സിഗ്നൽമാൻ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ജെയിംസ് വൈഡ്. ഒരിക്കൽ ‍ജെയിംസ് ചന്തയിൽ പോയപ്പോൾ കൈവണ്ടി ഉന്തിനീക്കുന്ന ഒരു ബബൂൺ വിഭാ​ഗത്തിൽപെട്ട കുരങ്ങിനെ കണ്ടു. ഈ ബബൂണിന്റെ ജോലി വൈ​ദ​ഗ്ധ്യം മനസിലാക്കിയ ജെയിംസ് അതിനെ വാങ്ങി ജാക്ക് എന്ന പേരും നൽകി.

1880-കളിൽ സംഭവിച്ച ഒരു അപകടത്തിൽ ഇരുകാലുകളും നഷ്ടമായ ഒരാളായിരുന്നു ജെയിംസ് വൈഡ്. അപകടത്തിന് പിന്നാലെ കൃത്രിമക്കാലുകളുമായിട്ടാണ് അദ്ദേഹം ജീവിച്ചിരുന്നത്. ഈ പ്രതിസന്ധികൾക്കിടയിൽ തനിക്കൊരു സഹായിയായിട്ടാണ് ജെയിംസ് ഈ ബബൂണിനെ കൂടെക്കൂട്ടി ചിട്ടയായ പരിശീലനം നൽകിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ചെറിയരീതിയിലുള്ള വീട്ടുജോലികൾ ജാക്ക് ചെയ്യാൻ തുടങ്ങി. ജെയിംസിനെ സൂക്ഷ്മമായി നിരീക്ഷിച്ച ജാക്ക് പെട്ടെന്ന് ജോലികൾ പഠിക്കുകയും അത് ചെയ്യാനും തുടങ്ങുകായിരുന്നു.

അതിന്റെ തുടർച്ചയായി ജെയിംസിൻ്റെ ഫലപ്രദമായ പരിശീലനത്തിലൂടെ ജാക്ക് സിഗ്നലിങ് ജോലിയിലും പ്രാവീണ്യം നേടി. ട്രെയിനുകൾ പുറപ്പെടുവിക്കുന്ന ശബ്ദം പിടിച്ചെടുത്ത് അതിനനുസരിച്ച് ട്രാക്ക് മാറ്റിക്കൊടുക്കുകയായിരുന്നു സിഗ്നൽമാന്റെ ജോലി. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ലിവറുകൾ മാറ്റിയായിരുന്നു ട്രാക്ക് അനുവദിക്കേണ്ടത്. ഈ ജോലി ജാക്ക് മികവോടെ ചെയ്യാൻ തുടങ്ങിയതോ‌ടെ ജെയിംസിന് കൂടുതൽ സമയം വിശ്രമിക്കാനായി.

ജെയിംസും ജാക്കും ചേർന്ന് സിഗ്നലിങ് ജോലി തുടർന്നുപോയി. ഒരിക്കൽ ലിവർ മാറ്റുന്ന ജാക്കിനെ ശ്രദ്ധയിൽപെട്ട ഒരു യാത്രക്കാരൻ ഇക്കാര്യം അധികൃതരെ വിവരം അറിയിച്ചു. ഇതോടെ അന്വേഷണം പ്രഖ്യാപിച്ച റെയിൽവേ, ജെയിംസിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിന് പകരം ബബൂണിന്റെ കഴിവിനെ വിലയിരുത്തുകയായിരുന്നു. ഈ ജോലിയിൽ ജാക്കിന്റെ നൈപുണ്യം ബോധ്യപ്പെട്ട റെയിൽവേ അധികൃതർ ജാക്കിനെ ജോലിക്കാരനായി നിയമിക്കുകയായിരുന്നു.

Read Also : ‘വിലമതിക്കാനാകാത്ത സൗഹൃദം’; വയോധികയ്ക്ക് അവസാന നാളുകളിൽ തുണയായത് അയൽവാസി!

ദിവസം 20 സെന്റുകൾ ശമ്പളവും പ്രഖ്യാപിച്ചിരുന്നു. 1881 മുതൽ 1890 വരെ ഒമ്പത് വർഷം ജാക്ക് ദക്ഷിണാഫ്രിക്കൻ റെയിൽവേയിൽ ജോലി ചെയ്തു. യാതൊരുവിധ തെറ്റുകളും ജാക്ക് തന്റെ ജോലിയിൽ വരുത്തിയിരുന്നില്ല. 1890-ൽ ക്ഷയരോ​ഗം ബാധിച്ചാണ് ജാക്ക് മരണപ്പെട്ടത്.

Story highlights : Jack the Baboon Who Became a Railway Signalman